scorecardresearch

തിരുവനന്തപുരത്തെ തീരപ്രദേശം സോണുകളായി തിരിച്ചു; നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ദ്ധ രാത്രി മുതല്‍

സംസ്ഥാനത്തിനു പുറത്തുനിന്നു മത്സ്യം എത്തിച്ച് വില്‍പ്പന നടത്തുന്നതു ജില്ലയില്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്

സംസ്ഥാനത്തിനു പുറത്തുനിന്നു മത്സ്യം എത്തിച്ച് വില്‍പ്പന നടത്തുന്നതു ജില്ലയില്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്

author-image
WebDesk
New Update
Kollam district, കൊല്ലം ജില്ല, fish market, മത്സ്യ ചന്ത, covid 19, കോവിഡ് 19, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങള്‍ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 28 ജൂലൈ അര്‍ദ്ധരാത്രിവരെ 10 ദിവസത്തേക്കാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ഈ പ്രദേശങ്ങളില്‍ ഉണ്ടാകില്ല. തീരപ്രദേശങ്ങളെ മൂന്നു സോണുകളായി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Advertisment

ഇടവ മുതല്‍ പെരുമാതുറ(സോണ്‍ 1) വരെയും പെരുമാതുറ മുതല്‍ വിഴിഞ്ഞം(സോണ്‍ 2) വരെയും വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍(സോണ്‍ 3) വരെയുമായാണ് തിരിച്ചിരിക്കുന്നത്. ഇടവ, ഒറ്റൂര്‍, അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, വക്കം ഗ്രാമപഞ്ചായത്ത്, വര്‍ക്കല മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലെ തീരപ്രദേശങ്ങള്‍ സോണ്‍ ഒന്നിലും ചിറയിന്‍കീഴ്, കഠിനംകുളം ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങള്‍ സോണ്‍ രണ്ടിലും കോട്ടുകാല്‍, കരിംകുളം, പൂവാര്‍, കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങള്‍ സോണ്‍ മൂന്നിലും ഉള്‍പ്പെടും. ഐ.എ.എസ് ഉദ്യോഗസ്ഥരായ യു.വിജോസ്, ഹരികിഷോര്‍ എന്നിവരെ സോണ്‍ ഒന്നിലും എം.ജി രാജമാണിക്യം, ബാലകിരണ്‍ എന്നിവരെ സോണ്‍ രണ്ടിലും ശ്രീവിദ്യ, ദിവ്യ അയ്യര്‍ എന്നിവരെ സോണ്‍ മൂന്നിലും ഇന്‍സിഡന്റ് കമാന്റര്‍മാരായി നിയമിച്ചിട്ടുണ്ട്.

ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് പ്രദേശങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്‍സിഡന്റ് കമാന്റര്‍മാര്‍ ഏകോപിപ്പിക്കും. മൂന്നു സോണുകളിലും റവന്യു -പോലീസ്-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ക്വിക്ക് റെസ്‌പോണ്‍സ് ടീം രൂപീകരിക്കും. തഹസില്‍ദാര്‍ ടീമിനെ രൂപീകരിക്കുകയും ഡെപ്യൂട്ടി തഹസില്‍ദാര്‍ റാങ്കില്‍ കുറയാതെയുള്ള ഉദ്യോഗസ്ഥന്‍ ടീമിനെ നയിക്കുകയും ചെയ്യും.

ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ അവരവരുടെ വകുപ്പുകളിലെ ഓരോ ജീവനക്കാരുടെ വീതം സേവനം ഉറപ്പാക്കണം. ഇന്‍സിഡന്റ് കമാന്റര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് 24 മണിക്കൂറും ടീം പ്രവര്‍ത്തിക്കണം. പൊതുജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍, ആംബുലന്‍സ്, യാത്രാ സൗകര്യം, ഭക്ഷണം എന്നിവ ടീം ഉറപ്പാക്കണം.

Advertisment

മൂന്നു സോണുകളെയും ചേര്‍ത്ത് പ്രത്യേക മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിക്കും. എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ സേവനം കണട്രോള്‍ റൂമില്‍ ഉറപ്പാക്കും. സി.എഫ്.എല്‍.റ്റി.സി, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സെന്ററുകള്‍ എന്നിവിടങ്ങളിലെ ശുചിത്വം, മരുന്നു വിതരണം, ആരോഗ്യസ്ഥിതി, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇന്‍സിഡന്റ് കമാന്റര്‍മാര്‍ വിലയിരുത്തും. പ്രാദേശിക നേതാക്കളെ കൂടി ഉള്‍പ്പെടുത്തി പ്രദേശത്ത് പ്രത്യേക പ്രവര്‍ത്തനരേഖ തയ്യാറാക്കും. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന തരത്തില്‍ പദ്ധതി ആസൂത്രണം ചെയ്യും.

Read Also: തദ്ദേശീയ വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി, ആദ്യം നല്‍കിയത് 20 ഓളം പേര്‍ക്ക്

ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് പ്രദേശങ്ങളില്‍ ആയുധങ്ങളുടെ പ്രദര്‍ശനവും പ്രയോഗവും ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതിയോടു കൂടി മാത്രമേ പാടുള്ളു. കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് ഉള്ളിലേക്കും പുറത്തേക്കുമുള്ള യാത്ര അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പാട്ടുള്ളു. കണ്ടെയിന്‍മെന്റ് പ്രദേശങ്ങളിലും അനാവശ്യ യാത്ര അനുവദിക്കില്ല. ഇക്കാര്യം പോലീസ് ഉറപ്പുവരുത്തണം. സംസ്ഥാന പോലീസ് മേധാവി ജൂലൈ 17ന് പുറത്തിറക്കിയ ഉത്തരവനുസരിച്ചു വേണം പോലീസ് പ്രവര്‍ത്തിക്കാന്‍. മുന്‍നിശ്ചയപ്രകാരം നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം മാറ്റിവയ്ക്കും. അവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെടാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ളതും മറ്റ് അനുബന്ധ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. ആവശ്യമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഉപയോഗപ്പെടുത്തണം.

ആശുപത്രികള്‍, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തന അനുമതിയുണ്ട്. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളിലെ ദേശീയപാതയിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കും. എന്നാല്‍ ഈ പ്രദേശങ്ങളില്‍ വാഹനം നിര്‍ത്താന്‍ പാടില്ല. പാല്‍, പച്ചക്കറി, പലചരക്ക് കടകള്‍ ഇറച്ചികടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് നാലുമണിവരെ പ്രവര്‍ത്തിക്കാം. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, ഒരുകിലോ ധാന്യം എന്നിവ സിവില്‍ സപ്ലൈസിന്റെ നേതൃത്വത്തില്‍ നല്‍കും. പ്രദേശങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പ്, സപ്ലൈകോ, കെപ്കോ എന്നിവയുടെ മൊബൈല്‍ വാഹനങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തും. ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ മൊബൈല്‍ എ.റ്റി.എം സൗകര്യവും ഒരുക്കും. പ്രദേശത്തെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമായും പാലിക്കണം. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

കൊല്ലത്തെ 93 മത്സ്യച്ചന്തകള്‍ അടച്ചിടും

കൊല്ലം: കോവിഡ്-19 നിയന്ത്രണാതീതമായ സാഹചര്യത്തിൽ കൊല്ലം ജില്ലയിൽ 93 മത്സ്യച്ചന്തകൾ അടച്ചിടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. പരവൂര്‍ മുതല്‍ അഴീക്കല്‍ വരെനീളുന്ന കടലോര ഗ്രാമങ്ങളിലെ 93 ചന്തകളാണ് അടയ്ക്കുന്നത്.  ഒരാഴ്‍ചയായി അടഞ്ഞുകിടക്കുന്ന ഇവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരും. സംസ്ഥാനത്തിന് പുറത്തുനിന്നു മത്സ്യം എത്തിച്ച് വില്‍പ്പന നടത്തുന്നതും ജില്ലയില്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

തൊഴില്‍ നഷ്ടപ്പെട്ട പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ സര്‍ക്കാർ വക സഹായധനം നല്‍കും. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് സഹായധനത്തിന്‍റെ ആദ്യഗഡുവായ 1500 രൂപ വീതം നല്‍കിത്തുടങ്ങി. കൊല്ലം ജില്ലയിൽ വെള്ളിയാഴ്ച മാത്രം 47 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Read More: തലസ്ഥാനത്ത് രണ്ടിടത്ത് സമൂഹവ്യാപനം: അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

മത്സ്യബന്ധനത്തിന് പോകുന്നതിനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിടുണ്ട്. ചില നിബന്ധനകളോടെ മത്സ്യ ബന്ധനത്തിന് അനുമതി നല്‍കാന്‍ ജില്ലാഭരണകൂടത്തിന് ആലോചന ഉണ്ടായിരുന്നു. എന്നാല്‍ രോഗവ്യാപനത്തിന്‍റെ തോത് ഉയരാന്‍ തുടങ്ങിയതോടെ അനുമതി നല്‍കണ്ടേന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മത്സ്യത്തൊഴിലാളികളില്‍നിന്നു മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ തുടങ്ങിയതോടെയാണ് കര്‍ശന നടപടികളുമായി ജില്ലാഭരണകൂടം മുന്നോട്ടുപോകുന്നത്.

Lockdown Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: