തദ്ദേശീയമായ വാക്‌സിന്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഭാരത് ബയോടെക്കും സൈഡഡ് കാഡിലയും മനുഷ്യരില്‍ കോവിഡ്-19 വാക്‌സിനുകള്‍ ഈ ആഴ്ച പരീക്ഷിച്ചു തുടങ്ങി.
എന്താണ് ഈ വാക്‌സിനുകള്‍?
ജീവനില്ലാത്ത കോവിഡ്-19 വൈറസില്‍ നിന്നുള്ള ഘടകങ്ങള്‍ ഉപയോഗിച്ചാണ് ബയോടെക്കിന്റെ കോവാക്‌സിന്‍ നിര്‍മിച്ചിരിക്കുന്നത്. ഈ വാക്‌സിന്‍ ശരീരത്തില്‍ കുത്തിവച്ചാല്‍ വൈറസിനെതിരായ രോഗ പ്രതിരോധ ശേഷ കൈവരിക്കുമെന്നാണ് സ്ഥാപനം പറയുന്നത്.
Read Also: റഷ്യയിലെ കോവിഡ് വാക്‌സിന്‍ ജനങ്ങളില്‍ എത്താന്‍ ഇനിയുമെത്ര കാത്തിരിക്കണം?
സൈഡസ് കാഡിലയുടെ സൈകോവ്-ഡി വാക്‌സിന്‍ എന്നത് പ്ലാസ്മിട് ഡിഎന്‍എ വാക്‌സിന്‍ ആണ്. വൈറസിനെതിരായ ആന്റിജന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു തരം ഡിഎന്‍എ തന്‍മാത്രയാണ് പ്ലാസ്മിടുകള്‍. ജനറ്റിക്കല്‍ എൻജിനീയറിങ് വിദ്യ ഉപയോഗിച്ചാണ് നിര്‍മാണം. വൈറസിന് സമാനമായ ഈ ഡിഎന്‍എ ശൃംഖല കുത്തിവയ്ക്കുന്നത് ശരീരത്തിന് രോഗപ്രതിരോധ ശേഷി കൈവരിക്കും.
എന്നാണ് പരീക്ഷണം ആരംഭിച്ചത്?
ജൂലൈ 15-നാണ് ഭാരത് ബയോടെക്കും സൈഡസ് കാഡിലയും ആദ്യ സംഘത്തിലെ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയത്.
രാജ്യത്തെ 12 ക്ലിനിക്കല്‍ പരീക്ഷണ ഇടങ്ങളില്‍ 375 പേര്‍ക്കാണ് കോവാക്‌സിന്‍ നല്‍കുന്നത്. ഇതില്‍, പട്‌ന എഐഐഎംഎസിലേയും റോത്തക്കിലെ പിജിഐഎംഎസിലേയും വോളന്റിയേഴ്‌സിനാണ് ആദ്യം കോവാക്‌സിന്‍ നല്‍കിയത്.
സൈകോവ്-ഡി രണ്ട് ഘട്ടങ്ങളിലായി 1,048 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അഹമ്മദാബാദിലെ സൈഡസ് ഗവേഷണ കേന്ദ്രത്തിലാണ് വാക്‌സിന്‍ പരീക്ഷണമെന്ന് ഇന്ത്യയിലെ ക്ലിനിക്കല്‍ ട്രയല്‍ രജിസ്ട്രി പറയുന്നു.
ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്?
ആദ്യഘട്ട പരീക്ഷണം തുടരണമോയെന്ന് തീരുമാനിക്കുന്നതിനായി വളരെ കുറച്ചുപേര്‍ക്ക് വാക്‌സിന്‍ നല്‍കുയാണ് ഇപ്പോള്‍ നടക്കുന്നത്. വാക്‌സിന്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയാല്‍ ആദ്യ ഘട്ടത്തിലെ കൂടുതല്‍ പേര്‍ക്ക് നല്‍കും.
ഉദാഹരണമായി, പട്‌ന എഐഐഎംഎസില്‍ 18-20 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഈ സംഘത്തിലെ ആളുകള്‍ക്ക് നല്‍കിയശേഷം 7-10 ദിവസത്തേക്ക് അവരെ നിരീക്ഷിക്കും. ഈ കാലയളവില്‍ മറ്റാര്‍ക്കും വാക്‌സിന്‍ നല്‍കുകയില്ല. വാക്‌സിന്‍ സുരക്ഷിതമാണോയെന്ന് അറിയുന്നതിനുള്ള വിവരങ്ങള്‍ ഈ സംഘത്തില്‍നിന്നു ശേഖരിക്കും. ഈ വിവരങ്ങള്‍ സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡിന് നല്‍കും. അവര്‍ ആ വിവരങ്ങള്‍ പഠിക്കുകയും ഈ വാക്‌സിന്‍ മനുഷ്യരില്‍ കുത്തിവയ്ക്കുന്നത് സുരക്ഷിതമാണോയെന്ന് തീരുമാനിക്കുകയും ചെയ്യും.
Read Also: കോവിഡ് -19 വൈറസ് വായുവിലൂടെ പകരുമോ?
സുരക്ഷാ പ്രശ്‌നം ഒന്നുമില്ലെങ്കില്‍ പട്‌ന എയിംസില്‍ കൂടുതല്‍ പേരെ പരീക്ഷണത്തിനായി ചേര്‍ക്കും. അതേസമയം, സൈകോവ്-ഡി ഇതേ പ്രക്രിയയാണോ പിന്തുടരുന്നതെന്ന വിവരം ലഭ്യമല്ല.
ആദ്യ ഘട്ട പരീക്ഷണത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 14 ദിവസത്തെ ഇടവേളയില്‍ രണ്ട് തവണ വാക്‌സിന്‍ നല്‍കും. സൈകോവ്-ഡി മൂന്ന് തവണയാണ് വാക്‌സിന്‍ നല്‍കുന്നത്. രണ്ടാമത്തേത് 28-ാം ദിവസവും മൂന്നാമത്തേത് 56-ാം ദിവസവും.
പരീക്ഷണം എത്ര കാലം നീളും?
കോവാക്‌സിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തിലധികം എടുക്കും. അതിനുശേഷം പരീക്ഷണ വിവരങ്ങള്‍ ഇന്ത്യയുടെ ഡ്രഗ് കണ്‍ട്രോളര്‍ക്ക് നല്‍കും. പിന്നാലെ, രണ്ടാം ഘട്ടം പരീക്ഷണം ആരംഭിക്കും. രണ്ട് ഘട്ടവും പൂര്‍ത്തീകരിക്കാന്‍ 15 മാസം എടുക്കുമെന്നാണ് സിടിആര്‍ഐയില്‍ നിന്നുള്ള വിവരങ്ങള്‍ കാണിക്കുന്നത്.
സൈകോവ്-ഡിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനുശേഷം രണ്ടാംഘട്ടം ആരംഭിക്കും. രണ്ട് ഘട്ടങ്ങളും പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തോളമെടുക്കുമെന്നാണ് സിടിആര്‍ഐയില്‍ നിന്നുള്ള വിവരം. എന്നാല്‍, രണ്ട് ഘട്ടങ്ങളും മൂന്ന് മാസത്തിനുള്ള പൂര്‍ത്തിയാക്കുമെന്നാണ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ പങ്കജ് പട്ടേല്‍ നേരത്തെ പറഞ്ഞത്.
Read in English: Bharat Biotech, Zydus Cadila start human trials for Covid-19 vaccine