തിരുവനന്തപുരം: കോവിഡ് സൂപ്പർ സ്‌പ്രെഡ് നടന്നിരിക്കുന്ന തിരുവനന്തപുരം പൂന്തുറയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ജനങ്ങൾ പുറത്തിറങ്ങിയത് വലിയ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുകയാണ്. മണിക്കൂറുകളോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് ജനങ്ങളെ ശാന്തരാക്കിയത്. പൂന്തുറ ഭാഗത്ത് ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിൽ പല പ്രചരണങ്ങളും നടന്നതായി തിരുവനന്തപുരം ഡപ്യൂട്ടി കമ്മിഷണർ ഡോ.ദിവ്യ വി.ഗോപിനാഥ് ഐപിഎസ് പറയുന്നു. ജനങ്ങളുടെ നിഷ്‌കളങ്കതയെയും അജ്ഞതയെയും പലരും മുതലെടുക്കാൻ ശ്രമിക്കുന്നതായും ദിവ്യ ഗോപിനാഥ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. ആളുകളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. പലർക്കും ഈ രോഗത്തെ കുറിച്ച് അജ്ഞതയുണ്ട്. പൂന്തുറയിൽ രോഗവ്യാപനം വളരെ രൂക്ഷമാണെന്ന് കണക്കുകളിൽ നിന്നു തന്നെ വ്യക്തമാണ്. നല്ല ജാഗ്രതയില്ലെങ്കിൽ സമൂഹവ്യാപനത്തിലേക്ക് അടക്കം കടക്കും. ഇത് കേവലമൊരു ക്രമസമാധാനത്തിന്റെ പ്രശ്‌നമല്ല. പൊതുജനാരോഗ്യത്തെ സംബന്ധിക്കുന്ന വിഷയമാണ്. ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിനുവേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. ജനങ്ങൾക്ക് അവരുടേതായ പല ആവശ്യങ്ങളുമുണ്ട്. അതിനെല്ലാമുള്ള സജ്ജീകരണം ഉണ്ടാക്കണം. ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ അത് സാധ്യമാക്കും,” ദിവ്യ ഗോപിനാഥ് പറഞ്ഞു.

പരിഭ്രാന്തരായി തെരുവിലിറങ്ങിയ പൂന്തുറയിലെ ജനങ്ങളോട് ദിവ്യ ഗോപിനാഥ് സംസാരിക്കുന്നു, വീഡിയോ

“ആന്റിജൻ പരിശോധനയുമായി ബന്ധപ്പെട്ട് അടക്കം ആളുകൾക്കിടയിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. അതേ കുറിച്ചെല്ലാം ബോധവത്‌കരിക്കുന്നുണ്ട്. ലക്ഷണങ്ങളൊന്നും ഇല്ലാത്തവർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ട്. ആന്റിജൻ പരിശോധനയ്‌ക്ക് ശേഷം ആളുകളെ ക്വാറന്റെെനിലേക്ക് മാറ്റുമ്പോൾ അവർക്ക് തന്നെ പല സംശയങ്ങളുമുണ്ട്. ശാരീരികമായി തങ്ങൾക്ക് ഒരു കുഴപ്പവുമില്ലല്ലോ, പിന്നെ എന്തിനാണ് വേറൊരു സ്ഥലത്ത് കൊണ്ടുപോയി നിരീക്ഷണത്തിൽ നിർത്തുന്നത് എന്ന തരത്തിലെല്ലാമാണ് അവരുടെ സംശയം. യാതൊരു ലക്ഷണങ്ങളില്ലാതെയും ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലാതെയും കോവിഡ് പോസിറ്റീവാകാമെന്ന് പലർക്കും അറിയില്ല. ഇത്തരം കാര്യങ്ങളെല്ലാം ബോധവത്‌കരിക്കുന്നുണ്ട്. അതോടൊപ്പം ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുന്ന തരത്തിൽ കുപ്രചരണങ്ങളും നടക്കുന്നു. ഇവരുടെ നിഷ്‌കളങ്കതയെ പലരും മുതലെടുക്കാൻ ശ്രമിക്കുന്നുണ്ട്. കുപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും” ദിവ്യ ഗോപിനാഥ് പറഞ്ഞു.

Read Also: എന്തുകൊണ്ട് എല്ലാ കോവിഡ് കേസുകളും പൂന്തുറയില്‍ ആകുന്നു?

കെെകൂപ്പി ആരോഗ്യമന്ത്രി; പൂന്തുറയ്‌ക്കൊപ്പം നിൽക്കും

അതേസമയം, പൂന്തുറയിൽ ജനങ്ങൾ ഒന്നടങ്കം തെരുവിലിറങ്ങിയ സംഭവത്തിൽ വലിയ വിഷമമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ നേരത്തെ പറഞ്ഞിരുന്നു. സൂപ്പർ സ്‌പ്രെഡ് നടന്ന സ്ഥലമാണ്. സാമൂഹിക അകലം ലംഘിച്ച് ജനങ്ങൾ തെരുവിലിറങ്ങുന്നത് വലിയ അപകടം വരുത്തിവയ്‌ക്കും. ജനങ്ങൾ സർക്കാർ നിർദേശങ്ങളോട് സഹകരിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. തങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പൂന്തുറയിൽ നൂറുകണക്കിനു ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

“ആന്റിജൻ ടെസ്റ്റിനെതിരെ ചില വ്യാജ പ്രചരണങ്ങൾ നടക്കുന്നുണ്ട്. വേഗത്തിൽ ഫലം അറിയാൻ വേണ്ടിയാണ് ആന്റിജൻ ടെസ്റ്റ് നടത്തുന്നത്. സാധ്യമായ എല്ലാ വഴികളിലൂടെയും കോവിഡ് പ്രതിരോധിക്കാനാണ് ശ്രമിക്കുന്നത്. സംരക്ഷണ വിലക്ക് ലംഘിച്ച് ജനങ്ങൾ പുറത്തിറങ്ങുന്നത് വലിയ അപകടത്തിനു കാരണമാകും. ഇതൊരു തമാശ കളിയല്ല. കെെവിട്ട കളിയാണ്. പ്രളയസമയത്തെല്ലാം കേരളത്തിനുവേണ്ടി മുന്നിൽ നിന്നവരാണ് പൂന്തുറക്കാർ. അതുകൊണ്ട് ഇങ്ങനെയൊരു പ്രതിസന്ധി സമയത്ത് പൂന്തുറയെ ചേർത്തുപിടിക്കേണ്ടത് കേരളത്തിന്റെ മുഴുവൻ കടമയാണ്. പൂന്തുറയിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാൻ ശ്രമിക്കും. ജനങ്ങൾ പരമാവധി സഹകരിക്കണം” ആരോഗ്യമന്ത്രി പറഞ്ഞു.

പ്രതിഷേധിക്കുന്നവര്‍ പറയുന്നത്

ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കുന്നില്ല. പൂന്തുറയില്‍ നിന്നുള്ളവരെ പല കടകളിലും പ്രവേശിപ്പിക്കാത്ത സാഹചര്യം. പൂന്തുറ വാര്‍ഡില്‍ അവശ്യ സാധനങ്ങള്‍ ലഭിക്കുന്നില്ല. പൂന്തുറയിലെ കണക്കുകള്‍ പെരുപ്പിച്ച് കാണിച്ച് ഭയപ്പെടുത്തുന്നു. സമീപപ്രദേശങ്ങളില്‍ നടക്കുന്ന കോവിഡ് പരിശോധനയുടെ ഫലം പൂന്തുറയുടെ പേരില്‍ എഴുതി ചേര്‍ക്കുന്നു. പൂന്തുറയില്‍ നിന്നുള്ളവര്‍ക്ക് ആശുപത്രികളില്‍ ചികിത്സ നിഷേധിക്കുന്നു. പൂന്തുറയില്‍ നിന്നുള്ള ഒരു ഗര്‍ഭിണിക്ക് ചികിത്സ നിഷേധിക്കപ്പെട്ടു. ക്വാറന്റെെനിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഇല്ല. ബാത്‌റൂം സൗകര്യമടക്കം ലഭിക്കാത്ത സാഹചര്യം. ആണുങ്ങളെയും പെണ്ണുങ്ങളെയും ഒരേ ക്വാറന്റെെൻ കേന്ദ്രത്തിൽ പാർപ്പിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.