/indian-express-malayalam/media/media_files/2025/04/06/JUWrn4jbbfNmJ7OGPFHG.jpg)
ചിത്രം: ഫേസ്ബുക്ക്
മധുര: എം.എ ബേബിയെ സിപിഐഎം ജനറൽ സെക്രട്ടറിയാക്കാനുള്ള ശുപാർശ പോളിറ്റ് ബ്യൂറോ (പിബി) അംഗീകരിച്ചു. ഇരുപത്തിനാലാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലാണ് തീരുമാനം. 85 അംഗ കേന്ദ്ര കമ്മിറ്റിക്ക് പാര്‍ട്ടി കോണ്‍ഗ്രസിൽ അംഗീകാരം നൽകിയിട്ടുണ്ട്. 17 വനിതകൾ കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടാകുമെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് യൂസഫ് തരിഗാമിക്കും ശ്രീമതി ടീച്ചര്‍ക്കും പ്രായ പ്രായപരിധിയിൽ ഇളവുണ്ട്.
ഇന്നു രാവിലെയാണ് എം.എ ബേബിയുടെ പേര് പോളിറ്റ് ബ്യൂറോ യോഗത്തിൽ അന്തിമമായി അംഗീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന പിബി യോഗത്തിൽ പ്രകാശ് കാരാട്ട് എം.എ ബേബിയുട പേര് നിർദേശിച്ചിരുന്നു. അശോക് ധാവ്‌ളയുടെ പേരായിരുന്നു പശ്ചിമ ബംഗാള്‍ ഘടകം മുന്നോട്ട് വെച്ചത്. കേരളവും ബംഗാളും തമ്മിൽ നടന്ന നീണ്ട ചർച്ചകൾക്കൊടുവിലാണ് എം.എ ബേബിയെ ജനറൽ സെക്രട്ടറിയാക്കാൻ ധാരണയിലെത്തിയതെന്നാണ് റിപ്പോർട്ട്.
75 വയസ്സ് എന്ന പ്രായപരിധി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പോളിറ്റ് ബ്യൂറോയിൽ നിന്ന് പടിയിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ബേബി സിപിഐഎമ്മിന്റെ തലപ്പത്തേക്ക് ഉയരുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ സീതാറാം യെച്ചൂരിയുടെ മരണശേഷം പാർട്ടിക്ക് ജനറൽ സെക്രട്ടറി ഉണ്ടായിട്ടില്ല. കാരാട്ടിനെ താൽക്കാലിക ചുമതല ഏൽപ്പിക്കുകയായിരുന്നു.
എഴുപതുകാരനായ എംഎ ബേബി, എസ്എഫ്ഐയിൽ നിന്നാണ് രാഷ്ട്രീയം ആരംഭിക്കുന്നത്. പിന്നീട് പാർട്ടിയുടെ യുവജന വിഭാഗമായ ഡിവൈഎഫ്ഐയിൽ അംഗമായി. 1986 മുതൽ 1998 വരെ സിപിഐഎമ്മിന്റെ രാജ്യസഭാ എംപിയായിരുന്നു. ജനറൽ സെക്രട്ടറിയാകുന്നതോടെ ഇഎംഎസിനുശേഷം ഈ സ്ഥാനത്തെത്തുന്ന മലയാളിയാകുകയാണ് എം.എ ബേബി.
അതേസമയം, പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയായ മുഹമ്മദ് സലീമിന്റെ പേരും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു വന്നിരുന്നു. ധാവ്‌ളെയാണ് സലീമിനെ നിർദേശിച്ചത്. എന്നാൽ ജനറല്‍ സെക്രട്ടറിയാകാനില്ലെന്നായിരുന്നു സലീമിന്റെ മറുപടി. മറിയം ധാവ്ളെ, ജിതേൻ ചൗധരി, അംറാ റാം, വിജു കൃഷ്ണൻ, അരുൺ കുമാർ, ശ്രീദീപ് ഭട്ടചാര്യ, യു. വാസുകി എന്നിവരെ പിബിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്.
Read More
- Waqf Amendment Bill: വഖഫ് നിയമഭേദഗതിയിൽ സഭയ്ക്ക് രാഷ്ട്രീയമില്ല; കത്തോലിക്ക സഭ
- Waqf Amendment Bill: മലപ്പുറം പ്രത്യേക രാജ്യം; വിവാദ പരാമർശവുമായി വെള്ളാപ്പള്ളി
- Weather inKerala: കോട്ടയത്ത് ഏഴ് പേർക്ക് ഇടിമിന്നലേറ്റു; മഴ മുന്നറിയിപ്പിൽ മാറ്റം
- കൊച്ചിയിൽ തൊഴിലിടത്തിൽ ക്രൂര പീഡനം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
- ED Raids Gokulam Gopalan's Offices: ചട്ടം ലംഘിച്ച് ഗോകുലം ഗോപാലൻ 593 കോടി സമാഹരിച്ചെന്ന് ഇ.ഡി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.