/indian-express-malayalam/media/media_files/uE5Vhzb3JItalqAB0tVq.jpg)
വിനയൻ, ബി.ഉണ്ണിക്കൃഷ്ണൻ
കൊച്ചി: സിനിമാ നയരൂപീകരണ സമിതിയിൽനിന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണനെ ഒഴിവാക്കണമെന്ന് സംവിധായകൻ വിനയൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. അന്യായമായ പ്രതികാര ബുദ്ധിയോടെ തൊഴില്‍ നിഷേധം നടത്തിയെന്ന കുറ്റത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീം കോടതി അതു ശരിവയ്ക്കുകയും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അതു വ്യക്തമായി പറയുകയും ചെയ്തിരിക്കുന്ന ഫെഫ്ക സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെ കേരള സര്‍ക്കാരിന്റെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്നാണ് വിനയൻ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
2014-ല്‍ മലയാള സിനിമയിലെ തൊഴില്‍ നിഷേധത്തിനും രഹസ്യവിലക്കിനുമെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ ഞാൻ പരാതി നൽകിയിരുന്നു. കോമ്പറ്റീഷന്‍ ആക്ടിന്റെ സെക്ഷന്‍ 3 പ്രകാരം അമ്മ സംഘടനയ്ക്ക് 4,00,065 രൂപയും ഫെഫ്ക സംഘടനയ്ക്ക് 85,594 രൂപയും പിഴ വിധിച്ചു. സിസിഐ ആക്ടിന്റെ സെക്ഷന്‍ 48 പ്രകാരം അന്നത്തെ 'അമ്മ' പ്രസിഡന്റ് ഇന്നസെന്റിന് 51,478 രൂപയും അമ്മ സെക്രട്ടറി ഇടവേള ബാബുവിന് 19,113 രൂപയും ഫെഫ്കയുടെ പ്രസിഡന്റ് സിബി മലയിലിന് 66,356 രൂപയും ഫെഫ്ക ജെനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് 32,026 രൂപയും പിഴ വിധിച്ചു. ഇതിനെതിരെ ഈ സംഘടനകളും വ്യക്തികളും സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുക്കുകയും ജസ്റ്റിസ് റോഹിംഗ്ടണ്‍ ഫാലി നരിമാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് അപ്പീല്‍ തള്ളിക്കൊണ്ട് പിഴ നല്‍കിയ ശിക്ഷ ശരിവയ്ക്കുകയും ചെയ്തു.
സുപ്രീം കോടതി അപ്പീല്‍ തള്ളിയതോടെ ഫൈന്‍ അടച്ച വ്യക്തികളെല്ലാം കുറ്റക്കാരായി മാറിയിരിക്കുന്നു. എന്നാല്‍ ഫെഫ്ക സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെ ഷാജി എന്‍. കരുണ്‍ അദ്ധ്യക്ഷനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ സിനിമാ നയരൂപീകരണ സമിതിയില്‍ അംഗമായി നിയമിച്ചിരിക്കുന്നതായി അറിഞ്ഞു. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ശിക്ഷിച്ച ബി.ഉണ്ണിക്കൃഷ്ണനെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് വിനയൻ കത്തിൽ ആവശ്യപ്പെടുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.