scorecardresearch

പൂന്തുറ പ്രതിഷേധത്തിന് പിന്നില്‍ പ്രതിപക്ഷം; വ്യാജവാര്‍ത്ത പരത്തുന്നു: മുഖ്യമന്ത്രി

ഒരു പ്രദേശത്തെയും ജനതയെയും ഗുരുതരമായ വിപത്തിലേക്ക് തള്ളിയിട്ടുകൊണ്ട് ഇക്കൂട്ടര്‍ക്ക് എന്തു രാഷ്ട്രീയ നേട്ടമാണ് നേടാനുള്ളത്? ഈ മാനസികാവസ്ഥ ഒരു പ്രത്യേക പ്രദേശത്തു മാത്രം ഒതുങ്ങുന്നതല്ല: മുഖ്യമന്ത്രി പറഞ്ഞു

ഒരു പ്രദേശത്തെയും ജനതയെയും ഗുരുതരമായ വിപത്തിലേക്ക് തള്ളിയിട്ടുകൊണ്ട് ഇക്കൂട്ടര്‍ക്ക് എന്തു രാഷ്ട്രീയ നേട്ടമാണ് നേടാനുള്ളത്? ഈ മാനസികാവസ്ഥ ഒരു പ്രത്യേക പ്രദേശത്തു മാത്രം ഒതുങ്ങുന്നതല്ല: മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
New Update
covid-19, കോവിഡ്-19, coronavirus, കൊറോണവൈറസ്, poonthura, പൂന്തുറ, super spread, സൂപ്പര്‍ സ്പ്രഡ്, poonthura covid agitation, പൂന്തുറ കോവിഡ് സമരം,

തിരുവനന്തപുരം: പൂന്തുറയില്‍ പഴുതടച്ച കോവിഡ്-19 രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ തെറ്റായ പ്രചാരണവും അട്ടിമറി നീക്കവുമായി യുഡിഎഫ് നേതാക്കള്‍ മുന്നില്‍ നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൂന്തുറയിലെ രോഗസാധ്യതയുള്ള ജനങ്ങളെ ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കുന്നതിനെതിരെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് വാട്‌സാപ്പിലൂടെ പ്രചാരണം നടത്തുകയാണ്.

Advertisment

ആന്റിജന്‍ ടെസ്റ്റ് വെറുതെയാണെന്നും ജലദോഷമുണ്ടെങ്കില്‍ പോലും പോസിറ്റീവാകുമെന്നും അങ്ങനെ നിരീക്ഷണകേന്ദ്രത്തില്‍ പോയാല്‍ കോവിഡ് ബാധിക്കുമെന്നും പ്രചരിപ്പിക്കുന്നു. ടെസ്റ്റ് നടത്തുന്നത് രോഗഭീതി പരത്താനാണെന്നും പൂന്തുറക്കാരോടുള്ള പ്രത്യേക വൈരാഗ്യം തീര്‍ക്കാനാണെന്നു പോലും പ്രചാരണമുണ്ടായി. തെരുവിലിറങ്ങിയാല്‍ ഓരോരുത്തര്‍ക്കും സര്‍ക്കാര്‍ സഹായം കിട്ടും എന്ന ദുര്‍ബോധനപ്പെടുത്തലും നടന്നു.

Read Also: “ഞാന്‍ കൈകൂപ്പി കേണപേക്ഷിച്ചു, ഞങ്ങളെ വിട്ടയക്കാന്‍,” പൂന്തുറയില്‍ ജനം തടഞ്ഞുവച്ച വനിതാ ഡോക്ടര്‍ പറയുന്നു

ഇതിന്റെ ഫലമായി സ്ത്രീകളടക്കമുള്ള 100 പേരടങ്ങുന്ന സംഘം ഇന്ന് രാവിലെ 10.30ഓടെ ചെറിയമുട്ടത്ത് തടിച്ചുകൂടുകയുണ്ടായി. കാരക്കോണം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കോവിഡ് രോഗികളായ തങ്ങളുടെ ബന്ധുക്കള്‍ക്ക് ഭക്ഷണവും കുടിവെളളവും മരുന്നും ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇത്. അത്യാവശ്യ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കണമെന്നും കടകള്‍ വൈകുന്നേരം വരെ തുറന്നുവെയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Advertisment

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും പുറത്തു പോകുന്നതിന് അനുമതി നല്‍കുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു. മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറ എന്നിവിടങ്ങളിലെ മൊത്തം രോഗികളുടെ എണ്ണമാണ് ഔദ്യോഗികമായി വൈകുന്നേരങ്ങളില്‍ പ്രഖ്യാപിക്കുന്നതെങ്കിലും മൂന്നു സ്ഥലങ്ങളിലേയും കണക്കുചേര്‍ത്ത് പൂന്തുറയിലെ രോഗികള്‍ എന്ന പേരിലാണ് മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നത്. ഇത് പൂന്തുറ നിവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചിലര്‍ ആരോപിച്ചു.

വിവരം ലഭിച്ചയുടനെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി കളക്ടര്‍, പൂന്തുറ പള്ളിവികാരി എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി ആള്‍ക്കൂട്ടത്തെ പിരിച്ചുവിടുകയുണ്ടായി.

Read Also: നാന്നൂറിനും മുകളിൽ; കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 416 പേർക്ക്, സമ്പർക്കത്തിലൂടെ 204

പൂന്തുറയില്‍ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ അത് അങ്ങനെ തന്നെയാണ് പറയുക. അല്ലാതെ മറ്റൊരു സ്ഥലത്തിന്റെ പേരു പറയാന്‍ കഴിയില്ലല്ലൊ. പൊന്നാനിയിലുണ്ടായപ്പോള്‍ പൊന്നാനി എന്നും കാസര്‍കോടിനെ കാസര്‍കോട് എന്നും ചെല്ലാനത്തെ ചെല്ലാനം എന്നു തന്നെയാണ് പറഞ്ഞത്. അത് ആരെയും വിഷമിപ്പിക്കാനല്ല; മറിച്ച് ജാഗ്രതപ്പെടുത്താനാണ്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ആരെയും ബുദ്ധിമുട്ടിക്കാനല്ല. ഒരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ സ്വഭാവികമായും അതിന്റേതായ പ്രയാസം ഉണ്ടാകുന്നത് സഹിക്കേണ്ടിവരും. അത് മനുഷ്യജീവന്‍ മുന്‍നിര്‍ത്തിയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളെ തെറ്റായ സങ്കുചിത പ്രചാരണങ്ങളിലൂടെ കീഴ്‌പ്പെടുത്താമെന്നു വന്നാല്‍ നാളെ ഒരിടത്തും ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണുണ്ടാവുക. നിയന്ത്രണങ്ങള്‍ക്ക് ചിലര്‍ മറ്റു മാനങ്ങള്‍ നല്‍കുന്നതാണ് വിഷപ്രയോഗം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നല്ല രീതിയില്‍ സഹകരിക്കുന്ന ജനതയാണ് അവിടെയുള്ളത് അവരെ ഇത്തരം ദുഷ്പ്രചാരണങ്ങളിലൂടെ വിഷമിപ്പിക്കരുത്.

വ്യാജവാര്‍ത്തകളും വിവരങ്ങളും അഭ്യൂഹങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആ പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് തടസ്സം വരുത്തുന്ന രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ മുളയിലേ നുള്ളാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബോധപൂര്‍വം നേതൃത്വം വഹിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും.

രോഗം സ്ഥിരീകരിക്കുന്നവരെ ജില്ലയിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്കാണ് മാറ്റിയത്. ഇങ്ങനെ മാറ്റിയവരില്‍ ഒരു വീട്ടിലുള്ളവര്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ കഴിയുന്നില്ല എന്ന പരാതിയാണ് ചിലര്‍ ഉയര്‍ത്തിയത്. വ്യാജ മത്സ്യവിതരണ ലോബിക്കുവേണ്ടി കോവിഡ് പരിഭ്രാന്തി പരത്തുന്നു എന്നും പൂന്തുറയെ കരുവാക്കുന്നു എന്നും മറ്റൊരു പ്രചാരണം. ആരോഗ്യപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ബാരിക്കേഡ് സൃഷ്ടിച്ച് അവരുടെ സഞ്ചാരം തടയാനും ശ്രമമുണ്ടായി. ഇതൊന്നും ആ പ്രദേശത്തെ ജനങ്ങള്‍ സ്വഭാവികമായി ചെയ്യുന്നതല്ല. കൃത്യമായ ലക്ഷ്യംവെച്ച് ചിലര്‍ ചെയ്യിക്കുന്നതാണ്. അതിനുപിന്നില്‍ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം തന്നെ ഉണ്ട് എന്ന സൂചനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read Also: ജനങ്ങളുടെ നിഷ്‌കളങ്കതയെ ചിലർ മുതലെടുക്കാൻ ശ്രമിക്കുന്നു; പൂന്തുറയിൽ സംഭവിക്കുന്നത്, ഡോ.ദിവ്യ ഗോപിനാഥ് സംസാരിക്കുന്നു

ആന്റിജന്‍ ടെസ്റ്റിനെ പറ്റി ബോധപൂര്‍വം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുകയാണ്. കൊറോണ വൈറസിന് പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. ന്യൂക്ലിക്ക് ആസിഡ് എന്ന ഉള്‍ ഭാഗവും പ്രോട്ടിന്‍ എന്ന പുറം ഭാഗവും. പിസിആര്‍ ടെസ്റ്റ് ന്യൂക്ലിയിക്ക് ആസിഡ് ഭാഗവും ആന്റിജന്‍ ടെസ്റ്റ് പ്രോട്ടീന്‍ ഭാഗവുമാണ് ടെസ്റ്റ് ചെയ്യുന്നത്. രണ്ടും ഒരു പോലെ രോഗനിര്‍ണ്ണയത്തിന് സഹായകരമാണ്. പിസിആര്‍ ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് കിട്ടാന്‍ നാലു മുതല്‍ ആറു മണിക്കൂര്‍ വരെ സമയം വേണ്ടിവരും. പ്രത്യേകമായി സജ്ജീകരിച്ച ലാബുകളുടെയും യന്ത്രങ്ങളുടെയും സഹായവും വേണം.

ആന്റിജന്‍ ടെസ്റ്റിന് അരമണിക്കൂര്‍ സമയം മതി. ടെസ്റ്റ് നടത്തുന്നിടത്ത് വച്ചു തന്നെ ഫലം അറിയാം. ലാബറട്ടറിയില്‍ അയക്കേണ്ടതില്ല. രണ്ടിനും ചില പരിമിതികളുമുണ്ട്. രോഗം ഭേദമായി കഴിഞ്ഞാലും ചിലരില്‍ പിസിആര്‍ ടെസ്റ്റ് പോസിറ്റീവ് ആയെന്ന് വരാം. വൈറസിന്റെ ചില ഭാഗങ്ങള്‍ തുടര്‍ന്നും പുറത്തുവരുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്താല്‍ നെഗറ്റീവായിരിക്കും. അതുപോലെ രോഗലക്ഷണമുള്ളവരില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാല്‍ പോലും ഒരു സുരക്ഷക്കു വേണ്ടി പിസിആര്‍ ടെസ്റ്റ് നടത്താറുമുണ്ട്.

ഇതുപോലെ ആന്റിബോഡീ ടെസ്റ്റുമുണ്ട്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ആന്റി ബോഡീ (പ്രതി വസ്തു) പരിശോധിക്കാനാണ് ആന്റിബോഡി ടെസ്റ്റ് ചെയ്യുന്നത്.

കോവിഡ് സ്‌ക്രീനിങ്ങിനായി ആന്റിജന്‍ ടെസ്റ്റ് ആണ് പരക്കെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. പ്രാഥമികമായി ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത് എന്നതിനാല്‍ മൂക്കിന്റെ പിന്‍ഭാഗത്തും തൊണ്ടയിലും ആയിരിക്കും വൈറസിന്റെ സാന്നിദ്ധ്യം കൂടുതല്‍ കാണുന്നത്. ആ ഭാഗങ്ങളിലുള്ള സ്രവമാണ് പരിശോധനക്ക് എടുക്കുന്നത്. ആന്റിജന്‍ ടെസ്റ്റാണ് ഏറ്റവും നല്ല സ്‌ക്രീനിങ് ടെസ്റ്റ് എന്നതുകൊണ്ടു തന്നെയാണ് അത് ഉപയോഗിക്കുന്നത്. ഇതിനെ മറ്റൊരു അര്‍ത്ഥത്തില്‍ പ്രചരിപ്പിക്കുന്നത് സമൂഹത്തോടു തന്നെയുള്ള അക്രമവും വെല്ലുവിളിയുമാണ്.

ഒരു പ്രദേശത്തെയും ജനതയെയും ഗുരുതരമായ വിപത്തിലേക്ക് തള്ളിയിട്ടുകൊണ്ട് ഇക്കൂട്ടര്‍ക്ക് എന്തു രാഷ്ട്രീയ നേട്ടമാണ് നേടാനുള്ളത്? ഈ മാനസികാവസ്ഥ ഒരു പ്രത്യേക പ്രദേശത്തു മാത്രം ഒതുങ്ങുന്നതല്ല.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിവ്യാപന മേഖലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമായി തുടരും.

Read Also: പാവം മനുഷ്യരെ കൊലയ്‌ക്ക് കൊടുക്കരുത്; പ്രതിഷേധങ്ങളുടെ സ്വഭാവം മാറ്റണമെന്ന് ഡോ.ജിനേഷ്

രോഗവ്യാപനത്തിന്റെ അവസ്ഥ അത്യന്തം ഗുരുതരമായി മാറിയ ഘട്ടത്തിലാണ് അപകടകരമായ ചില പ്രവണതകള്‍ ഉണ്ടാകുന്നത്. കോവിഡ് 19നെതിരായ നമ്മുടെ പോരാട്ടത്തെ അട്ടിമറിക്കുന്നതിനും സമൂഹത്തെയാകെ അത്യാപത്തിലേക്ക് തള്ളിവീഴ്ത്തുന്നതിനും ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്.

തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടിവന്നതും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയതും രോഗവ്യാപനം പരിധിവിടുന്ന ഘട്ടത്തിലാണ്. കോവിഡ് 19 തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് മാര്‍ച്ച് 11നാണ്. ജൂലൈ 9 ആയപ്പോള്‍ 481 കേസുകളായി. ഇതില്‍ 215 പേര്‍ വിദേശത്തു നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വന്നതാണ്. 266 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കംമൂലമാണ്. ഇന്നുമാത്രം തിരുവനന്തപുരത്ത് ആകെ പോസിറ്റീവായ 129 പേരില്‍ 105 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് വൈറസ് ബാധയുണ്ടായത്. ഈ കേസുകള്‍ വെച്ച് പഠനം നടത്തിയപ്പോള്‍ ജില്ലയില്‍ 5 ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്. ഈ ക്ലസ്റ്ററുകള്‍ എല്ലാം തിരുവനന്തപുരം കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ചിട്ടുള്ളതാണ്.

ഒരു പ്രത്യേക പ്രദേശത്ത് 50ല്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ലാര്‍ജ് കമ്യൂണിറ്റി ക്‌ളസ്റ്ററുകള്‍ ഉണ്ടായതായി കണക്കാക്കുന്നത്. കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളത് 2 ലാര്‍ജ് കമ്യൂണിറ്റി ക്‌ളസ്റ്ററുകളാണ്. ആദ്യത്തേത് പൊന്നാനിയിലും രണ്ടാമത്തേത് തിരുവനന്തപുരം നഗരത്തിലെ മൂന്നു വാര്‍ഡുകളിലും. ഈ രണ്ടിടങ്ങളിലും ശാസ്ത്രീയമായ ക്‌ളസ്റ്റര്‍ മാനേജ്‌മെന്റ് സ്ട്രാറ്റജി നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്.

അതിനായി കേസുകളും അവയുടെ കോണ്ടാക്ടുകളും ഒരു പ്രദേശത്ത് എങ്ങനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കി കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നു. ഇവിടെ പെരിമീറ്റര്‍ കണ്‍ട്രോള്‍ നടപ്പിലാക്കുന്നു. അതായത് ആ പ്രദേശത്തേക്ക് കടക്കുന്നതിനും ഇറങ്ങുന്നതിനും, കഴിയുമെങ്കില്‍ ഒരു വഴി മാത്രം ഉപയോഗിക്കുന്ന രീതിയില്‍, അവിടെയ്ക്കുള്ള വരവും പുറത്തോട്ടുള്ള പോക്കും കര്‍ശനമായി നിയന്ത്രിക്കും.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്കകത്ത് ക്‌ളസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ടോ എന്നു മനസ്സിലാക്കാനുള്ള വിശദമായ പരിശോധന നടത്തും. അതിനായി ടെസ്റ്റിങ് തീവ്രമാക്കും. വീടുകള്‍ സന്ദര്‍ശിച്ച് ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങള്‍ ബാധിച്ചവരുണ്ടോ എന്നും കണ്ടെത്തി അവര്‍ക്ക് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തും. പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ കോണ്ടാക്ട് ട്രെയ്‌സിങ് ആണ് അടുത്ത ഘട്ടം.

Read Also: എന്തുകൊണ്ട് എല്ലാ കോവിഡ് കേസുകളും പൂന്തുറയില്‍ ആകുന്നു?

അതിനായി സന്നദ്ധ വളണ്ടിയര്‍മാരെയും ഉപയോഗിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ശാരീരിക അകലം കര്‍ശനമായി പാലിച്ചേ തീരൂ. ആളുകള്‍ കൂടുന്ന സാഹചര്യം ഒരു കാരണവശാലും അനുവദിക്കില്ല. അതുപോലെത്തന്നെ സാനിറ്റൈസറുകളും മാസ്‌കുകളും ഉപയോഗിക്കുന്ന കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തണം. ഈ കാര്യങ്ങളില്‍ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. ക്‌ളസ്റ്റര്‍ മാനേജ്‌മെന്റ് ഫലപ്രദമായി നടപ്പിലാക്കേണ്ടത് സാമൂഹ്യവ്യാപനം തടയാന്‍ ആവശ്യമാണെന്ന് ഓരോരുത്തരും ഓര്‍ക്കണം.

തിരുവനന്തപുരത്ത് മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി, കുമരിചന്ത തുടങ്ങിയ പ്രദേശത്താണ് പ്രധാനപ്പെട്ട ക്ലസ്റ്റര്‍ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ രോഗവ്യാപനത്തിന് കാരണമായ ഇന്‍ഡക്‌സ് കേസ് കന്യാകുമാരി ഹാര്‍ബറില്‍ നിന്നും മത്സ്യം എടുത്ത് കുമരിചന്തയില്‍ വില്‍പ്പന നടത്തിയ മത്സ്യവ്യാപാരിയാണ്.

ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍, വീടുകളില്‍ മത്സ്യം കച്ചവടം നടത്തുന്നവര്‍, ചുമട്ടുതൊഴിലാളികള്‍, ലോറി ഡ്രൈവര്‍മാര്‍ തുടങ്ങിയവരില്‍ അടുത്തിടപഴകിയ 13 പേര്‍ക്കാണ് രോഗവ്യാപനം ആദ്യമുണ്ടായത്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സഹകരണമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ തുടങ്ങിയവര്‍ അടിയന്തര യോഗം ചേരുകയും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയുള്ള ബോധവല്‍ക്കരണത്തിനു പുറമെ സാമൂഹ്യ സേവന തല്‍പ്പരരായ 2000 വളന്റിയര്‍മാരുടെ സഹായത്തോടെ പള്ളി വികാരിയുടെ നേതൃത്വത്തില്‍ ബിറ്റ് നോട്ടീസ് വിതരണം, പോസ്റ്ററുകള്‍ പതിക്കലും ആരംഭിച്ചു. പൂന്തുറ ബസ് സ്റ്റോപ്പ്, ചെറിയാമുട്ടം ജങ്ഷന്‍, ഫിഡല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചു.

രോഗവ്യാപനം തടയുന്നതിന് ഏറ്റവും പ്രധാനപ്പെട്ട വഴി എത്രയും പെട്ടെന്ന് തന്നെ സമൂഹത്തിലുള്ള രോഗികളെ ടെസ്റ്റ് ചെയ്ത് കണ്ടുപിടിക്കുക എന്നതാണ്. ലോകാരോഗ്യ സംഘടയുടെ പഠനത്തില്‍ ഏറ്റവും മെച്ചപ്പെട്ട ആന്റിജന്‍ ടെസ്റ്റ് തന്നെയാണ് ഈ മേഖലയില്‍ നടത്തുന്നത്. ഇതുവരെ തിരുവനന്തപുരത്തെ പ്രശ്‌നബാധിതമായ മൂന്നു വാര്‍ഡികളില്‍ നിന്നു മാത്രം 1192 ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. അതില്‍ 243 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

പാലിയേറ്റീവ് രോഗികളെ ഈ രോഗവ്യാപനത്തില്‍ നിന്നും രക്ഷിക്കുവാന്‍ 'പരിരക്ഷ' എന്ന പേരില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ ആക്ഷന്‍ പ്ലാനും നടപ്പാക്കുന്നുണ്ട്. കണ്ടൈന്‍മെന്റ് സോണില്‍ ആകെയുള്ള 31,985 ജനങ്ങളില്‍ 184 പാലീയേറ്റീവ് രോഗികളാണുള്ളത്. ഇവരെ നിരീക്ഷിക്കുവാന്‍ ട്രെയിനിങ് ലഭിച്ച പാലിയേറ്റീവ് സ്റ്റാഫുകളെ ചുമതലപ്പെടുത്തി.

Corona Virus Pinarayi Udf Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: