scorecardresearch

കെ.കെ. കൊച്ച് ഇനി ഓർമ

ദളിതരുടെ ഉന്നമനത്തിനും സ്വത്വബോധ ശാക്തീകരണത്തിനും വലിയ സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ അന്ത്യം വ്യാഴാഴ്ച രാവിലെ 11.20ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു

ദളിതരുടെ ഉന്നമനത്തിനും സ്വത്വബോധ ശാക്തീകരണത്തിനും വലിയ സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ അന്ത്യം വ്യാഴാഴ്ച രാവിലെ 11.20ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
K K Kochu

കെ.കെ. കൊച്ച് ഇനി ഓർമ

കോട്ടയം:  അടിച്ചമർത്തപ്പെട്ട ജനസമൂഹത്തിന് വേണ്ടി നിരന്തരം കലഹിച്ച കെ.കെ കൊച്ച് ഇനി ഓർമ്മ. ദളിതരുടെ ഉന്നമനത്തിനും സ്വത്വബോധ ശാക്തീകരണത്തിനും വലിയ സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ അന്ത്യം വ്യാഴാഴ്ച രാവിലെ 11.20ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. എഴുപത്തിയാറുകാരനായ അദ്ദേഹം ഏറെ നാളായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. 

Advertisment

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രവുമായി ഇണങ്ങിയും പിണങ്ങിയും മുഷിഞ്ഞും മുറിവേറ്റ ഒരു ദളിത ജീവിതം എന്നു വിശേഷിപ്പിക്കാവുന്ന ഒരു ജീവിതമായിരുന്നു കെ.കെ. കൊച്ചിന്റേത്.1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലായിരുന്നു ജനനം.കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയൻ, മനുഷ്യാവകാശ സമിതി എന്നിവയ്ക്ക് നേതൃത്വം നൽകി. 1986 ൽ സീഡിയൻ സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയൻ വാരികയുടെ പത്രാധിപരുമായിരുന്നു. 

'ദലിതൻ' എന്ന അദ്ദേഹത്തിന്റെ ആത്മകഥ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് മറ്റു കൃതികൾ. സമഗ്ര സംഭാവനകൾക്കുള്ള 2020 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.

പൊതുധാരണയോട് എന്നും കലഹിക്കുന്നയാൾ

ഏതൊരു മേഖലയിൽ ഇടപെടുമ്പോഴും തനതായൊരു കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്നയാളാണ് കെ.കെ. കൊച്ച്. ഈ കാഴ്ചപ്പാടാകട്ടെ മിക്കപ്പോഴും നമ്മുടെ പൊതുവായ ധാരണകളോട് കലഹത്തിലുമായിരിക്കും. ദളിത് ജീവിതാവസ്ഥകളുടെ സാമാന്യവൽക്കരണത്തെ തന്റെ വേറിട്ടതും ധീരവും ധിഷണാപരവുമായ ഇടപെടലുകളിലൂടെ നിഷേധിക്കുകയും അവയെ അപനിർമ്മിക്കുകയും ചെയ്തുപോരുന്നയാളാണ് അദ്ദേഹം. ഇന്ത്യയിലെ ദലിത് രാഷ്ട്രീയത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്ന അദ്ദേഹം സ്വാതന്ത്രത്തിന് ശേഷം കീഴാള ജനതയുടെ രാഷ്ട്രീയത്തെ എങ്ങനെ വരേണ്യവർഗം അടിച്ചമർത്തിയെന്ന് കൃത്യമായി അടയാളപ്പെടുത്തുന്നു.  

ചരിത്രത്തിന് മേൽ ചോദ്യങ്ങളുമായി ആത്മകഥ 

Advertisment

പതിവുചരിത്ര നിർമിതിയെ എന്നും ചോദ്യം ചെയ്യുന്നതായിരുന്നു കെ.കെ കൊച്ചിന്റെ രചനകൾ. ദലിതൻ എന്ന് അദ്ദേഹത്തിന്റെ ആത്മകഥ ഏറെ ചർച്ചയായതും ചരിത്രത്തെ ചോദ്യം ചെയ്യുന്ന ആഖ്യാന ശൈലിയിലുള്ളതുകൊണ്ടാണ്. 

ബൃഹദാഖ്യാനങ്ങളിൽ രാജാക്കന്മാരും കൊട്ടാരങ്ങളും പടയോട്ടങ്ങളുമാണുള്ളത്. പരിചാരകരും ചതഞ്ഞരയുന്ന മനുഷ്യരും ഭാരം വലിച്ചു തളർന്നു വീഴുന്ന മൃഗങ്ങളുമില്ല. ചരിത്ര സൃഷ്ടാക്കൾ ഈ അവഗണിതരും അദൃശ്യരാക്കപ്പെട്ടവരും കൂടിയാണ്. സ്ഥൂല ലോകത്തോടൊപ്പം ബഹിഷ്‌കൃതമായ സൂക്ഷമ ലോകത്തിനും ഇടം കിട്ടേണ്ടതുണ്ട്' എന്ന അന്ത്യാക്ഷരങ്ങളോടെയാണ് ദലിതൻ അവസാനിക്കുന്നത്. അതിൽ ശൈലിയും പ്രത്യയശാസ്ത്രവും ഉള്ളടങ്ങിയിട്ടുണ്ട്.

ഭൂപരിഷ്‌കരണത്തെ ഇഎംഎസ് നമ്പൂതിരിമാർക്കുവേണ്ടി അട്ടിമറിച്ചുവെന്ന ഒരാരോപണം 'ദലിതനി' ൽ ഉണ്ട്. സമാനമായ ഒന്ന് യോഗക്ഷേമസഭയിലെ നമ്പൂതിരിപ്പാടിന്റെ ഒരു പ്രസംഗത്തെ ചൊല്ലിയും ഉണ്ട്.  സി അച്യുതമേനോന്റെ ആത്മകഥയിലെ ഭൂപരിഷ്‌കരണത്തെ അട്ടിമറിക്കാൻ നമ്പൂതിരിപ്പാട് കൂട്ടുനിന്ന്  എന്ന ആക്ഷേപം ശരിയാണെന്ന് പറയേണ്ടിവരുമെന്നാണ് ആത്മകഥയിൽ കൊച്ച് പറയുന്നത്.

സംസ്കാരം വെള്ളിയാഴ്ച

കെ.കെ കൊച്ചിന്റെ മൃതദേഹം അല്പസമയത്തിനകം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കടുത്തുരുത്തിയിലെ വീട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. വെള്ളിയാഴ്ച 11 മണി മുതൽ കടുത്തുരുത്തി കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെക്കും. ഉച്ചക്ക് രണ്ടിന് കടുത്തുരുത്തിയിലെ വീട്ടിൽ സംസ്‍കാരം നടക്കും.

Read More

Dead

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: