തൃശൂർ: തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ പ്രദേശത്താണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. നിരവധി മരങ്ങൾ കടപുഴകി വീണു. ഒരു വീടിന്‍റെ മേൽക്കൂര പറന്ന് തൊട്ടടുത്ത സ്കൂളിലേക്ക് വീണു. നിരവധി വൈദ്യുത പോസ്റ്റുകൾക്കും കേടുപാട് പറ്റി.
കഴിഞ്ഞ ദിവസവും തൃശൂരിൽ മിന്നൽ ചുഴലി വീശിയടിച്ചിരുന്നു. അന്നമനട പാലിശേരിയിൽ പുലർച്ചെ ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് ചുഴലിക്കാറ്റ് ഉണ്ടായത്. അന്നമനട പഞ്ചായത്തിലെ പാലശ്ശേരി, എരയാംകുടി പ്രദേശത്താണ് കാറ്റടിച്ചത്.
നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റി. വീടുകളുടെ മേൽക്കൂര പറന്നു പോയി. നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകൾക്കും കേടുപാടുകൾ പറ്റി. വ്യാപകമായ കൃഷിനാശവും ഉണ്ടായി. രണ്ട് മാസം മുമ്പും അന്നമനട പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായിരുന്നു.