ലക്നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ ദലിത് പെൺകുട്ടികളെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉന്നാവ് ജില്ലയിലെ വിനയ് ലംബു എന്ന 28 കാരനാണ് മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്നു. കേസിൽ 15 വയസുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദലിത് പെൺകുട്ടികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
സഹോദരിമാരായ മൂന്ന് പെൺകുട്ടികൾക്ക് വെള്ളത്തിൽ കീടനാശിനി ചേർത്തു നൽകിയാണ് വിനയ് കൊലപാതകം നടത്തിയത്. ഇതിൽ ഇളയ രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ടു. 17 കാരിയായ മൂത്ത പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. 17 കാരിയായ പെൺകുട്ടിയെ ലക്ഷ്യംവച്ചാണ് വിനയ് വെള്ളത്തിൽ കീടനാശിനി കലക്കിയത്. തന്റെ നിരന്തരമായ പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചത് ഇയാളെ കോപാകുലനാക്കി. പെൺകുട്ടിയോടുള്ള വൈരാഗ്യമാണ് ദാരുണമായ കൊലയ്ക്ക് പിന്നിൽ.
13, 16, 17 എന്നീ പ്രായത്തിലുള്ള മൂന്ന് പെൺകുട്ടികൾ (ഇവർ അടുത്ത ബന്ധത്തിലുള്ള സഹോദരിമാരാണ്) പശുക്കൾക്ക് തീറ്റ തേടിയാണ് വയലിൽ പോയത്. പെൺകുട്ടികൾ വയലിലേക്ക് വരുമെന്ന് പ്രതിയായ വിനയ്ക്ക് അറിയാമായിരുന്നു. ഇവരുടെ വീടിനു അടുത്ത് തന്നെയാണ് പ്രതിയുടെയും വീട്. ലോക്ക്ഡൗൺ സമയത്ത് പെൺകുട്ടികളും പ്രതിയും തമ്മിൽ പരിചയപ്പെട്ടിരുന്നു. പെൺകുട്ടികൾ കാലികൾക്ക് തീറ്റ തേടി വയലിലേക്ക് പോകുമ്പോൾ ഇയാളെയും കാണാറുണ്ട്. പെൺകുട്ടികളുടെ കൃഷിസ്ഥലത്തിനു അടുത്ത് തന്നെയാണ് വിനയ്ക്കും കൃഷിസ്ഥലമുള്ളത്. പ്രതി കുറ്റം സമ്മതിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Read Also: പല നഗരങ്ങളിലും പെട്രോൾ വില നൂറ് കടന്നു; കേരളത്തിലും പൊള്ളുന്നു
“ഓട്ടോപ്സി റിപ്പോർട്ട് പ്രകാരം ആന്തരികമായോ ബാഹ്യമായോ പെൺകുട്ടികളിൽ മുറിവുകളൊന്നും ഇല്ല. ആക്രമിക്കപ്പെട്ടതിനു തെളിവുകളില്ല. പെൺകുട്ടികളെ മർദിച്ചിട്ടില്ലെന്ന് പ്രതിയും കുറ്റസമ്മത മൊഴിയിൽ വ്യക്തമാക്കി. 17 കാരിയുമായി വിനയ് അടുപ്പത്തിലായി. പല തവണ പെൺകുട്ടിയോട് പ്രതി ഫോൺ നമ്പർ ചോദിച്ചു. എന്നാൽ, പെൺകുട്ടി കൊടുത്തില്ല. പ്രതിക്ക് പെൺകുട്ടിയോട് ദേഷ്യമായി. നിരന്തരമായി പ്രതി പെൺകുട്ടിയെ സമീപിച്ചുകൊണ്ടിരുന്നു. തന്നെ ഇഷ്ടമാണെന്ന് പറയണമെന്ന് പെൺകുട്ടിയോട് പലപ്പോഴായി ആവശ്യപ്പെട്ടു. എന്നാൽ, പെൺകുട്ടി ഇതിനു തയ്യാറായില്ല. ഈ ദേഷ്യത്തിൽ വെള്ളത്തിൽ കീടനാശിനി കലക്കി പെൺകുട്ടിക്ക് നൽകാൻ വിനയ് തീരുമാനിക്കുകയായിരുന്നു,” അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു.
സംഭവം നടന്ന ദിവസം വയലിൽവച്ച് പെൺകുട്ടിയെ ഇയാൾ കണ്ടു. രണ്ട് സഹോദരിമാരും 17 കാരിക്ക് ഒപ്പമുണ്ടായിരുന്നു. സുഹൃത്തായ 15 കാരനോട് കടയിൽ നിന്ന് പലഹാരം വാങ്ങി വരാൻ വിനയ് ആവശ്യപ്പെട്ടു. പിന്നീട് വയലിൽവച്ച് പെൺകുട്ടികൾക്ക് ഈ പലഹാരം നൽകി. പലഹാരം കഴിക്കുന്നതിനിടെ തന്റെ കൈയിലുണ്ടായിരുന്ന വെള്ളം വിനയ് 17 കാരിക്ക് നൽകി. പെൺകുട്ടി അത് കുടിച്ചു. മറ്റ് രണ്ട് പെൺകുട്ടികളും ഈ കുപ്പി വാങ്ങി വെള്ളം കുടിക്കുകയായിരുന്നു. വെള്ളം കുടിച്ച ശേഷം പെൺകുട്ടികൾ ബോധരഹിതരായി. വിനയും കൂട്ടുപ്രതിയും ഇതുകണ്ട് പേടിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ബുധനാഴ്ച കന്നുകാലികൾക്ക് പുല്ലു തേടി പോയ മൂന്നു പെൺകുട്ടികളിൽ രണ്ടുപേരെയാണ് ഗോതമ്പ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാമത്തെ പെൺകുട്ടിയെ ബോധരഹിതയായ നിലയിലും കണ്ടെത്തി. എല്ലാവരുടെയും കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു.