/indian-express-malayalam/media/media_files/uploads/2018/01/Drugs.jpg)
പിടിമറുക്കി കേരളത്തിൽ ലഹരി
Drug issue in Kerala: ലഹരിക്കെതിരെ തുറന്ന പോരാട്ടത്തിലാണ് കേരളം. കഴിഞ്ഞ കുറേനാളുകളായി ലഹരി മാത്രമാണ് സംസ്ഥാനത്ത് ചർച്ചാവിഷയം. ക്രൂരമായ കൊലപാതകങ്ങൾ, സംഘർഷങ്ങൾ, ചൂഷണങ്ങൾ എന്നിവയുടെയെല്ലാം പിന്നാലെ പായുമ്പോൾ ചെന്നെത്തുന്നത് ഒറ്റപ്പേരിൽ ലഹരി.
രാത്രികാലങ്ങളിൽ നഗരങ്ങളിലൂടെ സഞ്ചരിക്കാൻ കഴിയാത്ത രീതിയിൽ സംസ്ഥാനത്തെങ്ങും ലഹരിമാഫിയകൾ പിടിമുറുക്കിയിരിക്കുകയാണ്. ഇതോടെയാണ് ലഹരിക്കെതിരെയുള്ള പോരാട്ടത്തിലേക്ക് കേരളം ഒന്നടങ്കം കടക്കുന്നത്. സർവ്വകക്ഷി യോഗവും മതമേലധ്യക്ഷൻമാരുടെ യോഗവും സംസ്ഥാന സർക്കാർ വിളിച്ചുചേർത്തിരിക്കുകയാണ്. ഇതിനൊപ്പം ലഹരി പ്രശ്‌നം ചർച്ചചെയ്യാൻ ഒരുദിവസത്തെ പ്രത്യേക നിയമസഭയും വിളിച്ചുചേർക്കുന്നുണ്ടെന്നാണ് വിവരം.
പെരുകുന്ന കേസുകൾ, കുറയുന്ന കരുതൽ
സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം, എൻഡിപിഎസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ 2016 ൽ 2,985 എണ്ണം മാത്രമായിരുന്നു. എന്നാൽ, 2024-ൽ ഇത്തരം കേസുകൾ 8160 ആയി ഉയർന്നു. എൻഡിപിഎസ് കേസുകളിൽ മാത്രം 200 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
2025-ൽ ആദ്യ രണ്ട് മാസത്തെ കണക്കുകൾ മാത്രം പരിശോധിക്കുമ്പോൾ 1783 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോലീസിന്റെ രേഖകൾ പ്രകാരം 2016-ൽ 5924 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2024-ൽ 27530 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 350ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിൽ ലഹരി വ്യാപനത്തിന്റെ പ്രഭവകേന്ദ്രമായി പഞ്ചാബിനെ ആയിരുന്നു കണ്ടിരുന്നതെങ്കിൽ, ഇന്ന് സ്ഥിതി മാറി. മയക്കുമരുന്ന് കേസുകൾ ഏറ്റവുമധികം രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനമായി ഇന്ന് കേരളം മാറിയിരിക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
മാർച്ച് 12 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച രേഖകൾ പ്രകാരം 2024 ൽ പഞ്ചാബിൽ 9,025 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, കേരളത്തിലാകട്ടെ 27,701 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതായത്, പഞ്ചാബിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ മൂന്നിരട്ടി കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നത്.
ലഹരിക്കേസുകളിൽ മുമ്പിൽ എറണാകുളം
സംസ്ഥാനത്തിന്റെ വാണിജ്യതലസ്ഥാനമായ കൊച്ചി ഉൾപ്പെടുന്ന എറണാകുളം ജില്ലയാണ് ലഹരിക്കേസുകളിൽ ഒന്നാമത്. 1010 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോട്ടയമാണ് തൊട്ടുപിന്നിൽ 888 കേസുകൾ. കോഴിക്കോട് 363 കേസുകളും മലപ്പുറം 765 കേസുകളും ഈ വർഷം രജിസ്റ്റർ ചെയ്തു.
സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർധിച്ചിട്ടുണ്ടെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ലഹരി വ്യാപനം തടയാൻ കർശന നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായാണ് കേസുകളുടെ എണ്ണം കൂടുന്നതെന്നും മന്ത്രി പറഞ്ഞു.
കടൽകടന്നെത്തുന്ന രാസലഹരി
രാസലഹരികളാണ് ഇന്ന് കേരളത്തിൽ സുലഭമാകുന്നത്. ഓരോ വർഷം പിന്നിടുമ്പോഴും രാസലഹരിയുടെ വ്യാപനം പതിമടങ്ങായാണ് വർധിക്കുന്നത്. 2017-ൽ എക്‌സൈസ് പിടിച്ചെടുത്തത് 107.63 ഗ്രാം എംഡിഎംഎ ആയിരുന്നെങ്കിൽ 2024-ൽ പിടിച്ചെടുത്ത എംഡിഎംഎയുടെ അളവ് 3437.918 ഗ്രാമിലെത്തി.
ബംഗളൂരു, ഗോവ, ഹൈദരബാദ് തുടങ്ങിയ സ്ഥലങ്ങളാണ് ദക്ഷിണേന്ത്യയിൽ സിന്തറ്റിക് മയക്കുമരുന്നുകളുടെ പ്രധാന ഉത്പാദന കേന്ദ്രങ്ങളെന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഡൽഹിൽ നിന്നും കേരളത്തിലേക്ക് ലഹരി ഒഴുകുന്നുണ്ട്.
വിദേശരാജ്യങ്ങളിൽ, ഒമാനിൽ നിന്നാണ് സിന്തറ്റിക് മരുന്നുകൾ എത്തുന്നതെന്ന് ഡിഐജി ഹരിശങ്കർ പറഞ്ഞു. പലപ്പോഴും പ്രവാസികൾ വഴിയാണ് ലഹരിക്കടത്ത് നടക്കുന്നതെന്നും ഡിഐജി പറഞ്ഞു. കൊറിയർ വഴി പാഴ്‌സലായും സിന്തറ്റിക്ക് ലഹരി കേരളത്തിൽ എത്തുന്നുണ്ട്. എന്നാൽ എല്ലാ പാഴ്‌സലുകളും തുറന്നുപരിശോധിക്കുകയെന്നത് അപ്രായോഗികമാണെന്നും അദ്ദേഹം പറഞ്ഞു. ഡാർക്ക് വെബിലൂടെയും ലഹരിയിടപാടുകൾ യഥേഷ്ടം നടക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു.
എന്ത് കൊണ്ട് ലഹരിവ്യാപിക്കുന്നു?
കേരളീയ സമൂഹത്തിൻറെ കാഴ്ചപ്പാടുകളിലെ സങ്കീർണതകൾ ലഹരി വ്യാപനത്തിന് കാരണമാകുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ലൈംഗികത, മദ്യം, മയക്കുമരുന്ന് എല്ലാം കേരളത്തിൽ നിഷിദ്ധമാണ് കേരളത്തിൽ. ഇക്കാര്യത്തിലെല്ലാം മലയാളികൾ കപടസദാചാരം പുലർത്തുന്നു. ഇന്ത്യയിൽ മദ്യം കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പക്ഷെ ഇവിടെ സാമൂഹിക മദ്യപാനത്തിന് അലിഘിത വിലക്കുണ്ട്. ഇത് പലപ്പോഴും ആരൂമറിയാതെയുള്ള ലഹരി ഉപയോഗത്തിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
കോവിഡിന് ശേഷമുള്ള സാമ്പത്തിക പിരിമുറുക്കങ്ങൾ, യുവതി-യുവാക്കൾക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നത്, സാമൂഹിക മാധ്യമങ്ങളുടെ അമിതമായ ഉപയോഗം എന്നിവയും പുതുതലമുറയെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് മാനസിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
യുവതി-യുവാക്കളാണ് മയക്കുമരുന്നിന് ഏറ്റവുമധികം അടിമകളാകുന്നതെന്ന് കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ. എം.പി. രാധാകൃഷ്ണൻ പറയുന്നു. സിന്തറ്റിക് ലഹരി പദാർത്ഥങ്ങൾ ഏറ്റവുമധികം ഉപയോഗിക്കുന്നത് 30 വയസ്സിൽ താഴെയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം, 2024 ൽ 18 വയസ്സിന് താഴെയുള്ളവർക്കെതിരെ 75 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2023 ൽ ഇത് 51 ആയിരുന്നു.
Read More
- പ്രായം സ്നേഹത്തിന്റെ മാറ്റുകൂട്ടും; വ്യദ്ധദമ്പതികൾക്ക് ഹൈക്കോടതിയുടെ ഉപദേശം
- KeralaWeather: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; നാലിടത്ത് യെല്ലോ അലർട്ട്
- മാസപ്പടി കേസ് കൈകാര്യം ചെയ്യാൻ വീണ വിജയന് അറിയാം, ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട: വി.ശിവൻകുട്ടി
- കുതിച്ച് സ്വർണവില, ഒരു പവന് 70,000 കടന്നു
- സംസ്ഥാനത്ത് മൂന്നു ദിവസംകൂടി വേനൽ മഴയ്ക്ക് സാധ്യത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.