തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന ബ്രേക്ക് ദ ചെയിന്‍ പ്രചാരണത്തിന്റെ രണ്ടാംഘട്ടം നടപ്പിലാക്കുന്നു. തുപ്പല്ലേ തോറ്റുപോകും എന്ന പേരിലാണ് പ്രചാരണം നടത്തുന്നത്.
മാസ്‌ക് ഉപയോഗിച്ചില്ലെങ്കില്‍ പിഴ ഈടാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് രണ്ടാംഘട്ടം നടത്തുന്നത്.
കോവിഡ്-19നെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ജാഗ്രത തുടരേണ്ടതുണ്ടെന്നും ഒരു തരത്തിലുമുള്ള കരുതലും കുറയാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഇത് മുന്നില്‍ക്കണ്ടാണ് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ട കാമ്പയിന് രൂപം നല്‍കിയിരിക്കുന്നത്,” പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരെ ശക്തമായ ബോധവത്ക്കരണമുണ്ടാക്കാന്‍ ‘തുപ്പല്ലേ തോറ്റുപോകും’ എന്ന സന്ദേശം നല്‍കുന്നതാണ് പ്രചാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read Also: കേരളത്തിൽ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് പത്ത് പേർക്ക്; രോഗബാധിതരിൽ മാധ്യമപ്രവർത്തകനും
പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കേണ്ട 10 കാര്യങ്ങളും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
1. സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക.
2. മാസ്‌ക് ഉപയോഗിച്ച് മുഖം മറയ്ക്കുക.
3. സാമൂഹിക അകലം പാലിക്കുക.
4. മാസ്‌ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന വസ്തുക്കള്‍ വലിച്ചെറിയരുത്.
5. പരമാവധി യാത്രകള്‍ ഒഴിവാക്കുക.
6. വയോധികരും കുട്ടികളും ഗര്‍ഭിണികളും രോഗികളും വീട് വിട്ട് പുറത്തിറങ്ങരുത്.
7. കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങള്‍ തൊടരുത്.
8. പൊതുഇടങ്ങളില്‍ തുപ്പരുത്.
9. പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യം നിലനിര്‍ത്തുക.
10. ചുമയ്ക്കുമ്പോള്‍ തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചു പിടിക്കുക.
ഒരു മാസം മുമ്പ് ആരംഭിച്ച ബ്രേക്ക് ദി ചെയിനിന്റെ ആദ്യഘട്ടം വിജയകരമായിയെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. കേരളത്തില്‍ കോവിഡ് വ്യാപനം തടഞ്ഞു നിര്‍ത്തുന്നതില്‍ ഈ പ്രചാരണത്തിന് പങ്കുണ്ടായിരുന്നു.