തിരുവനന്തപുരം: ഗവര്‍ണര്‍ കര്‍ക്കശ നിലപാടെടുത്തതിനെത്തുടര്‍ന്ന് അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്കു പകരമായി ബില്ലുകള്‍ പാസാക്കാന്‍ നിയമസഭാ സമ്മേളനം ചേരുന്നു. സഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 22 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെയാണു നിയമസഭാ സഭാ സമ്മേളനം ചേരുക.
ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ 11 ഓര്‍ഡിനന്‍സുകളാണ് ഇന്നലെ അസാധുവായത്. എല്ലാ ഓര്‍ഡിനന്‍സുകളിലും കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്നും ഇവ സംബന്ധിച്ച് വ്യക്തമായ വിശദീകരണം വേണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായി തന്നെ തന്നെ പറഞ്ഞിരുന്നു. തുടര്‍ന്ന് ഗവര്‍ണറെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നീക്കം നടന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഈ സാഹചര്യത്തിലാണ് ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ വഷളാകുന്നത് ഒഴിവാക്കാന്‍ നിയമസഭാ സമ്മേളനം വിളിക്കാനുള്ള സര്‍ക്കാര്‍ നീക്കം.
ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതിരുന്ന ഗവര്‍ണര്‍ അത് തിരിച്ച് സര്‍ക്കാരിലേക്ക് അയച്ചിട്ടില്ല. ഇതുകാരണം, ഓര്‍ഡിനന്‍സുകള്‍ പുതുക്കി ഇറക്കാന്‍ സര്‍ക്കാരിനു കഴിയാതെ വന്നു. ഈ സാഹചര്യത്തിലാണു സഭ വിളിച്ചുചേർത്ത് ബില്‍ പാസാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. സഭ ഉടന്‍ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞതായാണു വിവരം.
ഓര്‍ഡിനന്‍സ് രാജ് അംഗീകരിക്കാനാകില്ലെന്നാണു ഗവര്‍ണര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയത്. ”അടിയന്തര സാഹചര്യങ്ങളിലാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കേണ്ടത്. ഓര്‍ഡിനന്‍സിലൂടെയാണ് ഭരിക്കുന്നതെങ്കില്‍ എന്തിനാണ് നിയമ നിര്‍മാണസഭകള്‍. സുപ്രീംകോടതി തന്നെ കൃത്യമായി ഇക്കാര്യത്തില്‍ നിലപാട് പറഞ്ഞിട്ടുണ്ട്. മനസ് പൂര്‍ണമായി അര്‍പ്പിക്കാതെ ഞാന്‍ ഒന്നും ചെയ്യില്ല,” എന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.
സര്‍ക്കാര്‍ പരസ്യമായി പറയുന്നില്ലെങ്കിലും നിയമസഭാ സമ്മേളനം നേരത്തെയാക്കിയതിനു പിന്നില്‍ ഗവര്‍ണറെ അനുനയിപ്പിക്കലാണു ലക്ഷ്യമെന്നു വ്യക്തമാണ്. അതേസമയം, ഗവര്‍ണറെ അനുനയിപ്പിക്കാനല്ല നിയമസഭാ സമ്മേളനം വിളിച്ചതെന്നും ഒക്ടോബറില്‍ നിശ്ചയിച്ചിരുന്ന തു സവിശേഷ സാഹചര്യത്തില്‍ നേരത്തെയാക്കിയതാണെന്നുമാണു നിയമ മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞത്. ഓര്‍ഡിനന്‍സുകളുമായി ഇനി മുന്നോട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, കൃത്യമായ വിശദീകരണമില്ലാതെ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടില്ലെന്ന നിലപാട് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. വിശദമായി പഠിച്ച ശേഷമേ ഓര്‍ഡിനന്‍സില്‍ താന്‍ ഒപ്പിടൂ. കഴിഞ്ഞ തവണ നിയമ സഭ ചേര്‍ന്നപ്പോള്‍ എന്തുകൊണ്ട് അവ സഭയില്‍ വച്ചില്ല. പഠിച്ച ശേഷം ഒപ്പിടുന്ന കാര്യം തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
”എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. അതിന്റെകൂടെ പോകാന്‍ താല്‍പ്പര്യമില്ല. നമ്മള്‍ ഒരു ജനാധിപത്യവ്യവസ്ഥിതിയിലാണ് ജീവിക്കുന്നത്. ഞാന്‍ എന്റെ ജോലി ചെയ്യുകയാണ്. ഞാന്‍ ആരുടെയും നിയന്ത്രണത്തിലല്ല. എന്റെ ബോധ്യത്തിന് അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യൂ. എന്നെ വിമര്‍ശിക്കാം, തള്ളാം. ചെയ്യാന്‍ പറ്റുന്നതെന്തും ചെയ്യാം,” ഗവര്‍ണര്‍ പറഞ്ഞു.