/indian-express-malayalam/media/media_files/uploads/2018/01/oommen-chandy.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ അമേരിക്കന്‍ മലയാളിയുടെ കമ്പനിയായ സ്‌പ്രിങ്ക്‌ളര്‍ക്ക് നല്‍കുന്ന വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. റാഗി തോമസ് എന്ന മലയാളിയാണ് സ്‌പ്രിങ്ക്‌ളറിന്റെ സിഇഒ.
അമേരിക്കയില്‍ വന്‍വിവാദത്തിലായ കമ്പനിയുമായി അടുത്ത ബന്ധമുള്ള മലയാളിയുടെ അമേരിക്കന്‍ പബ്ലിക് റിലേഷന്‍സ് കമ്പനിക്ക് കോവിഡിന്റെ മറവില്‍ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ കൈമാറിയ സംഭവത്തില്‍ മുഖ്യന്ത്രി വിശദീകരണം നൽകണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച വിഷയങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നും അവയ്ക്ക് മറുപടി വൈകുന്തോറും ജനങ്ങളുടെ ആശങ്ക വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. "കോവിഡ്-19 നോട് അനുബന്ധിച്ചു നടക്കുന്ന എല്ലാ ആരോഗ്യ, പ്രതിരോധ പ്രവര്‍ത്തനങ്ങളും സുതാര്യവും വസ്തുനിഷ്ഠവും ആയിരിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു." കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നിൽക്കുമ്പോള്‍ ആശങ്ക സൃഷ്ടിക്കുന്ന ഒരു രീതിയിലുമുള്ള പ്രവര്‍ത്തനം പാടില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
Read Also: കോവിഡ്-19 നിയന്ത്രണം: ദേശീയ നിരക്കുകളെ കേരളം മറികടന്നവിധം
അമേരിക്കന്‍ കമ്പനിയായ സ്‌പ്രിങ്ക്‌ളറുടെ വെബ്പോര്‍ട്ടലിലേക്ക് കോവിഡ്-19-മായി ബന്ധപ്പെട്ട് സമാഹരിച്ച വിശദാംശങ്ങളാണ് നൽകിയതെന്നും അതീവ സൂക്ഷ്മതയോടെ സംരക്ഷിക്കേണ്ട ആരോഗ്യവിവരങ്ങളാണ് ഇപ്രകാരം നൽകിയിരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ മൗലികാവകാശമാണെന്ന് പുട്ടുസ്വാമി കേസില്‍ സുപ്രീം കോടതിയുടെ വിധി നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരേ ഘോരഘോരം പ്രസംഗിക്കുകയും പ്രചാരണം അഴിച്ചുവിടുകയും ചെയ്ത ചരിത്രമാണ് സിപിഎമ്മിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വേള്‍ഡ് ബാങ്ക്, ഐഎംഎഫ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരേ നടത്തിയ പ്രചാരണവും കേരളം മറന്നിട്ടില്ല. അവിടെ നിന്ന് ഒരു വായ്പ എടുക്കാന്‍ പോലും സിപിഎം എതിരു നിൽക്കുകയാണു ചെയ്തിട്ടുള്ളത്. യുപിഎ സര്‍ക്കാര്‍ ആധാര്‍ കൊണ്ടുവന്നപ്പോള്‍ വ്യക്തിയുടെ സ്വകാര്യ വിവരം ചോരുമെന്ന് ആക്ഷേപിച്ച് വലിയ പ്രക്ഷോഭം ഉണ്ടാക്കിയവരാണ് ഇപ്പോള്‍ അമേരിക്കന്‍ കമ്പനിക്ക് അങ്ങോട്ടു കൊണ്ടുപോയി വിവരങ്ങള്‍ നൽകുന്നത്, ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
Read Also: ‘ഗംഭീരം’; കേരള പൊലീസിന് സല്യൂട്ടടിച്ച് കമൽ ഹാസൻ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതു പോലെ സ്‌പ്രിങ്ക്‌ളര്‍ ഒരു പിആര്‍ കമ്പനിയല്ലെന്ന് രണ്ട് ദിവസം മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. സംസ്ഥാനം പ്രതിസന്ധിയിലായ ഘട്ടത്തില്‍ സ്പ്രിങ്‌ളര്‍ സഹായമാണ് ചെയ്യുന്നതെന്നും കമ്പനി ഉടമയുടെ മാതാപിതാക്കളെ സംസ്ഥാനം സംരക്ഷിക്കുന്നതിന്റെ പ്രതിഫലമായിട്ടാണ് അവരിത് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ കമ്പനിയുടെ സേവനം ലോകാരോഗ്യ സംഘടനയും ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍, ഈ മറുപടിയില്‍ തൃപ്തനാകാതെ പ്രതിപക്ഷ നേതാവ് 15 ചോദ്യങ്ങള്‍ സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. ഈ കമ്പനിയെ തിരഞ്ഞെടുക്കുന്നതിന് നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നും ഗ്ലോബല്‍ ടെണ്ടര്‍ വിളിച്ചിട്ടുണ്ടോ, സംസ്ഥാന സര്‍ക്കാരിന്റെ സിഡിറ്റിനോ ഐടി മിഷനോ ചെയ്യാന്‍ കഴിയുന്ന ജോലി അമേരിക്കന്‍ കമ്പനിയെ ഏല്‍പിച്ചത് എന്തിനാണെന്നും അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങളില്‍പ്പെടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us