തിരുവനന്തപുരം: കോവിഡ് 19 വിവര ശേഖരണവുമായി ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് ചരിത്രം തീരുമാനിക്കട്ടേയെന്നും ഇതെല്ലാം ശുദ്ധമായ നുണയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പതിവ് സമ്മേളനത്തില്‍ വിവാദങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ വന്നപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശ്രദ്ധ വിവാദങ്ങളിലല്ലെന്നും കോവിഡ് പ്രതിരോധത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മളിപ്പോള്‍ വൈറസിനെ എങ്ങനെ ഒതുക്കാമെന്നാണ് നോക്കുന്നതെന്നും അതില്‍ എങ്ങനെ കൂടുതല്‍ ശ്രദ്ധിക്കാമെന്ന് നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ സ്പ്രിങ്ക്‌ളര്‍ വിവാദത്തെ മുന്‍കാലത്തെ സേവ് സിപിഎം ഫോറവുമായി ബന്ധപ്പെടുത്തി ചിലകേന്ദ്രങ്ങളില്‍ നിന്നുമുള്ള വാര്‍ത്തകളാണിതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകളായ വീണയുടെ പേരുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പിടി തോമസ് ഉയര്‍ത്തിയ വിവാദത്തെ കുറിച്ചും ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തി. എന്നാല്‍ മുഖ്യമന്ത്രി പരിഹാസരൂപേണ ഭയങ്കര ഗുരുതരമല്ലേ വിഷയമെന്നും ഇതെല്ലാം എല്ലാവര്‍ക്കും മനസ്സിലാകുമെന്നും പറഞ്ഞു. അതിനൊന്നും മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതെന്തോ ആനക്കാര്യമാണെന്ന മട്ടിലാണ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ കൂട്ടത്തില്‍ ചിലര്‍ നുണവാര്‍ത്തകള്‍ മിനയാന്‍ മിടുക്കരാണ്. ഇതേനഗരത്തിലെ ഒരു കേന്ദ്രത്തിലിരുന്ന് സേവ് എന്ന പേരിലൊരു വിവാദം ഉണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. സേവ് സിപിഐഎം ഫോറം എന്ന വിവാദത്തെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. നാലോഅഞ്ചോ പേര്‍ കൂടിയിരുന്ന് ഉണ്ടാക്കിയ അതിനുമേല്‍ എന്തെല്ലാം വിവാദങ്ങള്‍ നാട്ടിലുണ്ടായിയെന്ന് അദ്ദേഹം പറഞ്ഞു. കുറെനാള് കഴിഞ്ഞപ്പോള്‍ ചിലര്‍ അതേക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇതെല്ലാം കണ്ടും നേരിട്ടും കടന്നാണ് താനിവിടെ ഇരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപ്പോള്‍ പുതിയ രീതികള്‍ കണ്ട് വേവലാതിപ്പെടുന്ന ആളായി തന്നെ കാണേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എനിക്കില്ലാത്ത വേവലാതി നിങ്ങള്‍ക്കെന്താണെന്നും മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.