/indian-express-malayalam/media/media_files/uploads/2022/08/Kodiyeri-Balakrishnan.jpg)
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശവുമായി സി പി എം. ഗവര്‍ണര്‍ ബോധപൂര്‍വം കൈവിട്ട കളി കളിക്കുകയാണെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. രാജ്യത്തെ ഏക ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സാധാരണ രീതിയില്‍ പാടില്ലാത്ത തരത്തിലുള്ള ഇടപെടലാണ് ഗവര്‍ണര്‍ നടത്തുന്നത്. ഈ നിലപാട് ദുരൂഹവും ജനാധിപത്യവിരുദ്ധവുമാണ്. സര്‍ക്കാരും ഗവര്‍ണറും യോജിച്ചു പോകേണ്ട ഭരണഘടനാ സ്ഥാപനങ്ങളാണ്. എന്നാല്‍, അങ്ങനെയുള്ള പ്രവര്‍ത്തനമല്ല ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. അത്തരം നടപടികള്‍ ജനാധിപത്യ പ്രക്രിയയെ ദുര്‍ബലപ്പെടുത്തും. ഗവര്‍ണറുടെ പരസ്യമായ അഭിപ്രായങ്ങളോട് തങ്ങള്‍ ഇതുവരെ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. ഇത്രയും കടുത്ത നിലപാടിലേക്കു ഗവര്‍ണര്‍ വന്നത് ഇപ്പോഴാണ്. അതുകൊണ്ടാണ് ഇപ്പോള്‍ പരസ്യമായി അഭിപ്രായം പറയുന്നത്.
ഗവര്‍ണറുടെ ഈ സമീപനം കേരളത്തില്‍ പരിചയമില്ലാത്തതാണ്. ഓര്‍ഡിനന്‍സ് വിഷയത്തില്‍ നിയമസഭ സമ്മേളിക്കേണ്ട സ്ഥിതി വന്നു. ഇത്തരത്തിലാണെങ്കില്‍ ഭരണഘടനാനുസൃതമായി സര്‍ക്കാരിനും ഇടപെടേണ്ടി വരും. പ്രധാന ഓര്‍ഡിനന്‍സുകള്‍ പോലും തടസപ്പെടുത്തുന്നു. പോകുമ്പോള്‍ പതിനൊന്നു ഓര്‍ഡിനന്‍സുകളും പോകട്ടെയെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ഓര്‍ഡിനന്‍സുകള്‍ക്ക് അനുമതി നല്‍കാതിരിക്കുമ്പോള്‍ അതിന്റെ കാരണവും വ്യക്തമാക്കണം. അതുണ്ടായിട്ടില്ല. സുപ്രീം കോടതിക്കോ ഹൈക്കോടതിക്കോ ഇല്ലാത്ത അധികാരമാണ് ലോകായുക്തയ്ക്കുള്ളത്. ആ അധികാരം കൊടുക്കേണ്ടതുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം.
ഗവര്‍ണറെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിക്കുകയാണ് ബി ജെ പി. മറ്റു സംസ്ഥാനങ്ങളില്‍ ഗവര്‍ണറെ ഉപയോഗിച്ചാണ് കേന്ദ്രം ഭരണം അട്ടിമറിച്ചത്. സമാനമായ സ്ഥിതിയിലേക്കു കേരളത്തെ എത്തിക്കാനുള്ള ചില നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും കോടിയേരി കുറ്റപ്പെടുത്തി.
ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സി പി എം സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായെന്നു പറഞ്ഞ കോടിയേരി മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്നു കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരുടെ മൊത്തം പ്രവര്‍ത്തനങ്ങളാണ് നേതൃയോഗങ്ങളില്‍ പരിശോധിച്ചത്.
മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ പോരായ്മ പാര്‍ട്ടി തന്നെയാണ് ചര്‍ച്ച ചെയ്യേണ്ടത്. തങ്ങള്‍ അത് ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ പാര്‍ട്ടി നല്‍കും. മന്ത്രിമാര്‍ കൂടുതല്‍ സജീവമാകണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. വിമര്‍ശനം വന്നാല്‍ മന്ത്രിമാര്‍ ഉഷാറാകും. ആഭ്യന്തര വകുപ്പിനെക്കുറിച്ചും വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. അതിനു നേട്ടങ്ങളുമുണ്ട്. പൊലീസ് വകുപ്പിനെക്കുറിച്ച് എക്കാലത്തും വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. എങ്കിലും രാജ്യത്ത് ക്രമസമാധാനനില ഏറ്റവും ഭദ്രം കേരളത്തിലാണ്. ലോകായുക്ത വിഷയത്തില്‍ സി പി ഐയുമായി നേരത്തെ തന്നെ ചര്‍ച്ച ചെയ്തതാണ്. അവരുമായി ചര്‍ച്ച ചെയ്തിട്ടേ മുന്നോട്ടുപോകൂയെന്നു കോടിയേരി പറഞ്ഞു.
'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമ ബഹിഷ്‌കരിക്കാനുള്ള പാര്‍ട്ടി സൈബര്‍ അനുകൂലികളുടെ പ്രചാരണത്തെ അദ്ദേഹം തള്ളി. പരസ്യവാചകങ്ങളുടെ പേരില്‍ സിനിമാ ബഹിഷ്‌കരണമെന്നത് സി പി എമ്മിന്റെ അഭിപ്രായമല്ല. സമൂഹമാധ്യമങ്ങളില്‍ എഴുതുന്നതെല്ലാം സി പി എം നിലപാടല്ല. കോഴിക്കോട് മേയര്‍ ബീനഫിലിപ്പ് ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത നടപടി തെറ്റാണെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞിട്ടുണ്ട്. നാട്ടില്‍ നടക്കുന്ന പരിപാടികള്‍ക്കെല്ലാം പോകണമെന്നാണ് ചില മേയര്‍മാരുടെ ധാരണയെന്നും കോടിയേരി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.