/indian-express-malayalam/media/media_files/uploads/2021/02/E-Sreedharan-1.jpg)
തിരുവനന്തപുരം: കടുത്ത സസ്യാഹാരിയാണെന്ന് താനെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴാണ് ശ്രീധരന്റെ പ്രതികരണം. ''വ്യക്തിപരമായി ഞാൻ കടുത്ത സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല," ശ്രീധരൻ പറഞ്ഞു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീധരൻ ഇക്കാര്യങ്ങൾ പറഞ്ഞത്. കേരളത്തിലെ വിവിധ വിഷയങ്ങളെ കുറിച്ച് ശ്രീധരൻ സംസാരിച്ചു.
കേരളത്തിൽ ലവ് ജിഹാദുണ്ടെന്നും അതിന് താൻ എതിരാണെന്നും ശ്രീധരൻ പറഞ്ഞു. കേരളത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ ചെപ്പടിവിദ്യയിലൂടെ വശത്താക്കി വിവാഹത്തിലേക്കെത്തിക്കുന്ന തരത്തില്‍ ലവ് ജിഹാദുണ്ടെന്നാണ് മെട്രോമാന്റെ അഭിപ്രായം. ഹിന്ദുക്കൾക്കിടയിൽ മാത്രമല്ല മുസ്‌ലിങ്ങൾക്കിടയിലും ക്രിസ്‌ത്യാനികൾക്കിടയിലും വിവാഹത്തിലൂടെ പെൺകുട്ടികളെ വശത്താക്കുന്ന രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also: ഫോൺ നമ്പർ നൽകാൻ പെൺകുട്ടി വിസമ്മതിച്ചു, കീടനാശിനി വെള്ളത്തിൽ ചേർത്തു നൽകി
ബിജെപി വർഗീയ പാർട്ടിയാണെന്ന വിമർശനങ്ങളെ ശ്രീധരൻ എതിർത്തു. "ബിജെപി ഒരിക്കലും ഒരു വർഗീയ പാർട്ടിയല്ല. എനിക്ക് അവരുമായുള്ള അടുപ്പത്തിന്റെ പേരിലല്ല അത് പറയുന്നത്. മറിച്ച് ഒട്ടേറെ രാജ്യസ്‌നേഹികളുടെ കൂട്ടായ്‌മയാണ് ബിജെപി. എല്ലാ പാർട്ടികളെയും കൂട്ടായ്‌മകളെയും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അങ്ങനെയാണ്. അദ്ദേഹം ഏതെങ്കിലും ഒരു മതത്തെ ആക്രമിച്ച് സംസാരിക്കുന്നത് ഞാനിതുവരെ കേട്ടിട്ടില്ല," ശ്രീധരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശ്രീധരന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. കേരളത്തിൽ ഏകാധിപത്യ ഭരണമാണെന്നും അഴിമതിയില്‍ മുങ്ങിയ ഭരണമാണെന്നും ശ്രീധരന്‍ ആരോപിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. പിണറായി ആർക്കും അധികാരം വിട്ടുകൊടുക്കില്ലെന്നും ഒരു മന്ത്രിമാർക്കും സ്വാതന്ത്ര്യം നൽകില്ലെന്നും കുറ്റപ്പെടുത്തി. പിണറായി വിജയന് മുഖ്യമന്ത്രി എന്ന നിലയിൽ പത്തിൽ മൂന്ന് മാർക്കേ താൻ നൽകൂവെന്നും ശ്രീധരൻ പറഞ്ഞിരുന്നു.
നരേന്ദ്ര മോദി സർക്കാർ എന്ത് ചെയ്‌താലും അതിനെ എതിർക്കുക എന്നത് ഒരു ഫാഷനായി മാറിയിട്ടുണ്ടെന്ന് ശ്രീധരൻ ഇന്നലെ വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിവാദ കാർഷിക നിയമങ്ങളെ ശ്രീധരൻ പിന്തുണച്ചു. രാജ്യത്ത് അസഹിഷ്‌ണുതയില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഒരു വിദേശ രാജ്യത്തോടോ മാധ്യമത്തോടോ ചേര്‍ന്ന് സ്വന്തം രാജ്യത്തെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല. രാജ്യത്ത് ഒരു തരത്തിലുമുള്ള അസഹിഷ്‌ണുതയില്ല. അസഹിഷ്‌ണുത എന്നത് ഇവിടെ ചർച്ചകളിൽ മാത്രമാണുള്ളത്. ഇത്ര ശക്തമായ നീതിന്യായ വ്യവസ്ഥ നിലവിലുള്ള രാജ്യത്ത് യാതൊരു തരത്തിലുള്ള അസഹിഷ്‌ണുതയ്‌ക്കും സ്ഥാനമില്ല. എതിർക്കുന്നവരുടെ അഭിപ്രായങ്ങളെ സർക്കാർ സ്വീകരിച്ചില്ലെങ്കിൽ അപ്പോഴേക്കും അത് അസഹിഷ്‌ണുതയാണെന്ന് പറയും,” ഇ.ശ്രീധരൻ പറഞ്ഞു.
Read Also: രോഹിത്തും ഹാർദിക്കും എന്റെ റൂമിലെത്തി, ചെലവ് വേണമെന്ന് പറഞ്ഞു; കൃഷ്‌ണപ്പ ഗൗതം
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഇ.ശ്രീധരൻ ബിജെപിയിൽ ചേരുന്ന കാര്യം അറിയിച്ചത്. വിജയ് യാത്ര വേളയിൽ അദ്ദേഹം ഔപചാരികമായി പാർട്ടി അംഗത്വമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു.
കേരളത്തിന് നീതി ഉറപ്പാക്കാൻ ബിജെപി വന്നാലേ കഴിയൂവെന്ന് ഇ ശ്രീധരൻ പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജെപി അംഗത്വമെടുക്കുന്നതിന് തീരുമാനിച്ചത്. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.