കൊറോണ വൈറസിനെതിരായ തങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് കൊച്ചി സിറ്റി പോലീസാണ് ‘നിർഭയം’ എന്ന പേരിൽ പുറത്തിറക്കിയ മ്യൂസിക് വീഡിയോയെ പ്രശംസിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. ഡിജിപി ലോക്നാഥ് ബെഹ്റ ഉൾപ്പെടെ നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

Read More: ‘ഭൂമിയിലെ മനോഹര സ്വകാര്യം’; ഒരു മയത്തിലൊക്കെ തലക്കെട്ടിടണേ

“വിറച്ചതില്ല നമ്മളെത്ര യുദ്ധഭൂമി കണ്ടവർ, ഭയന്നതില്ല നമ്മളെത്ര ഗർജനങ്ങൾ കേട്ടവർ,” എന്നു തുടങ്ങുന്ന ഗാനത്തിന് ഏറെ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ഈ സാഹചര്യത്തിലാണ് കേരള പൊലീസിനെ അഭിനന്ദിച്ചുകൊണ്ട് കമൽ ഹാസൻ രംഗത്തെത്തിയത്.

”ഗംഭീരം.. കാക്കിയിട്ട ആളാണ് പാട്ടു പാടുന്നത് എന്നത് കൂടുതൽ സന്തോഷം പകരുന്നു. ഇത്തരം ആശയങ്ങൾ മുന്നോട്ടു വച്ച പൊലീസ്​ സേനയിലെ ഉന്നതരെ ഞാൻ അഭിനന്ദിക്കുന്നു. എന്റെ സല്യൂട്ട്”​- കമൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശത്തിലാണ് കേരള പൊലീസിനെ കമല്‍ഹാസൻ അഭിനന്ദിച്ചത്.

മൂന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത് കൊച്ചി നഗരത്തിന്റെ ആകാശ ദൃശ്യത്തോടെയാണ്. നിരവധി പൊലീസുകർ പട്രോളിങ് സംഘങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.എസ് സുനിൽ കുമാർ തുടങ്ങി നിരവധി പേരെയും പ്രളയകാലത്തേയും കോവിഡ് കാലത്തേയും കേരളത്തിന്റെ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങളുമെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കമൽ ഹാസന് നന്ദി പറഞ്ഞ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കത്തയച്ചു. കമല്‍ ഹാസന്റെ സന്ദേശം കേരള പൊലീസിലെ ഓരോരുത്തർക്കും ആത്മവിശ്വാസം പകരുന്നതാണെന്ന് ബെഹ്‌റ കുറിച്ചു. ബെഹ്‌റയുടെ കത്ത് കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ചിട്ടുണ്ട്.

എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ ആശയത്തിൽ പിറന്ന ഈ വീഡിയോ ഒരുക്കിയിരിക്കുന്നത് കൊച്ചി മെട്രോ പോലീസ് സി. ഐ അനന്തലാലും സംഘവുമാണ്. മ്യൂസിക് വീഡിയോയുടെ സംവിധാനവും ആലാപനവും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഗായകരായി നജീം അർഷാദും സംഘവും കൂടെയുണ്ട്. സിനിമാഗാനരചയതാവും തലശേരി ബ്രണ്ണൻ കോളജിൽ പ്രൊഫസറുമായ ഡോ. മധു വാസുദേവന്റേതാണ് വരികൾ. മ്യൂസിക് ഋത്വിക് എസ് ചന്ദ് നിർവഹിച്ചിരിക്കുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook