കാസർഗോഡ്: കാസർഗോഡ് ജില്ലാ കലക്ടർ ഡോക്ടർ ഡി സജിത്ത് ബാബുവിനെ ക്വാറന്റൈനിലേക്ക് മാറ്റി. ജില്ലയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ച ദൃശ്യമാധ്യമ പ്രവർത്തകനുമായി കലക്ടർ സമ്പർക്കം പുലർത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ക്വാറന്റൈനിലേക്ക് മാറ്റിയത്.

കലക്ടർക്ക് രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായി ക്വാറന്റൈൻ നിർദേശിക്കുകയായിരുന്നെന്ന് കാസർഗോഡ് ഡിഎംഒ ഡോ എവി രാംദാസ് ഇന്ത്യൻ എക്സ്പ്രസ്സ്‌ മലയാളത്തോട് പറഞ്ഞു. കോവിഡ് ബാധിച്ച മാധ്യമപ്രവർത്തകൻ കഴിഞ്ഞ ഞായറാഴ്ച കലക്ടറുമായി അഭിമുഖം നടത്തിയിരുന്നു.

Read More: നിയന്ത്രണം വിജയം കാണുന്നു; ഇടുക്കിയില്‍ അതിര്‍ത്തി കടന്നെത്തുവന്നരുടെ എണ്ണത്തില്‍ കുറവ്

മാധ്യമപ്രവർത്തകന്റെ സമ്പർക്കപ്പട്ടികയിലുള്ളതായി ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് കലക്ടർ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടുകയും തുടർന്ന് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കുകയുമായിരുന്നു. കലക്ടറുമായി ആർക്കെങ്കിലും സമ്പർക്കം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്ന് ഡിഎംഒ അറിയിച്ചു.

കളക്ടറുടെ ശ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കളക്ടറുടെ ഗൺമാൻ, ഡ്രൈവർ എന്നിവരെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. മാധ്യമപ്രവർത്തകനടക്കം രണ്ട് പേർക്കാണ് ഇന്ന് കാസർഗോട്ട് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 14 പേരാണ് കോവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.

Read More: മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് മടങ്ങാന്‍ അനുമതി; നിബന്ധനകള്‍ ഇവയാണ്‌

സംസ്ഥാനത്ത് ഒരു സമയത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള ജില്ലയായിരുന്നു കാസർഗോഡ്. നിലവിൽ സംസ്ഥാനത്ത ആറ് കോവിഡ് റെഡ് സോണുകളിലൊന്നും കാസർഗോഡാണ്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, ഇടുക്കി എന്നിവയാണ് മറ്റു റെഡ് സോൺ ജില്ലകൾ.

കാസർഗോഡ് ജില്ലയിലെ അജനൂറിനെ ഇന്ന് സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ പട്ടികയിലുൾപ്പെടുത്തിയിരുന്നു. അജാനൂരിന് പുറമെ ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറാണ് ഇന്ന് ഹോട്ട് സ്പോട്ട് പട്ടികയിലുൾപ്പെടുത്തിയ മറ്റൊരു പഞ്ചായത്ത്. ആകെ  102 ഹോട്ട്‌സ്‌പോട്ടുകളാണ് കേരളത്തിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook