/indian-express-malayalam/media/media_files/2024/11/22/jR4Nd884VOn93y7Qq1D4.jpg)
മുനമ്പം; സമവായ നീക്കവുമായി സർക്കാർ
കൊച്ചു: മുനമ്പം ഭൂമി വിഷയത്തിൽ സമവായ നീക്കവുമായി സംസ്ഥാന സർക്കാർ. ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണിക്കും. വഖഫ് ബോർഡ് തീരുമാനത്തിന് എതിരെ ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലിൽ നൽകിയ കേസിൽ കക്ഷി ചേരുന്ന കാര്യവും സർക്കാർ പരിഗണിക്കും. അന്തിമ തീരുമാനം ഇന്ന് വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ ഉണ്ടാകും. മുനമ്പത്ത് നിന്ന് ആരെയും കുടി ഇറക്കില്ലെന്ന് സർക്കാർ വീണ്ടും ഉറപ്പ് നൽകുകയാണ്.
ദുരിതത്തിലായത് 614 കുടുംബങ്ങൾ
വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചതോടെ മുനമ്പത്തെ 614 കുടുംബങ്ങൾക്കാണ് ഭൂമിയുടെ റവന്യു അവകാശങ്ങൾ നഷ്ടമായത്. മുനമ്പം ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കൾ കൊച്ചിയിലെത്തി ലത്തീൻ സഭാ മെത്രാൻ സമിതിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയത്തിൽ സമവായ നീക്കവുമായാണ് മുസ്ലീം ലീഗ് നേതാക്കൾ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി ചർച്ച നടത്തിയത്.
മുനമ്പം തർക്കത്തിലെ സാങ്കേതിക പ്രശ്‌നങ്ങൾ സർക്കാർ വേഗം അഴിക്കണമെന്ന് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. മുനമ്പം സമരം സമിതി പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. ലീഗ് - ലത്തീൻ സഭ ചർച്ചയിൽ സമവായ ധാരണയായിട്ടുണ്ട്. നിർദേശം മുഖ്യമന്ത്രിയെ അറിയിക്കാനും ചർച്ചയിൽ തീരുമാനമായിരുന്നു.
കേസ് നാളെ പരിഗണിക്കും
അതേസമയം, മുനമ്പം വഖഫ് ഭൂമി കേസ് നാളെ വഖഫ് ട്രൈബ്യൂണൽ പരിഗണിക്കും. ഫറൂക്ക് കോളേജ് മാനേജ്‌മെൻറ് അസോസിയേഷൻ നൽകിയ അപ്പീലാണ് കോഴിക്കോട് ആസ്ഥനമായ ട്രിബ്യൂണൽ പരിഗണിക്കുക. വഖഫ് ബോർഡ് 2019ൽ ഫാറൂഖ് കോളജ് മാനേജ്‌മെൻറ് വിൽപന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വ്യക്തമാക്കി വഖഫ് രജിസ്റ്ററിൽ ചേർത്തിരുന്നു.
സബ് രജിസ്‌ട്രോർ ഓഫീസിൽ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു. ഈ രണ്ട് തീരുമാനങ്ങളും ചോദ്യം ചെയ്താണ് ഫറൂഖ് കോളേജ് മാനേജ്‌മെൻറ് കമ്മിറ്റി വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചത്. വിൽപന നടത്തിയത് ദാനമായി കിട്ടിയ ഭൂമിയാണെന്നതാണ് ഫാറൂഖ് കോളേജിൻറെ വാദം. ഫറൂഖ് കോളേജിനൊപ്പം മറ്റ് കക്ഷികളെ കൂടി കേട്ട ശേഷമാവും വഖഫ് ട്രൈബ്യൂണൽ തീരുമാനത്തിലെത്തുക. ജഡ്ജി രാജൻ തട്ടിലാണ് ഹർജി പരിഗണിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.