രോഹിത്തും ഹാർദിക്കും എന്റെ റൂമിലെത്തി, ചെലവ് വേണമെന്ന് പറഞ്ഞു; കൃഷ്‌ണപ്പ ഗൗതം

“എന്റെ മാതാപിതാക്കൾ കരഞ്ഞു, സന്തോഷം കൊണ്ടാണ്. എന്നെ ഓർത്ത് എല്ലാവരും സന്തോഷിക്കുകയായിരുന്നു. ആ വികാരം എനിക്ക് പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല,” കൃഷ്‌ണപ്പ സംസാരിക്കുന്നു

മഹേന്ദ്ര സിങ് ധോണിക്കൊപ്പം ഐപിഎല്ലിൽ കളിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കർണാടക താരം കൃഷ്‌ണപ്പ ഗൗതം. ഐപിഎൽ താരലേലത്തിൽ 9.25 കോടി രൂപയ്‌ക്കാണ് ചെന്നൈ സൂപ്പർ കിങ്സ് കൃഷ്‌ണപ്പയെ സ്വന്തമാക്കിയത്. സ്വപ്‌നത്തിൽ പോലും ഇത്ര വലിയ തുകയ്‌ക്ക് ചെന്നൈ സൂപ്പർ കിങ്സ് തന്നെ ലേലത്തിൽ എടുക്കുമെന്ന് കൃഷ്‌ണപ്പ കരുതിയിട്ടില്ല. എന്നാൽ, ഈ നിമിഷം ഏറെ സന്തോഷം നൽകുന്നുവെന്ന് താരം പറയുന്നു.

മാതാപിതാക്കളും തന്റെ ഭാര്യയും ഈ വാർത്തയറിഞ്ഞ് സന്തോഷത്താൽ കണ്ണീരണിഞ്ഞെന്ന് കൃഷ്‌ണപ്പ പറയുന്നു. ഒരു അൺക്യാപ്‌ഡ് താരത്തിനു ലഭിക്കുന്ന ഐപിഎല്ലിലെ ഏറ്റവും ഉയർന്ന തുകയാണ് 9.25 കോടി. ഇതുവരെ 2018 ൽ മുംബൈ ഇന്ത്യൻ ക്രുനാൽ പാണ്ഡ്യക്കായി ചെലവഴിച്ച 8.8 കോടി രൂപയായിരുന്നു അൺക്യാപ്‌ഡ് താരത്തിന്റെ ഏറ്റവും ഉയർന്ന തുക.

ഞെട്ടലോടെയാണ് താൻ ലേല വാർത്ത അറിഞ്ഞതെന്ന് കൃഷ്‌ണപ്പ പറയുന്നു. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നെറ്റ് ബോളറാണ് കൃഷ്‌ണപ്പ. ഇന്ത്യൻ ടീമിനൊപ്പമാണ് അദ്ദേഹം ഇപ്പോഴുള്ളത്. ടിവിയിൽ താരലേല വാർത്ത കാണുമ്പോൾ താൻ ഏറെ ഞെട്ടിയെന്നും കൈകൾ വിറച്ചെന്നും കൃഷ്‌ണപ്പ പറയുന്നു. ഇഎസ്‌പിഎൻ ക്രിക് ഇൻഫോയോടാണ് താരം ഇക്കാര്യം പറഞ്ഞത്.

Read Also: ഫോൺ നമ്പർ നൽകാൻ പെൺകുട്ടി വിസമ്മതിച്ചു, കീടനാശിനി വെള്ളത്തിൽ ചേർത്തു നൽകി

“മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഞങ്ങൾ അഹമ്മദാബാദിലെത്തി. ഞാൻ ടിവി ഓൺ ചെയ്‌തു. അപ്പോൾ എന്റെ പേരാണ് ലേലത്തിൽ കേട്ടത്. ഓരോ നിമിഷവും എന്റെ വികാരങ്ങൾ മാറിമറിഞ്ഞു. രോഹിത് ശർമയും ഹാർദിക് പാണ്ഡ്യയും എന്റെ മുറിയുടെ വാതിലിൽ മുട്ടി. ഇരുവരും എന്നെ കെട്ടിപ്പിടിച്ചു. വലിയൊരു ചെലവ് വേണമെന്ന് അവർ ആവശ്യപ്പെട്ടു,” ഐപിഎൽ താരലേല നിമിഷങ്ങളെ കുറിച്ച് കൃഷ്‌ണപ്പ പറയുന്നു.

20 ലക്ഷം രൂപയായിരുന്നു കൃഷ്‌ണപ്പയുടെ അടിസ്ഥാനവില. ചെന്നൈ സൂപ്പർ കിങ്സിനെ കൂടാതെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സൺറൈസേഴ്‌സ് ഹൈദരബാദും കൃഷ്‌ണപ്പക്കായി രംഗത്തുണ്ടായിരുന്നു. മൂന്ന് ഐപിഎൽ സീസണുകളിൽ നിന്നായി 24 മത്സരങ്ങൾ കളിച്ച കൃഷ്‌ണപ്പ 186 റൺസും 13 വിക്കറ്റുകളുമാണ് ആകെ നേടിയിരിക്കുന്നത്. 2018 ലും 2019 ലും രാജസ്ഥാൻ റോയൽസിനു വേണ്ടിയും കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിന് വേണ്ടിയുമാണ് കൃഷ്‌ണപ്പ കളിച്ചത്.

Read Also: അർജുൻ ടെൻഡുൽക്കർ ഐപിഎല്ലിൽ കഴിവ് തെളിയിക്കണം; മുംബൈ ഇന്ത്യൻസ്

“എന്റെ മാതാപിതാക്കൾ കരഞ്ഞു, സന്തോഷം കൊണ്ടാണ്. എന്നെ ഓർത്ത് എല്ലാവരും സന്തോഷിക്കുകയായിരുന്നു. ആ വികാരം എനിക്ക് പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല. ധോണിക്കൊപ്പം കളിക്കാൻ സാധിക്കുകയെന്നത് സ്വപ്‌നസാക്ഷാത്‌കാരമാണ്. ആദ്യമായി ധോണിയെ നേരിൽ കണ്ടപ്പോൾ എന്റെ കളി കൂടുതൽ മെച്ചപ്പെടാൻ ഞാൻ എന്തെല്ലാം ചെയ്യണമെന്ന് അദ്ദേഹത്തോട് ചോദിച്ചു. ഞാൻ അദ്ദേഹത്തോട് ഇടയ്‌ക്കിടെ ചാറ്റ് ചെയ്യാറുണ്ട്. ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമാകാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ട്. കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താൻ ഞാൻ ശ്രമിക്കുന്നുണ്ട്. ഏറ്റവും മികച്ചത് ടീമിനായി നൽകാനാണ് പരിശ്രമിക്കുന്നത്. ഓരോ ദിവസവും പുതിയ അവസരങ്ങളായി കാണുന്നു,” കൃഷ്‌ണപ്പ പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Krishnappa gowtham ipl 2021 auction chennai super kings

Next Story
അർജുൻ ടെൻഡുൽക്കർ ഐപിഎല്ലിൽ കഴിവ് തെളിയിക്കണം; മുംബൈ ഇന്ത്യൻസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com