/indian-express-malayalam/media/media_files/uploads/2019/07/Jacob-Thomas-IPS.jpg)
തിരുവനന്തപുരം: മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ് അടക്കം 18 മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. 11 ഐപിഎസ് ഉദ്യോഗസ്ഥരും ഏഴ് മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമാണ് നാളെ പടിയിറങ്ങുക. വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് സൂം വീഡിയോ കോണ്‍ഫറന്‍സ് വഴി യാത്രയയപ്പ് നൽകി. ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അധ്യക്ഷത വഹിച്ചു.
നിലവിൽ ഷൊർണൂരിലെ മെറ്റൽ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ജേക്കബ് തോമസ്. ഡിജിപിയും ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ് ഡയറക്ടര്‍ ജനറലുമായ എ ഹേമചന്ദ്രൻ മുൻ ഫുട്ബോൾ താരം യു ഷറഫലി എന്നിവരും നാളെ വിരമിക്കും.
ജേക്കബ് തോമസിനും ഹേമചന്ദ്രനും പുറമേ പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പൽ എ വിജയന്‍, തൃശൂര്‍ റൂറൽ ജില്ലാ പോലീസ് മേധാവി കെ.പി വിജയകുമാരന്‍, അഡീഷണൽ എക്‌സൈസ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയേൽ , കണ്‍സ്യൂമര്‍ഫെഡ് എം.ഡി വി.എം മുഹമ്മദ് റഫിക്ക്, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് തൃശൂര്‍ റെയ്ഞ്ച് എസ്.പി കെ.എം ആന്റണി, ഭീകരവിരുദ്ധ സേന എസ്.പി കെ.ബി വേണുഗോപാൽ , എസ്.എ.പി കമാണ്ടന്റ് കെ.എസ് വിമൽ , സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പി ജെ.സുകുമാര പിള്ള, ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് എന്നീ ഐ.പി.എസ് ഓഫീസര്‍മാരാണ് വിരമിക്കുന്ന മറ്റ് ഐപിഎസ് ഉദ്യോഗസ്ഥർ.
Read More: സംസ്ഥാനത്ത് ഡിജിപി സ്ഥാനത്തെത്തുന്ന ആദ്യ വനിതയായി ആർ ശ്രീലേഖ ഐപിഎസ്
ക്രൈംബ്രാഞ്ച് എസ്.പി എന്‍. അബ്ദുള്‍ റഷീദ്, കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ബി രവി, കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ റെജി ജേക്കബ്, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ എസ്.പി വി.എം സന്ദീപ്, കെ.എസ്.ഇ.ബി വിജിലന്‍സ് ഓഫീസര്‍ ആര്‍. സുനീഷ് കുമാര്‍, റാപ്പിഡ് റെസ്‌പോണ്‍സ് ആന്റ് റെസ്‌ക്യൂ ഫോഴ്‌സ് കമാണ്ടന്റ് യു.ഷറഫലി, തിരുവനന്തപുരം സിറ്റി എ.ആര്‍ കമാണ്ടന്റ് പി.ബി സുരേഷ് കുമാര്‍ എന്നിവരാണ് മറ്റ് ഉദ്യോഗസ്ഥർ. പോലീസ് ആസ്ഥാനത്തെ മാനേജര്‍ എസ്. രാജുവും ഇന്ന് വിരമിക്കും.
2019 ഒക്ടോബറിലാണ് ജേക്കബ് തോമസ് മെറ്റൽ ഇൻഡസ്ട്രീസ് തലപ്പത്ത് നിയമിതനാവുന്നത്. നിയമനത്തോട് തുടക്കത്തിൽ തന്നെ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പുതിയ നിയമനം ലഭിച്ച ഉടൻ, താൻ ഇരുമ്പ് ഉണ്ടാക്കാൻ പഠിച്ചിട്ടില്ലെന്നായിരുന്നു ജേക്കബ് തോമസ് അഭിപ്രായപ്പെട്ടത്. ഒരു ഡിജിപിയുടെ പണി ഇരുമ്പ് ഉണ്ടാക്കലാണ് എന്നത് സര്‍ക്കാരിന്റെ തീരുമാനമാണല്ലോ, ഡിജിപി റാങ്കിലുള്ള ഒരാള്‍ ഇടപെടേണ്ട ക്രമസമാധാന പ്രശ്നം ഇരുമ്പുണ്ടാക്കുന്നിടത്ത് ഉണ്ടോയെന്ന് അറിയില്ലെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.
Read More: അനധികൃത സ്വത്ത് സമ്പാദന കേസ്: ജേക്കബ് തോമസിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
രണ്ടുവർഷത്തെ സസ്പെൻഷനു ശേഷമായിരുന്നു മെറ്റൽ ഇന്‍ഡസ്ട്രീസ് വഴി ജേക്കബ് തോമസ് സർവീസിൽ തിരിച്ചെത്തിയത്. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരമായിരുന്നു നടപടി. പൊലീസ് സേനയിലേക്ക് തിരിച്ചെടുക്കണമെന്നാണ് ജേക്കബ് തോമസ് നേരത്തെ ആവശ്യപ്പെട്ടതെങ്കിലും മറ്റൊരു ചുമതലയിൽ നിയമിക്കുകയായിരുന്നു. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലായിരുന്നു ജേക്കബ് തോമസിനെ ആദ്യം സസ്‌പെന്‍ഡ് ചെയ്തത്.
അനുമതി ഇല്ലാതെ പുസ്തകമെഴുതി, ഡ്രഡ്ജര്‍ അഴിമതി തുടങ്ങിയവ ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. വിആര്‍എസ് ആവശ്യപ്പെട്ട് സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണെന്നായിരുന്നു ജേക്കബ് തോമസ് ട്രിബ്യൂണൽ മുമ്പാകെ ഉന്നയിച്ച വാദം. ജേക്കബ് തോമസിന്റെ ആത്മകഥയായ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' ഏറെ വിവാദമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.