/indian-express-malayalam/media/media_files/uploads/2023/02/PMA-Salam.jpg)
ഫയൽ ചിത്രം
കോഴിക്കോട്: പലസ്തീൻ റാലിയിലേക്കുള്ള സിപിഎം ക്ഷണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെ വിമർശിക്കുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. സിപിഎമ്മുമായി പരിപാടികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ച നിലപാട് എല്ലാവർക്കും ബാധകമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം.
സിപിഎം നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ലെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയമാണെന്നും പിഎംഎ സലാം പറഞ്ഞു. "അത് യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ല. സിപിഎം ഇന്നലെ അവരുടെ പലസ്തീൻ റാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചു. ഔദ്യോഗികമായ ക്ഷണമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്. അക്കാര്യത്തിൽ എന്ത് തീരുമാനമെടുക്കണമെന്ന് നാളെ പാർട്ടി നേതാക്കന്മാർ കൂടിച്ചേർന്ന് തീരുമാനിക്കും.
നാളെ ഉച്ചയ്ക്ക് കോഴിക്കോട് ഓഫീസിൽ ഇതിനായി നേതാക്കൾ യോഗം ചേരും. ഇ ടി ബഹുമാന്യനായ നേതാവാണ്. അദ്ദേഹത്തിന്റേത് വ്യക്തിപരമായ നിലപാടാണ്. അക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. പാർട്ടിയിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടെന്നും അത് നാളെ ചർച്ച ചെയ്ത് തീരുമാനിക്കും," പിഎംഎ സലാം പറഞ്ഞു.
സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നാണ് ഇ ടി മുഹമ്മദ് ബഷീർ കഴിഞ്ഞ ദിവസം പറഞ്ഞത്. "പലസ്തീൻ വിഷയത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണ്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയായിരുന്നു. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക മത വിഭാഗത്തിനെതിരെ വിദ്വേഷ പ്രചരണം പാടില്ല. പ്രതി പിടിയിലായത് നന്നായി, ഇല്ലെങ്കിൽ അവിടെ ഒരു മുസ്ലിം വിരുദ്ധ സാഹചര്യം ഉണ്ടായേനെ. ജാതി സെൻസസില്‍ കോൺഗ്രസിന്റെ നിലപാടിനോടൊപ്പമാണ് മുസ്ലിം ലീഗ്," എന്നാണ് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞത്.
കോഴിക്കോട് സരോവരം ട്രേഡ് സെന്‍ററിൽ ഈ മാസം 11നാണ് സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റാലിയിലേക്ക് രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരെയും സംഘടനകളേയും ക്ഷണിച്ചിട്ടുണ്ട്.
Check out More Kerala News Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.