/indian-express-malayalam/media/media_files/uploads/2020/04/Covid-Corona-lockdown.jpg)
കുമളി: റെഡ് സോണായി പ്രഖ്യാപിച്ച ഇടുക്കി ജില്ലയില്‍ നിരീക്ഷണം ശക്തമാക്കിയതോടെ തമിഴ്‌നാട്ടില്‍നിന്ന് അതിര്‍ത്തി കടന്ന് എത്തുന്നവരുടെ എണ്ണത്തില്‍ കുറവ്. പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കളുമായി എത്തുന്ന ലോറികള്‍ മാത്രമാണു കടത്തിവിടുന്നത്. ലോറികള്‍ കര്‍ശനപരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.
ഒരു ഘട്ടത്തില്‍ കോവിഡ്-19 ബാധിച്ച് ഒരാള്‍ പോലും ചികിത്സയിലില്ലായിരുന്ന ജില്ലയാണ് ഇടുക്കി. ഏപ്രിൽ 25 മുതൽ രണ്ട് ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചതോടെ ഗ്രീണ്‍ സോണില്‍നിന്ന് ഓറഞ്ചിലേക്കും ഒടുവില്‍ റെഡ് സോണിലേക്കും ജില്ലയെ മാറ്റുകയായിരുന്നു. നിലവില്‍ സംസ്ഥാനത്തു കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാമതാണ് ഇടുക്കി.
അയല്‍സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ് ഇടുക്കിയിലെ ഭൂരിഭാഗം കോവിഡ് ബാധിതരും. തമിഴ്‌നാട്ടില്‍നിന്ന് ജില്ലയിലേക്ക് ആളുകള്‍ പ്രവേശിക്കുന്നു നേരത്തെ തന്നെ അതിര്‍ത്തിയിലും കാനനപാതകളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈ പ്രതിരോധമെല്ലാം നിലനിൽക്കെ തന്നെയാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്.
Also Read: കോവിഡ്-19: കാസർഗോഡ് ജില്ലാ കലക്ടർ ക്വാറന്റൈനിൽ
അതേസമയം, ഇടുക്കിയില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ പ്രതീക്ഷിക്കുന്നില്ലെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍. പ്രിയ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. ''സമൂഹ വ്യാപനത്തിലേക്ക് ഇതുവരെ ജില്ല പോയിട്ടില്ല. ഭയപ്പെടേണ്ട കാര്യമില്ല. മുന്‍കരുതലുകള്‍ പാലിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നുണ്ട്,'' ഡിഎംഒ പറഞ്ഞു.
''ആരോഗ്യ വകുപ്പ് അതിര്‍ത്തി കേന്ദ്രീകരിച്ച്, പൊലീസ്, റവന്യു വിഭാഗങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിര്‍ത്തി കടന്നെത്തുന്നവരെ മടക്കിയയ്ക്കാതെ ക്വാറന്റൈന്‍ ചെയ്ത് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കു വിടുകയാണ്. അതിനാലാണു ജില്ലയില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്,'' ഡിഎംഒ പറഞ്ഞു.
Also Read: കോവിഡ്-19: മടങ്ങുന്ന പ്രവാസികളെ കൃഷിയിലേക്ക് ആകര്‍ഷിക്കും; മേഖലയ്ക്ക് 3000 കോടി രൂപ
കുമളിയുള്‍പ്പടെയുള്ള പ്രദേശങ്ങളിലാണു നിലവില്‍ കനത്ത ജാഗ്രത തുടരുന്നത്. രണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങള്‍ കുമളി ചെക്ക്‌പോസ്റ്റിലും കാനന പാതയിലും നിരീക്ഷണം നടത്തുന്നതായി തഹസില്‍ദാര്‍ എം.കെ ഷാജി പറഞ്ഞു.
അതിര്‍ത്തി ചെക്ക് പോസ്റ്റുകളോട് ചേര്‍ന്ന് അനവധി ഐസൊലേഷന്‍ സെന്ററുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. അതിര്‍ത്തിയിലൂടെ എത്തുന്നവരെ ഇവിടങ്ങളിലാണു ക്വാറന്റൈന്‍ ചെയ്യുന്നത്. പരിശോധനാ ഫലം പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിലേക്കു മാറ്റും. ഫലം നെഗറ്റീവാണെങ്കില്‍ വീടുകളില്‍ ഐസോലെഷന്‍ സാധ്യമാകുമെങ്കില്‍ അതിനും അനുവദിക്കും.
കുമളിയില്‍ മാത്രം 97 പേരാണ് വിവിധ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ക്വാറന്റൈനിലുള്ളത്. ഇവര്‍ക്കായുള്ള എല്ലാ സൗകര്യങ്ങളും പഞ്ചായത്ത് നല്‍കി വരുന്നുണ്ടെന്നു പ്രസിഡന്റ് ഷീബ സുരേഷ് പറഞ്ഞു. കുമളിയില്‍ സ്വകാര്യ റിസോര്‍ട്ടുകള്‍ ഐസൊലേഷന്‍ സെന്ററുകളാക്കി മാറ്റാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. നിലിവില്‍ ഹോളിഡേ ഹോം, ശിക്ഷക് സദന്‍, ഡിടിപിസി സെന്റര്‍ ഉള്‍പ്പടെ മൂന്ന് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ ആളുകള്‍ എത്തിയാല്‍ ക്വാറന്റൈന്‍ ചെയ്യാന്‍ രണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ ഇതിനോടകം തയാറാക്കിയിട്ടുണ്ടെന്നു പീരുമേട് തഹസില്‍ദാര്‍ പറഞ്ഞു.
Also Read: തുപ്പല്ലേ തോറ്റുപോകും, ബ്രേക്ക് ദ ചെയ്ന്‍ രണ്ടാംഘട്ടത്തില്‍ നിങ്ങള്‍ ചെയ്യേണ്ട 10 കാര്യങ്ങള്‍
കുമളിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ക്കു 26നു രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, ഐസൊലേഷന്‍ കേന്ദ്രങ്ങളിലുള്ളവരുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്ന വോളന്റിയര്‍മാരില്‍ ചിലര്‍ക്കു സേവനത്തില്‍നിന്നു പിന്മാറേണ്ട സാഹചര്യമുണ്ടായി. വീടുകളിലും അയല്‍വാസികളുടെ ഇടയിലുമുണ്ടാകുന്ന ഭീതിയാണ് ഇരുപത് വോളന്റിയര്‍മാരില്‍ ഏഴു പേര്‍ പിന്മാറാന്‍ ഇടയാ്ക്കിയത്.
ചൊവ്വാഴ്ച ഒരു ജനപ്രതിനിധി ഉള്‍പ്പടെ മൂന്നു പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് ഇടമില്ലെന്നു ഡിഎംഒ പറഞ്ഞു. നിരീക്ഷണത്തിന്റെ ഭാഗമായി ഒറ്റ ദിവസം തന്നെ 200 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കേണ്ടി വന്നതായും അതില്‍പ്പെട്ടവരാണിതെന്നും ഡിഎംഒ വ്യക്തമാക്കി. സ്ഥിരീകരണം വരാന്‍ സാധ്യതയുള്ള ആളുകള്‍ എന്ന നിലയിലാണ് ഇത് റിപ്പോര്‍ട്ട് താമസിപ്പിക്കാതെ പുറത്തുവിട്ടത്. എന്നാല്‍ ഇങ്ങനത്തെ കേസുകളായതിനാലാകാം അഡീഷണല്‍ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചതെന്നും ഡിഎംഒ വ്യക്തമാക്കി.
/indian-express-malayalam/media/media_files/uploads/2020/04/Covid-Corona.jpg)
പൊലീസിന്റെ നേതൃത്വത്തില്‍ കനത്ത നിരീക്ഷണമാണു ജില്ലയില്‍ നടക്കുന്നത്. രണ്ടു തരത്തിലാണ് പൊലീസിന്റെ ഉത്തരവാദിത്വം ജില്ലയില്‍, പ്രത്യേകിച്ച് അതിര്‍ത്തി മേഖലയില്‍ നടക്കുന്നത്. ഒന്ന് അതിര്‍ത്തിയിലെ പരിശോധന, രണ്ട് റെഡ് സോണ്‍ നിയന്ത്രണങ്ങള്‍. കുമളി ചെക്ക്‌പോസ്റ്റില്‍ തന്നെ രണ്ട്, മൂന്ന് ചെക്ക് പോയിന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെര്‍ ജയപ്രകാശ് പറഞ്ഞു. ഇതിനാല്‍ ലോറികളിലൂടെ പോലും ആളുകള്‍ക്ക് ഒളിച്ചുകടക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിരീക്ഷണത്തിനു കാലാവസ്ഥ തടസമാകുന്നതായി പൊലീസ് പറയുന്നു. കോടമഞ്ഞുള്ളതിനാല്‍ രാത്രിയും അതിരാവിലെയും നിരീക്ഷണം വെല്ലുവിളിയാണ്. ഇതിനു പരിഹാരമായി പ്രദേശവാസികളെ ഉള്‍പ്പെടുത്തി ഇത്തരം റോഡുകളില്‍ 24 മണിക്കൂറും ജാഗ്രത പുലര്‍ത്തുന്നുണ്ട്.
ജില്ലയിലെ ഹോട്ട്‌സ്പോട്ടുകളും അല്ലാത്തതുമായി ചെറിയ ടൗണുകളിലെ പോക്കറ്റ് റോഡുകളും അടച്ചിട്ടാണു പ്രതിരോധം ശക്തമാക്കുന്നത്. ഇത് പ്രദേശവാസികള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതു തടയാന്‍ സഹായിക്കുന്നു. അതുപോലെ ടൗണിലേക്കു വരുന്നവര്‍ക്കു പൊലീസ് ചെക്ക് പോയിന്റ് ഒഴിവാക്കാന്‍ കഴിയില്ല.
ആളുകള്‍ ഇടുക്കിയിലേക്കു പ്രവേശിക്കുന്നതു തടയാനും കൂട്ടം കൂടുന്നത് ഒഴിവാക്കാനും ജില്ലയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ 23 വാര്‍ഡുകളില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ഈ വര്‍ഡുകളില്‍ ഏപ്രില്‍ 21 വരെയായിരുന്നു 144 പ്രഖ്യാപിച്ചത്. സാഹചര്യം ഗുരുതരമാകാനുള്ള സാധ്യത മുന്നില്‍ കണ്ട് ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മേയ് മൂന്ന് വരെ നിരോധനാജ്ഞ നീട്ടുകയായിരുന്നു.
മേയ് മൂന്നിനു ശേഷം കൂടുതല്‍ ആളുകള്‍ ജില്ലയിലെത്താന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലില്‍ ആശ പ്രവര്‍ത്തകരെയുള്‍പ്പടെ ഇതിനായി സജ്ജരാക്കി കഴിഞ്ഞു. എല്ലാ വീടുകളിലും മാസ്‌ക് വിതരണമുള്‍പ്പടെയുള്ള കാര്യങ്ങളാണ് ആശ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. ഇതോടൊപ്പം മഴക്കാലം അടുക്കുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി മുതലായ രോഗങ്ങളുടെ ബോധവല്‍ക്കരണവും നടക്കുന്നുണ്ട്.
കഴിഞ്ഞ രണ്ട് ദിവസവും ജില്ലയിൽ പുതിയതായി കോവിഡ്-19 കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലായെന്നതും താൽക്കാലികമായെങ്കിലും ആശ്വാസം നൽകുന്നു. ഇടുക്കിയിൽ 14 പേരാണ് കോവിഡ്-19 ബാധിച്ച് ചികിത്സയിൽ കഴിയുന്നതും. 1584 പേരാണ് വീടുകളിലും ആശുപത്രികളിലുമായി നിലവിൽ നിരീക്ഷണത്തിലുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us