/indian-express-malayalam/media/media_files/uploads/2020/03/curfew-lockdown-1.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാഗ്രത പുലർത്തേണ്ട സമയത്തിലൂടെ തന്നെയാണ് കടന്നുപോകുന്നത് മുഖ്യമന്ത്രി പറഞ്ഞു. കാസർഗോഡ് ജില്ലയിൽ ഇന്നു 19 പേർ രോഗമുക്തരായി. ഇത് ആശ്വാസ വാർത്തയാണ്. നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ച കാസർഗോഡ് ജില്ലയിലെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. കാസർഗോഡ് ജില്ലയിലെ ജനങ്ങൾ ഒരു മാസത്തോളം ബുദ്ധിമുട്ടിയെന്നും അതിന്റെ ഫലങ്ങൾ ഇപ്പോൾ കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് അതിതീവ്ര കോവിഡ് ബാധിത മേഖലയാണ് കണ്ണൂർ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും അവിടെയും കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ ഒരുങ്ങുകയാണെന്നും മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Read Also: ശുദ്ധമായ നുണ, വേവലാതിപ്പെടുന്നില്ല; സ്പ്രിങ്ക്‌ളര്‍ വിവാദത്തെക്കുറിച്ച് മുഖ്യമന്ത്രി
ഇന്ന് പുറത്തു വന്ന കണക്കുകൾ അനുസരിച്ച് കണ്ണൂർ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 52 ആയി. ഇതിൽ രണ്ട് പേർ കാസർഗോഡ് സ്വദേശികളാണ്. നിലവിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ മാത്രമാണ് പത്തിലേറെ കോവിഡ് രോഗികൾ ചികിത്സയിലുള്ളത്. കണ്ണൂർ (52), കാസർഗോഡ് (25), കോഴിക്കോട് (13) എന്നിങ്ങനെയാണ് കോവിഡ് ബാധിതർ. ഇവിടെ നിയന്ത്രണങ്ങൾ തുടരും. ഒരു ഇളവും ജില്ലകളിൽ നൽകില്ല. മേയ് മൂന്ന് വരെ ഇവിടെ സമ്പൂർണ അടച്ചുപൂട്ടൽ തുടരും. മലപ്പുറം ജില്ലയും റെഡ് സോണിലാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള ആറ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ വിദേശത്തു നിന്നുള്ളവരാണ്. ഒരാൾക്ക് കോവിഡ് ബാധിച്ചത് സമ്പർക്കം മൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 408 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ 114 പേർ മാത്രമാണ് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്.
Read Also: കോവിഡ്-19 ഭീഷണി: ‘സംസ്ഥാനത്ത് സുരക്ഷിതമായ അവസ്ഥയല്ല, കർക്കശനമായ ഇടപെടലുണ്ടാവും’
ഇന്നു സംസ്ഥാനത്ത് 21 പേർ രോഗമുക്തരായി. കാസർഗോഡ് ജില്ലയിൽ 19 പേരും ആലപ്പുഴ ജില്ലയിൽ രണ്ട് പേരും രോഗമുക്തരായി. സംസ്ഥാനത്ത് ഇപ്പോൾ 46,323 നിരീക്ഷണത്തിലാണ്. ഇതിൽ 398 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ഇന്നുമാത്രം 62 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇതുവരെ 19,786 സാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചു. ഇതിൽ 19,074 ഫലങ്ങൾ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാനം തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്യൂണിറ്റി കിച്ചൺ അടക്കമുള്ള പദ്ധതികൾ അതിനുവേണ്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച് മരിക്കുന്നവർ 5.75 ശതമാനമാണ് ലോകത്തിൽ. ഇന്ത്യയിൽ 2.83 ശതമാനം. എന്നാൽ, 0.58 ശതമാനം മാത്രമാണ് കേരളത്തിൽ. 33 കോവിഡ് സ്പെഷ്യൽ ആശുപത്രികൾ കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊറോണ പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഒരു സംഘര്‍ഷവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പൊതുവായ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് സംസ്ഥാനത്ത് കാര്യങ്ങള്‍ നടക്കുന്നത്. ചില കാര്യങ്ങളില്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങിക്കൊണ്ടാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചിലതില്‍ വ്യത്യാസങ്ങളുണ്ടാകാം. അത് നമ്മുടെ നാടിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇവിടെ നടപ്പാക്കാന്‍ പറ്റുന്നതാണെന്നാണ് നമ്മള്‍ കണക്കാക്കുന്നത്. കേന്ദ്രം ചൂണ്ടിക്കാണിച്ച ജില്ലകളല്ല നമ്മള്‍ റെഡ് സോണില്‍ പെടുത്തിയത്. അത് ഇവിടുത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്. സ്വാഭാവികമായും അത് കേന്ദ്രത്തിന് മനസിലാകും. അത് സംഘര്‍ഷമോ തര്‍ക്കമോ ഒന്നുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്ക് ഡൗണില്‍ ഇളവ് നല്‍കിക്കൊണ്ട് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിനെതിരെ കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയതോടെ സംസ്ഥാനം ഇളവ് പിന്‍വലിക്കുകയായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.