തിരുവനന്തപുരം:മറ്റു പല സംസ്ഥാനങ്ങളിലും കോവിഡ്-19 രോഗികളുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുമ്പോള്‍ അതിന് വിപരീതമായി കേരളത്തില്‍ ഞായറാഴ്ച്ച രണ്ട് പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി കോവിഡ്-19 ഹോട്ട്‌സ്‌പോട്ടുകളുള്ള കേരളത്തില്‍ ഏപ്രില്‍ മൂന്ന് മുതലുള്ള പത്ത് ദിവസത്തെ കണക്കെടുത്താല്‍ ആറു ദിവസങ്ങളിലും പുതിയ രോഗികളുടെ എണ്ണം ഒറ്റയക്കത്തിലാണ് വര്‍ദ്ധിച്ചത്.

മറ്റു സംസ്ഥാനങ്ങളുമായും ദേശീയ ശരാശരിയുമായും താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ രോഗം ഭേദമാകുന്നവരുടെ നിരക്കും കൂടുതലാണ്. ഞായറാഴ്ച മാത്രം 36 പേര്‍ക്ക് രോഗം ഭേദമായി. രോഗം ബാധിച്ച 375 കേസുകളില്‍ 179 പേര്‍ക്ക്, അതായത് 48 ശതമാനം, രോഗം ഭേദമായി.

കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് (ചിലപ്പോഴത് സസ്ഥാന സര്‍ക്കാരുകളുടെ കണക്കുകളെക്കാള്‍ കുറവായിരിക്കും) ഞായറാഴ്ച വൈകുന്നേരം വരെ 8,447 പേര്‍ക്ക് രോഗം ബാധിക്കുകയും 765 പേര്‍ക്ക് ഭേദമാകുകയും ചെയ്തു. രോഗം ഭേദമാകുന്നവരുടെ ദേശീയ നിരക്ക് 9 ശതമാനത്തോളമാണ്.

കേരളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ സൗഖ്യം പ്രാപിച്ചത്. കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 142 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ മഹാരാഷ്ട്രയില്‍ 208 പേര്‍ക്കാണ് രോഗം സുഖപ്പെട്ടത്. അതേസമയം, കേരളത്തിന്റെ അഞ്ചിരട്ടി കേസുകള്‍ മഹാരാഷ്ട്രയിലുണ്ട്. 1,761 പേര്‍. കേന്ദ്രത്തിന്റെ കണക്കുകള്‍ അനുസരിച്ച് രോഗം ഭേദമായവരില്‍ 18 ശതമാനം പേര്‍ കേരളത്തില്‍ നിന്നാണ്. അതേസമയം, രോഗികളുടെ എണ്ണത്തില്‍ നാല് ശതമാനം മാത്രമേ കേരളത്തില്‍ നിന്നുള്ളവരുള്ളൂ.

Read Also: ‘പ്രതിരോധമാണ് പ്രതിവിധി’; പോരാട്ടം ഫലം കണ്ടു തുടങ്ങി, ജാഗ്രത വേണം: ആരോഗ്യമന്ത്രി

മാര്‍ച്ച് 26 വരെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകളുണ്ടായിരുന്നത് കേരളത്തിലായിരുന്നു. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയും. അതിനുശേഷമുള്ള ദിവസങ്ങളില്‍ കോവിഡ്-19-ന്റെ നാടകം മറ്റു സംസ്ഥാനങ്ങളിലേക്ക് മാറി. രാജ്യത്ത് മറ്റിടങ്ങളില്‍ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം പെട്ടെന്ന് വര്‍ദ്ധിച്ചപ്പോള്‍ കേരളത്തില്‍ പുതിയ കേസുകളുടെ എണ്ണം പതിയെ വര്‍ദ്ധിച്ചു.

ഒരു ആഴ്ചയിലധികമായി കോവിഡ്-19-ന്റെ വ്യാപന നിരക്ക് കുറഞ്ഞുവെന്ന് കേരള ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

“മാര്‍ച്ച് മാസത്തിലെ അവസാന 10 ദിവസങ്ങളിലായിരുന്നു ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. വിദേശ യാത്ര ചെയ്തിട്ടുള്ളവരിലായിരുന്നു രോഗം പ്രത്യക്ഷപ്പെട്ടത്. വിദേശത്ത് രോഗം വ്യാപിച്ച ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നും മടങ്ങിയെത്തിയവരായിരുന്നു അവര്‍. ഇപ്പോള്‍, അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരാണ് പോസിറ്റീവായി മാറുന്നത്. വിദേശ യാത്രാ ചരിത്രമുള്ളവരുടെ അടുത്ത കുടുംബാംഗങ്ങളാണ് അവര്‍,” ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളയിടങ്ങളില്‍ സമൂഹ രോഗ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ഈ ഉദ്യോഗസ്ഥന്‍ പറയുന്നു. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന വിദേശ യാത്രാ ചരിത്രമുള്ള വ്യക്തികളിലും അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരിലും മാത്രമാണ് രോഗ വ്യാപനമുണ്ടായത്. വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെ പൊതു ഇന്‍കുബേഷന്‍ കാലയളവ് ഏകദേശം അവസാനിച്ചു. അതിനാല്‍ ഇപ്പോള്‍ അവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതീവ അപകടകരമായ വിഭാഗത്തിലുള്ളവരുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ സ്രവ പരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. എങ്കിലും ഞങ്ങള്‍ ജാഗ്രത കുറയ്ക്കുന്നില്ല. സമൂഹ വ്യാപനം ഉണ്ടാകാമെന്നോ അല്ലെങ്കില്‍ കേസുകളുടെ എണ്ണം എപ്പോള്‍ വേണമെങ്കിലും കൂടാമെന്നോ ഉള്ള തിരിച്ചറിവിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്, ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Read Also: ഒരുമുഴം മുമ്പേ എറിഞ്ഞ് ജനങ്ങൾ; മാര്‍ച്ചില്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിച്ചത് നാലിരട്ടി തുക

സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച് ജനുവരി 30 മുതല്‍ രോഗം ബാധിച്ച 375 പേരില്‍ 233 പേരും വിദേശത്ത് യാത്ര ചെയ്തവരാണ്. ഏഴ് വിദേശ ടൂറിസ്റ്റുകള്‍ക്ക് കേരളത്തില്‍ വച്ച് രോഗം പോസിറ്റീവായ. മാര്‍ച്ച് പകുതിയോടെ ന്യൂഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ് ലിഗ് ജമാത്ത് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ 19 പേര്‍ക്കും രോഗം ബാധിച്ചു. അവശേഷിക്കുന്നവര്‍ പ്രാദേശികമായി രോഗം ബാധിച്ചവരോ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലോ ഉള്ളവരാണ്.

കേരളത്തില്‍ ഇതുവരെ രണ്ട് പേര്‍ മാത്രമാണ് മരിച്ചത്. ഇതുകൂടാതെ, കേരളത്തിനുള്ളിലാണെങ്കിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ നിന്നുള്ള 71 വയസ്സുകാരനും മരിച്ചിരുന്നു. ഇയാള്‍ വിദേശ യാത്ര നടത്തിയിട്ടില്ല.

മാര്‍ച്ച് 31-ന് തിരുവനന്തപുരം ജില്ലയില്‍ 68 വയസ്സുകാരന്‍ മരിച്ചപ്പോള്‍ സമൂഹ വ്യാപന ഭീതി അധികൃതര്‍ക്കുണ്ടായി. എന്നാല്‍, ഇയാള്‍ക്ക് കൊറോണ വൈറസ് എവിടെനിന്ന് ലഭിച്ചുവെന്ന് ഇതുവരേയും കണ്ടെത്താനായിട്ടില്ലെങ്കിലും അദ്ദേഹം സഞ്ചരിച്ച വഴികളില്‍ ആര്‍ക്കും ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇയാള്‍ക്ക് രോഗം നല്‍കിയെന്ന് സംശയിച്ചയാള്‍ക്കും നെഗറ്റീവാണ് പരിശോധന ഫലം.

Read Also: പിണറായി വിജയന്റെ പേരില്‍ ശ്രീലങ്കന്‍ പോസ്റ്റല്‍ സ്റ്റാംപ്; വസ്തുതയെന്താണ്

സംസ്ഥാനത്തെ രോഗികളുടെ 63 ശതമാനം പേരുമുള്ള കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ഞായറാഴ്ച വൈകുന്നേരം വരെ ലഭിച്ച കണക്കുകള്‍ ആശ്വാസകരമാണ്. കണ്ണൂരില്‍ 71 രോഗികളില്‍ 36 പേരും ആശുപത്രി വിട്ടു. കാസര്‍ഗോഡ് 166 പേരില്‍ 61 പേര്‍ക്ക് രോഗം ഭേദമായി. അതായത്, ഈ രണ്ടു ജില്ലകളില്‍ നിന്നുമുള്ള രോഗികളില്‍ 41 ശതമാനം പേര്‍ക്ക് കോവിഡ്-19 നെഗറ്റീവായി.

രണ്ടു ജില്ലകളിലും രോഗികള്‍ ചില പ്രദേശങ്ങളില്‍ മാത്രമായി റിപ്പോര്‍ട്ട് ചെയ്തത് രോഗ നിയന്ത്രണം കൂടുതല്‍ ഫലപ്രദമായി. ഇപ്പോള്‍ രോഗം പടരുന്ന ദുബായില്‍ നിന്നും മടങ്ങിയെത്തിയവരിലാണ് 90 ശതമാനം രോഗികളും. ഇവരുടെ കുടുംബാംഗങ്ങളിലേക്കും രോഗം പകര്‍ന്നു.

കാസര്‍ഗോഡ് ഒരു രോഗിയില്‍ നിന്നും 20 പേരിലേക്ക് രോഗം പടര്‍ന്നു. സമാനമായി, കണ്ണൂര്‍ ജില്ലയില്‍ ഒരു കുടുംബത്തിലെ എട്ടുപേരിലേക്കും രോഗവ്യാപനമുണ്ടായി. ഈ രണ്ട് ജില്ലകളിലേയും നിരവധി ഗ്രാമങ്ങളും നഗര പ്രദേശങ്ങളും പൂര്‍ണമായും അടച്ചു. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും അനുവാദം ഉണ്ടായില്ല.

ഞായറാഴ്ചയോടെ, മറ്റു 11 ജില്ലകളിലും കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ഒറ്റയക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയിലോ എത്തിയിട്ടുണ്ട്.

ഫലപ്രദമായി ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതും കാര്യക്ഷമമായി പ്രവര്‍ത്തിച്ച ആരോഗ്യ സംഘങ്ങളും പ്രാദേശിക നിയന്ത്രണവും ബുദ്ധിപരമായ ഐസോലേഷന്‍, ക്വാറന്റൈന്‍ തന്ത്രങ്ങളും കോവിഡിനെ തോല്‍പിക്കാന്‍ പൊതുജനം സഹകരിച്ചതും കാസര്‍ഗോഡ് ഫലം സൃഷ്ടിക്കുന്നുവെന്ന് കാസര്‍ഗോഡ് കോവിഡ്-19 സ്‌പെഷ്യല്‍ ഓഫീസറായ അല്‍കേഷ് കുമാര്‍ ശര്‍മ്മ ട്വീറ്റ് ചെയ്തു.

ഒരു കോവിഡ്-19 രോഗി പെട്ടെന്ന് സുഖം പ്രാപിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. രോഗിയുടെ വയസ്സ്, ലക്ഷണങ്ങളുടെ കാഠിന്യം, വൈറസിന്റെ അളവ് എന്നിവ നിര്‍ണായകമാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നിര്‍ദ്ദേശിച്ച ചികിത്സാ പ്രോട്ടോകോള്‍ ശ്രദ്ധാപൂര്‍വം നടപ്പിലാക്കി. കേരളത്തില്‍ രോഗം പെട്ടെന്ന് ഭേദമായതിനെ കുറിച്ച് പഠിക്കണമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Read Also: ‘ഗംഭീരം’; കേരള പൊലീസിന് സല്യൂട്ടടിച്ച് കമൽ ഹാസൻ

കണക്കുകള്‍ പ്രകാരം രോഗികളില്‍ 82 ശതമാനം പേരും 20-നും 60-നും ഇടയില്‍ വരുന്നവരാണ്. ഭൂരിപക്ഷവും തൊഴിലെടുക്കുന്ന പ്രായത്തിലുള്ളവര്‍. രോഗം തിരിച്ചറിഞ്ഞ് മൂന്നാഴ്ച്ചയ്ക്കകം മിക്ക പോസിറ്റീവ് കേസുകളും നെഗറ്റീവായി. ചെറിയ ലക്ഷണങ്ങളും യൗവനത്തിലും ആയിരുന്നുവെങ്കിലും വുഹാനില്‍ നിന്നും തിരിച്ചെത്തിയ മൂന്ന് രോഗികൡ ഒരു മാസത്തോളമെടുത്തു സൗഖ്യം പ്രാപിക്കാന്‍.

കേരളത്തില്‍ നിന്നും കോവിഡ്-19 ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് സംസ്ഥാന വിദഗ്ദ്ധ കമ്മിറ്റിയിലെ ഒരു അംഗം പറയുന്നു.

രോഗ വ്യാപനത്തില്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞുള്ള കാലം നിര്‍ണായകമാണെന്ന് അദ്ദേഹം പറയുന്നു. അമേരിക്കയില്‍ നിന്നും മധ്യേഷ്യയില്‍ നിന്നും ധാരാളം പ്രവാസികള്‍ കേരളത്തില്‍ തിരിച്ച് വരാന്‍ ഒരുങ്ങിയിരിക്കുകയാണ്. കൂടാതെ, മറ്റു സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയ്ക്ക് കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ 969 കേസുകളാണുള്ളത്. മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കും പിന്നില്‍. 10 പേര്‍ മരിക്കുകയും ചെയ്തു.

Read in English: New cases increasingly in single digits, how Kerala managed to buck the national trend

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.