/indian-express-malayalam/media/media_files/9iBhw3YAVZzh1Az5sv05.jpg)
തിരുവനന്തപുരം സ്വദേശിയാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്ത് നടപടിയാണ് സർക്കാർ സ്വീകരിക്കാൻ പോകുന്നതെന്ന് ഹൈക്കോടതി. ഇരകളുടെ പേര് രഹസ്യമാക്കി കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ കഴിയില്ലേയെന്ന് കോടതി ചോദിച്ചു. മൊഴി നൽകിയവർക്ക് അത് പുറത്തുപറയാൻ ബുദ്ധിമുട്ടുണ്ടെന്ന് മനസിലാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂർണരൂപം മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.
റിപ്പോർട്ടിന്മേൽ ക്രിമിനൽ കേസ് എടുക്കണമെന്ന ഹർജി ഫയലിൽ സ്വീകരിച്ചു. വനിതാ കമ്മിഷനെ കോടതി സ്വമേധയാ കക്ഷി ചേർത്തു. സർക്കാർ വിശദമായ സത്യവാങ്മൂലം നൽകണമെന്നും എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിക്കണമെന്നും കോടതി അറിയിച്ചു.
റിപ്പോര്‍ട്ടില്‍ രഹസ്യാത്മകത ഇല്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. റിപ്പോര്‍ട്ടില്‍ ആരുടെയും പേരില്ല. ആവര്‍ത്തിച്ച് നോട്ടീസ് നല്‍കിയിട്ടാണ് മൊഴി നല്‍കിയത്. മൊഴി നല്‍കിയവര്‍ ആരും പരാതി നല്‍കിയില്ല. ഹേമ കമ്മിറ്റി ജുഡീഷ്യല്‍ കമ്മീഷന്‍ അല്ലെന്നും വിഷയം പഠിക്കാൻ വച്ച കമ്മിറ്റി മാത്രമാണെന്നും സക്കാർ അറിയിച്ചു. കേസിൽ സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ് ഹാജരായി. കേസ് സെപ്റ്റംബർ 10 ന് പരിഗണിക്കും.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. തിരുവനന്തപുരം സ്വദേശിയാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. ഒരു വ്യക്തിയെ കുറിച്ചോ അതിക്രമം നടന്ന സ്ഥലമോ സാഹചര്യമോ റിപ്പോർട്ടിലില്ല. നാലു വർഷം മുൻപ് ഈ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയെങ്കിലും കേസെടുക്കാനാകില്ലെന്ന നിലപാടിനെ തുടർന്ന് റിപ്പോർട്ട് മടക്കുകയായിരുന്നു.
ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്. സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ടിലുണ്ടായിരുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാവണം. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമ്മാതാക്കളുമാണ്. സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുക കോഡ് പേരുകളിലാണ്. പ്രധാന നടന്മാരും ചൂഷണം ചെയ്യുന്നവരുണ്ട്. വഴങ്ങാത്ത നടിമാർക്ക് അവസരം കിട്ടില്ല. വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കുന്നതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും, സിനിമാമേഖലയിലെ ലൈംഗിക ചൂഷണം വ്യാപകമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നൂറ്റാണ്ടുകളായി കുത്തക പോലെയാണ് മലയാള സിനിമയിലെ പുരുഷാധിപത്യം. വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നതായി പല നടിമാരും മൊഴി നൽകി. സ്ത്രീക്കും പുരുഷനും തുല്യ അധികാരം വേണമെന്നാണ് റിപ്പോർട്ട് നിർദേശിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.