Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

നാന്നൂറിനും മുകളിൽ; കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 416 പേർക്ക്, സമ്പർക്കത്തിലൂടെ 204

ചികിത്സയിലായിരുന്ന 112 പേർ രോഗമുക്തിയും നേടി

Kerala Covid statics, കേരള കോവിഡ് കേസുകൾ, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, July 7 Corona virus, കൊറോണ വെെറസ്, Covid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, July 3 Covid Numbers, ജൂലെെ മൂന്ന് കോവിഡ് രോഗികൾ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളത്തിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 400 കടന്നു. ഇന്ന് പുതിയതായി 416 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണിത്. ചികിത്സയിലായിരുന്ന 112 പേർ രോഗമുക്തിയും നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപട്ടികയിലുള്ളവരാണ്. 204 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 117 പേർ വിദേശത്ത് നിന്ന് എത്തിയവരും 74 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിലെ 35 പേർക്കും രണ്ട് ബിഎസ്എഫുകാർക്കും ഒരു സിഎസ്എഫുകാരനും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 129
ആലപ്പുഴ: 50
മലപ്പുറം – 41
പത്തനംതിട്ട – 32
പാലക്കാട് -28
കൊല്ലം – 28
കണ്ണൂർ – 23
എറണാകുളം – 20
തൃശൂർ – 17
കാസർഗോഡ് – 17
കോഴിക്കോട്-12
ഇടുക്കി – 12
കോട്ടയം – 7

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 5
ആലപ്പുഴ – 24
കോട്ടയം – 9
ഇടുക്കി – 4
എറണാകുളം – 4
തൃശൂർ – 19
പാലക്കാട് – 8
മലപ്പുറം – 18
വയനാട് – 4
കൊല്ലം – 10
കണ്ണൂർ – 14
കാസർഗോഡ് – 3

കേരളത്തിൽ ആകെ രോഗം സ്ഥിരീകരിച്ചത് 6950 പേർക്ക്

ഇതോടെ സംസ്ഥാനത്ത് 6950 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3099പേർ കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 184112 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3517 പേർ ആശുപത്രികളിലാണ്. ഇന്ന് പരിശോധനയ്ക്ക് അയച്ച 11693 എണ്ണം ഉൾപ്പടെ സംസ്ഥാനത്ത് 226868 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4525 ഫലം ഇനിയും വരേണ്ടതുണ്ട്. സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 70112 സാമ്പിളുകൾ പരിശോധിച്ചതിൽ 66132ഉം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. 181 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

മൊത്തം കേസുകൾക്ക് ആനുബാധികമായി സമ്പർക്ക കേസുകൾ വർധിക്കുന്നത് അപകടകരം. ജൂൺ 30ന് 6.16 ശതമാനമായിരുന്ന സമ്പർക്ക വ്യാപന നിരക്ക് ഇന്നലെ 20.64 ശതമാനമായി വർധിച്ചു. രോഗസാധ്യതയുള്ളവരുടെ ടെസ്റ്റിങ് വർധിപ്പിക്കാനും ചികിത്സ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമാണ് തീരുമാനം.

കടുത്ത രോഗ പ്രശ്നങ്ങളുള്ളവരെ ചികിത്സിക്കാൻ എല്ലാ ജില്ലയിലും രണ്ട് കോവിഡ് ആശുപത്രികൾ.

അത്ര ഗുരുതര പ്രശ്നമില്ലാത്തവർക്ക് ഓരോ കോവിഡ് ആശുപത്രിയുമായി ചേർത്ത് കോവിഡ് പ്രഥമഘട്ട ചികിത്സ കേന്ദ്രങ്ങൾ.

രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ സ്വകാര്യ മേഖലയുമായി സഹകരിച്ച് ചികിത്സ ഉറപ്പാക്കാൻ പ്ലാൻ എ,ബി,സി തയ്യാർ.

ഇന്ത്യയിലെ പ്രധാന നഗരങ്ങളെല്ലാം തന്നെ കോവിഡ് മഹാമാരിക്ക് മുന്നിൽ മുട്ടുമടക്കി കഴിഞ്ഞു. ബാംഗ്ലൂരിലും ചെന്നൈയിലുമെല്ലാം സ്ഥിതി മോശമാവുകയാണ്. കേരളത്തിൽ രോഗബാധയുണ്ടായതിന് ശേഷമാണ് ഇവിടങ്ങളിൽ ആദ്യ കേസുകളുണ്ടായതെന്നതും ശ്രദ്ധേയമാണ്. ക്ലസ്റ്ററുകളും മൾട്ടിക്ലസ്റ്ററുകളും രൂപപ്പെടുന്നത് അപകടമാണ്. ജനസാന്ദ്രത കൂടിയ കേരളം പോലെയുള്ള സംസ്ഥാനത്ത് രോഗവ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നും മുഖ്യമന്ത്രി.

മാർച്ച് 24ന് രാജ്യം ഒന്നടങ്കം ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന സമയത്ത് ഇന്ത്യയിലുണ്ടായിരുന്ന ആകെ കോവിഡ് കേസുകളുടെ എണ്ണം 519ഉം മരണസംഖ്യ ഒമ്പതും. ഇന്ന് ആ കേസുകളുടെ 793802ആയും മരണസംഖ്യ 21604 ആയും വർധിച്ചു. രോഗം അതിന്റെ ആസൂര ഭാവത്തോടെ അഴിഞ്ഞാടുന്ന ഈ സമയത്ത് ഏറ്റവും കെട്ടുറപ്പോടെ പ്രതിരോധം ഉയർത്താൻ തയ്യാറാകണം, പകരം അതിനെ ദുർബലപ്പെടുത്തരുത്.

വികസിത രാജ്യങ്ങൾ പോലും പകച്ചുപോയ ഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച് നിന്നത് വികസ്വര രാജ്യങ്ങളായ ക്യൂബ, തായ്‌ലൻഡ്. വിയറ്റ്നാം തുടങ്ങിയവയാണ്. ഈ രാജ്യങ്ങളുടെ മാതൃകയാണ് കേരളത്തിലും തുടരുന്നത്. ഇവിടെയെല്ലാം ജനങ്ങൾ പാലിച്ച സാമൂഹിക അച്ചടക്കത്തിൽ പാളിച്ച സംഭവിച്ചാൽ ഈ ശ്രമങ്ങളെല്ലാം നിഷ്ഫലമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയുള്ള ബോധവല്‍ക്കരണത്തിനു പുറമെ സാമൂഹ്യ സേവന തല്‍പ്പരരായ 2000 വളന്‍റിയര്‍മാരുടെ സഹായത്തോടെ പള്ളി വികാരിയുടെ നേതൃത്വത്തില്‍ ബിറ്റ് നോട്ടീസ് വിതരണം, പോസ്റ്ററുകള്‍ പതിക്കലും ആരംഭിച്ചു. പൂന്തുറ ബസ് സ്റ്റോപ്പ്, ചെറിയാമുട്ടം ജങ്ഷന്‍, ഫിഡല്‍ സെന്‍റര്‍ എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിച്ചു.

രോഗവ്യാപനം തടയുന്നതിന് ഏറ്റവും പ്രധാനപ്പെട്ട വഴി എത്രയും പെട്ടെന്ന് തന്നെ സമൂഹത്തിലുള്ള രോഗികളെ ടെസ്റ്റ് ചെയ്ത് കണ്ടുപിടിക്കുക എന്നതാണ്. ലോകാരോഗ്യ സംഘടയുടെ പഠനത്തില്‍ ഏറ്റവും മെച്ചപ്പെട്ട ആന്‍റിജന്‍ ടെസ്റ്റ് തന്നെയാണ് ഈ മേഖലയില്‍ നടത്തുന്നത്. ഇതുവരെ തിരുവനന്തപുരത്തെ പ്രശ്നബാധിതമായ മൂന്നു വാര്‍ഡികളില്‍ നിന്നു മാത്രം 1192 ആന്‍റിജന്‍ ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. അതില്‍ 243 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

പാലിയേറ്റീവ് രോഗികളെ ഈ രോഗവ്യാപനത്തില്‍ നിന്നും രക്ഷിക്കുവാന്‍ ‘പരിരക്ഷ’ എന്ന പേരില്‍ റിവേഴ്സ് ക്വാറന്‍റൈന്‍ ആക്ഷന്‍ പ്ലാനും നടപ്പാക്കുന്നുണ്ട്. കണ്ടൈന്‍മെന്‍റ് സോണില്‍ ആകെയുള്ള 31,985 ജനങ്ങളില്‍ 184 പാലീയേറ്റീവ് രോഗികളാണുള്ളത്. ഇവരെ നിരീക്ഷിക്കുവാന്‍ ട്രെയിനിങ് ലഭിച്ച പാലിയേറ്റീവ് സ്റ്റാഫുകളെ ചുമതലപ്പെടുത്തി.

ഇങ്ങനെ പഴുതടച്ച രോഗപ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പാക്കുമ്പോഴാണ് തെറ്റായ പ്രചാരണവും അട്ടിമറി നീക്കവുമായി ചിലര്‍ ഇറങ്ങുന്നത്.

ദൗര്‍ഭാഗ്യവശാല്‍ യുഡിഎഫ് നേതാക്കളാണ് അതിനു മുന്നില്‍ നില്‍ക്കുന്നത്. ഈ മേഖലയിലെ രോഗസാധ്യതയുള്ള ജനങ്ങളെ ആന്‍റിജന്‍ ടെസ്റ്റിന് വിധേയരാക്കുന്നതിനെതിരെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് വാട്സാപ്പിലൂടെ പ്രചാരണം നടത്തുകയാണ്. ആന്‍റിജന്‍ ടെസ്റ്റ് വെറുതെയാണെന്നും ജലദോഷമുണ്ടെങ്കില്‍ പോലും പോസിറ്റീവാകുമെന്നും അങ്ങനെ നിരീക്ഷണകേന്ദ്രത്തില്‍ പോയാല്‍ കോവിഡ് ബാധിക്കുമെന്നും പ്രചരിപ്പിക്കുന്നു. ടെസ്റ്റ് നടത്തുന്നത് രോഗഭീതി പരത്താനാണെന്നും പൂന്തുറക്കാരോടുള്ള പ്രത്യേക വൈരാഗ്യം തീര്‍ക്കാനാണെന്നു പോലും പ്രചാരണമുണ്ടായി. തെരുവിലിറങ്ങിയാല്‍ ഓരോരുത്തര്‍ക്കും സര്‍ക്കാര്‍ സഹായം കിട്ടും എന്ന ദുര്‍ബോധനപ്പെടുത്തലും നടന്നു.

ഇതിന്‍റെ ഫലമായി സ്ത്രീകളടക്കമുള്ള 100 പേരടങ്ങുന്ന സംഘം ഇന്ന് രാവിലെ 10.30ഓടെ ചെറിയമുട്ടത്ത് തടിച്ചുകൂടുകയുണ്ടായി. കാരക്കോണം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കോവിഡ് രോഗികളായ തങ്ങളുടെ ബന്ധുക്കള്‍ക്ക് ഭക്ഷണവും കുടിവെളളവും മരുന്നും ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇത്. അത്യാവശ്യ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കണമെന്നും കടകള്‍ വൈകുന്നേരം വരെ തുറന്നുവെയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്നും പുറത്തു പോകുന്നതിന് അനുമതി നല്‍കുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു. മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറ എന്നിവിടങ്ങളിലെ മൊത്തം രോഗികളുടെ എണ്ണമാണ് ഔദ്യോഗികമായി വൈകുന്നേരങ്ങളില്‍ പ്രഖ്യാപിക്കുന്നതെങ്കിലും മൂന്നു സ്ഥലങ്ങളിലേയും കണക്കുചേര്‍ത്ത് പൂന്തുറയിലെ രോഗികള്‍ എന്ന പേരിലാണ് മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നത്. ഇത് പൂന്തുറ നിവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചിലര്‍ ആരോപിച്ചു.

വിവരം ലഭിച്ചയുടനെ  ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി കളക്ടര്‍, പൂന്തുറ പള്ളിവികാരി എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി ആള്‍ക്കൂട്ടത്തെ പിരിച്ചുവിടുകയുണ്ടായി.

പൂന്തുറയില്‍ ഒരു പ്രശ്നമുണ്ടാകുമ്പോള്‍ അത് അങ്ങനെ തന്നെയാണ് പറയുക. അല്ലാതെ മറ്റൊരു സ്ഥലത്തിന്‍റെ പേരു പറയാന്‍ കഴിയില്ലല്ലൊ. പൊന്നാനിയിലുണ്ടായപ്പോള്‍ പൊന്നാനി എന്നും കാസര്‍കോടിനെ കാസര്‍കോട് എന്നും ചെല്ലാനത്തെ ചെല്ലാനം എന്നു തന്നെയാണ് പറഞ്ഞത്. അത് ആരെയും വിഷമിപ്പിക്കാനല്ല; മറിച്ച് ജാഗ്രതപ്പെടുത്താനാണ്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ആരെയും ബുദ്ധിമുട്ടിക്കാനല്ല. ഒരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ സ്വഭാവികമായും അതിന്‍റേതായ പ്രയാസം ഉണ്ടാകുന്നത് സഹിക്കേണ്ടിവരും. അത് മനുഷ്യജീവന്‍ മുന്‍നിര്‍ത്തിയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളെ തെറ്റായ സങ്കുചിത പ്രചാരണങ്ങളിലൂടെ കീഴ്പ്പെടുത്താമെന്നു വന്നാല്‍ നാളെ ഒരിടത്തും ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണുണ്ടാവുക. നിയന്ത്രണങ്ങള്‍ക്ക് ചിലര്‍ മറ്റു മാനങ്ങള്‍ നല്‍കുന്നതാണ് വിഷപ്രയോഗം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നല്ല രീതിയില്‍ സഹകരിക്കുന്ന ജനതയാണ് അവിടെയുള്ളത് അവരെ ഇത്തരം ദുഷ്പ്രചാരണങ്ങളിലൂടെ വിഷമിപ്പിക്കരുത്.

വ്യാജവാര്‍ത്തകളും വിവരങ്ങളും അഭ്യൂഹങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആ പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് തടസ്സം വരുത്തുന്ന രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ മുളയിലേ നുള്ളാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബോധപൂര്‍വം നേതൃത്വം വഹിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും.

രോഗം സ്ഥിരീകരിക്കുന്നവരെ ജില്ലയിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്കാണ് മാറ്റിയത്. ഇങ്ങനെ മാറ്റിയവരില്‍ ഒരു വീട്ടിലുള്ളവര്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ കഴിയുന്നില്ല എന്ന പരാതിയാണ് ചിലര്‍ ഉയര്‍ത്തിയത്. വ്യാജ മത്സ്യവിതരണ ലോബിക്കുവേണ്ടി കോവിഡ് പരിഭ്രാന്തി പരത്തുന്നു എന്നും പൂന്തുറയെ കരുവാക്കുന്നു എന്നും മറ്റൊരു പ്രചാരണം. ആരോഗ്യപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ബാരിക്കേഡ് സൃഷ്ടിച്ച് അവരുടെ സഞ്ചാരം തടയാനും ശ്രമമുണ്ടായി. ഇതൊന്നും ആ പ്രദേശത്തെ ജനങ്ങള്‍ സ്വഭാവികമായി ചെയ്യുന്നതല്ല. കൃത്യമായ ലക്ഷ്യംവെച്ച് ചിലര്‍ ചെയ്യിക്കുന്നതാണ്. അതിനുപിന്നില്‍ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം തന്നെ ഉണ്ട് എന്ന സൂചനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആന്‍റിജന്‍ ടെസ്റ്റിനെ പറ്റി ബോധപൂര്‍വം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുകയാണ്. കൊറോണ വൈറസിന് പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. ന്യൂക്ലിക്ക്  ആസിഡ് എന്ന ഉള്‍ ഭാഗവും പ്രോട്ടിന്‍ എന്ന പുറം ഭാഗവും. പിസിആര്‍ ടെസ്റ്റ് ന്യൂക്ലിയിക്ക് ആസിഡ് ഭാഗവും ആന്‍റിജന്‍ ടെസ്റ്റ് പ്രോട്ടീന്‍ ഭാഗവുമാണ് ടെസ്റ്റ് ചെയ്യുന്നത്. രണ്ടും ഒരു പോലെ രോഗനിര്‍ണ്ണയത്തിന് സഹായകരമാണ്. പിസിആര്‍ ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് കിട്ടാന്‍ നാലു മുതല്‍ ആറു മണിക്കൂര്‍ വരെ സമയം വേണ്ടിവരും. പ്രത്യേകമായി സജ്ജീകരിച്ച ലാബുകളുടെയും യന്ത്രങ്ങളുടെയും സഹായവും വേണം.

ആന്‍റിജന്‍ ടെസ്റ്റിന് അരമണിക്കൂര്‍ സമയം മതി.  ടെസ്റ്റ് നടത്തുന്നിടത്ത് വച്ചു തന്നെ ഫലം അറിയാം. ലാബറട്ടറിയില്‍ അയക്കേണ്ടതില്ല. രണ്ടിനും ചില പരിമിതികളുമുണ്ട്.  രോഗം ഭേദമായി കഴിഞ്ഞാലും ചിലരില്‍ പിസിആര്‍ ടെസ്റ്റ് പോസിറ്റീവ് ആയെന്ന് വരാം. വൈറസിന്‍റെ ചില ഭാഗങ്ങള്‍ തുടര്‍ന്നും പുറത്തുവരുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ആന്‍റിജന്‍ ടെസ്റ്റ് ചെയ്താല്‍ നെഗറ്റീവായിരിക്കും. അതുപോലെ രോഗലക്ഷണമുള്ളവരില്‍ ആന്‍റിജന്‍ ടെസ്റ്റ് നെഗറ്റീവായാല്‍ പോലും ഒരു സുരക്ഷക്കു വേണ്ടി പിസിആര്‍ ടെസ്റ്റ് നടത്താറുമുണ്ട്.

ഇതുപോലെ ആന്‍റിബോഡീ ടെസ്റ്റുമുണ്ട്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ആന്‍റി ബോഡീ (പ്രതി വസ്തു) പരിശോധിക്കാനാണ് ആന്‍റിബോഡി ടെസ്റ്റ് ചെയ്യുന്നത്.  

കോവിഡ് സ്ക്രീനിങ്ങിനായി ആന്‍റിജന്‍ ടെസ്റ്റ് ആണ് പരക്കെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. പ്രാഥമികമായി ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത് എന്നതിനാല്‍ മൂക്കിന്‍റെ പിന്‍ഭാഗത്തും തൊണ്ടയിലും ആയിരിക്കും വൈറസിന്‍റെ സാന്നിദ്ധ്യം കൂടുതല്‍ കാണുന്നത്. ആ ഭാഗങ്ങളിലുള്ള സ്രവമാണ് പരിശോധനക്ക് എടുക്കുന്നത്. ആന്‍റിജന്‍ ടെസ്റ്റാണ് ഏറ്റവും നല്ല സ്ക്രീനിങ് ടെസ്റ്റ് എന്നതുകൊണ്ടു തന്നെയാണ് അത് ഉപയോഗിക്കുന്നത്. ഇതിനെ മറ്റൊരു അര്‍ത്ഥത്തില്‍ പ്രചരിപ്പിക്കുന്നത് സമൂഹത്തോടു തന്നെയുള്ള അക്രമവും വെല്ലുവിളിയുമാണ്.

ഒരു പ്രദേശത്തെയും ജനതയെയും ഗുരുതരമായ വിപത്തിലേക്ക് തള്ളിയിട്ടുകൊണ്ട് ഇക്കൂട്ടര്‍ക്ക് എന്തു രാഷ്ട്രീയ നേട്ടമാണ് നേടാനുള്ളത്? ഈ മാനസികാവസ്ഥ ഒരു പ്രത്യേക പ്രദേശത്തു മാത്രം ഒതുങ്ങുന്നതല്ല.

ഇന്ന് ഒരു മാധ്യമത്തില്‍ ഒരു ഡസന്‍ സ്ഥലത്തെ സമരങ്ങളുടെ ചിത്രം കണ്ടു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പൊലീസിനു നേരെ പാഞ്ഞടുക്കുകയും അലറിവിളിക്കുകയും ചെയ്യുന്ന ആളുകളുടെ ദൃശ്യങ്ങളുമുണ്ട്. സമരമെന്നാണ് അതിനെ അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അത് സമരമല്ല, ഈ നാടിനെ മഹാരോഗത്തില്‍ മുക്കിക്കളയാനുള്ള ദുഷ്ടപ്രവൃത്തിയാണ്.

സമരം നടത്തുന്നതിനൊന്നും ആരും എതിരല്ല. പക്ഷെ, അത് നാടിന്‍റെയും സമൂഹത്തിന്‍റെയും നിലനില്‍പ്പുതന്നെ അപകടപ്പെടുത്തിക്കൊണ്ടാകരുത്. സ്വന്തം സഹപ്രവര്‍ത്തകരെയും കുടുംബത്തെയും നിയമപാലകരെയും രോഗഭീഷണിയിലാക്കിക്കൊണ്ടാകരുത്. സ്വന്തം ആരോഗ്യനില പണയംവെച്ചു കൊണ്ടാകരുത്.

സമരങ്ങള്‍ ഉദ്ഘാടനം ചെയ്യാനും മറ്റും വരുന്ന റിവേഴ്സ് ക്വാറന്‍റൈനില്‍ കഴിയേണ്ട നേതാക്കളുടെ ജീവന്‍ അപകടപ്പെടുത്തിക്കൊണ്ടാകരുത്. മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും അലറുകയും തുപ്പുകയും കെട്ടിപ്പിടിക്കുകയും പൊലീസുമായി മല്‍പിടുത്തം നടത്തുകയും ചെയ്യുന്ന സമരം നാടിനെ എത്ര വലിയ വിപത്തിലേക്കാണ് നയിക്കുക എന്ന് നേതാക്കള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അണികള്‍ എങ്കിലും അതിനു തയ്യാറാകണം.

ടെസ്റ്റുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കും. ടെസ്റ്റ് ഏകോപനത്തിനും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും സംസ്ഥാന-ജില്ലാ തലങ്ങളില്‍ സംവിധാനമുണ്ടാക്കും. ഇതിനായി സംസ്ഥാനതലത്തില്‍ റോഡല്‍ ഓഫീസറെ നിയമിക്കും. റിസള്‍ട്ട് 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ സ്ഥലത്ത് പരിശോധനാ സംവിധാനം ആരംഭിക്കാന്‍ നടപടിയെടുക്കും.

ഇതുവരെ 5,31,330 പേര്‍ കേരളത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 3,33,304 പേര്‍ തിരിച്ചെത്തി. 1,98,026 പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.

ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ ആളുകള്‍ എത്തുന്നത് അവരെ ക്വാറന്‍റൈന്‍ ചെയ്യാനും മറ്റും തടസ്സമാകുന്നുണ്ട്. അതുകൊണ്ടാണ് രജിസ്ട്രേഷന് നിര്‍ബന്ധിക്കുന്നത്.

മാസ്ക് ധരിക്കാത്ത 5164 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 11 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

അതിര്‍ത്തിയിലെ പരിശോധന ശക്തമാക്കുന്നുണ്ട്.

തീരദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. പ്രത്യേക രോഗവ്യാപനം കണ്ടെത്തുന്ന ക്ലസ്റ്ററുകളില്‍ ബോധവല്‍ക്കരണത്തിന് വിപുലമായ പരിപാടി തയ്യാറാക്കും. വാര്‍ഡ്തല സമിതികള്‍ക്ക് ഇതില്‍ പ്രധാന പങ്കുവഹിക്കാനാകും. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളാകും.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിവ്യാപന മേഖലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമായി തുടരും.

മറ്റൊരു കാര്യം സൂചിപ്പിക്കാനുള്ളത് ആരോഗ്യപ്രവര്‍ത്തകരെക്കുറിച്ചാണ്. അവര്‍ കഠിനാധ്വാനം ചെയ്യുകയാണ്. അതിനിടെ പലര്‍ക്കും രോഗബാധയുണ്ടാകുന്നു. പൊലീസിന്‍റെയും സന്നദ്ധ വളണ്ടിയര്‍മാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകരുടെയും സ്ഥിതി ഇതുതന്നെയാണ്. അവര്‍ക്ക് പിന്തുണയും സഹായവും നല്‍കാനുള്ള ഉത്തരവാദിത്വം സമൂഹമാകെ ഏറ്റെടുക്കണം. സ്വന്തം വീട്ടില്‍ പോലും പോകാന്‍ കഴിയാതെ കര്‍മനിരതരായ അവരെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala latest numbers new cases death toll cm pinarayi vijayan

Next Story
സ്വര്‍ണക്കടത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് തള്ളാനാവില്ല; സര്‍ക്കാരിനെതിരെ കസ്റ്റംസ്Swapna Suresh,സ്വപ്‌ന സുരേഷ്, thiruvananthapuram gold smuggling case, തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്‌, uae consulate, യുഎഇ കോണ്‍സുലേറ്റ്‌, customs investigation in gold smuggling case,സ്വര്‍ണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷണം, nia investigation gold smuggling case, സ്വര്‍ണക്കടത്ത് കേസിൽ എന്‍ഐഎ അന്വേഷണം, sarith, സരിത്, sandeep nair, സന്ദീപ്  നായർ, pinarayi vijayan, പിണറായി വിജയൻ, m sivasankar എം ശിവങ്കർ ഐഎഎസ്, ie malayalam ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com