തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിപി സ്ഥാനത്തെത്തുന്ന ആദ്യ വനിതയായി ആർ ശ്രീലേഖ ഐപിഎസ്. കേരള ഫയർ ആൻഡ് റസ്ക്യൂ ഫോഴ്സ് ഡിജിപിയായാണ് ആർ ശ്രീലേഖ ചുമതലയേൽക്കുന്നത്. സംസ്ഥാനത്തെ ഐഎസ് ഉദ്യോഗസ്ഥരുടെ പുനർ വിന്യാസത്തിന്റെ ഭാഗമായാണ് ആർ ശ്രീലേഖ ഫയർ ഫോഴ്സ് മേധാവിയാവുന്നത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. രണ്ടുവർഷം മുൻപ് തന്നെ ആർ ശ്രീലേഖയ്ക്ക് ഡിജിപി പദവി നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്ത് നാലിൽ കൂടുതൽ ഡിജിപിമാർക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയില്ല.

എ ഹേമചന്ദ്രൻ ഐപിഎസിന് പകരമാണ് ആർ ശ്രീലേഖ ഫയർ ആൻഡ് റസ്ക്യൂ ഫോഴ്സ് തലപ്പത്തെത്തുന്നത്. എഡിജിപി എം ആർ അജിത് കുമാറാണ് പുതിയ ഗതാഗത കമ്മീഷണറാവുക.

ഈ വർഷം ഡിസംബറിലാണ് ശ്രീലേഖ വിരമിക്കുക. നിലവിൽ ഗതാഗത കമ്മീഷണറാണ്.  1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ.ശ്രീലേഖ.

Read More: ഡോ. ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ആഭ്യന്തര- വിജിലന്‍സ് സെക്രട്ടറി ബിശ്വാസ് മേഹ്‌തയെ നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് മേയ് 31ന് വിരമിക്കുന്ന മുറയ്ക്ക് ബിശ്വാസ് മേഹ്‌ത അടുത്ത ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കും.

ഇപ്പോള്‍ സംസ്ഥാനത്തുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജസ്ഥാന്‍ സ്വദേശിയായ ബിശ്വാസ് മേഹ്ത. 1986 ബാച്ചുകാരനായ ബിശ്വാസ് മേത്തയ്ക്ക് അടുത്ത ഫെബ്രുവരി 19 വരെ സര്‍വീസുണ്ട്. ഇദ്ദേഹത്തേക്കാള്‍ സീനിയറായ മൂന്നു കേരള കേഡര്‍ ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇവര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഇതിനാല്‍ ബിശ്വാസ് മേഹ്‌തയ്ക്കു മുന്‍തൂക്കമായി. ആഭ്യന്തര സെക്രട്ടറി എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധവുമുണ്ട്.

സംസ്ഥാനത്തെ ജില്ലാ കലക്ടർമാരെയും മാറ്റിയിട്ടുണ്ട്.  തിരുവനന്തപുരം കലക്ടറായ കെ ഗോപാലകൃഷ്ണനെ മലപ്പുറത്തേക്കും, ആലപ്പുഴ കലക്ടർ എം അഞ്ജനയെ കോട്ടയത്തേക്കും മാറ്റി. നവജോത് ഘോസിനെ തിരുവനന്തപുരത്തും കെ.അലക്സാണ്ടറെ ആലപ്പുഴയിലും കലക്ടറായി നിയമിച്ചു.

ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ടോം ജോസിന് വിരമിച്ചതിന് ശേഷം ഉന്നത തസ്തികയില്‍ പുനര്‍നിയമനം നല്‍കിയേക്കുമെന്നാണു സൂചന. ലോകബാങ്കിന്റെ ഫണ്ട്‌ ഉപയോഗിച്ചുള്ള റീബില്‍ഡ് കേരളയുടെ തലപ്പത്ത് പരിഗണിക്കപ്പെടാനാണു സാധ്യത. കോവിഡ് പ്രതിരോധത്തിന്റെ ഏകോപന ചുമതലയുള്ള തസ്തികയും പരിഗണനയിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.