തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് -19 ഭീഷണിയുമായി ബന്ധപ്പെട്ട് വരും ദിവങ്ങളിലും അതീവ ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം ഇപ്പോൾ സുരക്ഷിതമായ അവസ്ഥയിലാണെന്ന് ചിലരൊക്കെ ധരിച്ചതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും എന്നാൽ അങ്ങനെയല്ല സംസ്ഥാനത്തെ അവസ്ഥയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: കേന്ദ്രത്തിന് അതൃപ്തി; ലോക്ക്ഡൗണ്‍ ഇളവുകൾ വെട്ടിക്കുറച്ച് കേരളം

നിതാന്ത ജാഗ്രത വേണ്ട ഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നു പോവുന്നത്. വരും ദിവസങ്ങൾ അതീവ ജാഗ്രതയോടെ കരുതണം. ഇളവ് പ്രഖ്യാപിച്ചതോടെ വാഹനങ്ങൾ ധാരാളമായി നിരത്തിലിറങ്ങിയിട്ടുണ്ട്. പല കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെട്ടതായാണ് വിവരം. ഇക്കാര്യത്തിൽ കാർക്കശ്യമെന്തെന്ന് കാണിക്കാൻ തന്നെയാണ് തീരുമാനമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. രോഗഭീഷണി കഴിഞ്ഞ് ഇത് ശ്വാസം വിടാനുള്ള സമയമായെന്ന് കരുതുകയാണ് നമ്മൾ. എന്നാൽ ഇത് അങ്ങനെ ശ്വാസം വിടാനുള്ള സമയമല്ല എന്നു നമ്മൾ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നു.

Posted by Pinarayi Vijayan on Monday, 20 April 2020

കോവിഡ്-19ന്‍റെ ഭീഷണി പെട്ടെന്ന് ഒഴിഞ്ഞുപോകുമെന്ന് നമുക്ക് കരുതാനാവില്ല. അതിനാല്‍ രോഗപ്രതിരോധത്തിനാവശ്യമായ പുതിയ ശീലങ്ങള്‍ നാം വളര്‍ത്തിയെടുക്കണം. അത് കുട്ടികളില്‍നിന്നു തന്നെ ആരംഭിക്കണം. ബാര്‍ബര്‍ ഷോപ്പില്‍ ഇന്നത്തെപ്പോലെ ഒരേ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും ഒരേ ടൗവ്വല്‍ പലര്‍ക്കായി ഉപയോഗിക്കുന്നതും ആരോഗ്യകരമായ ശീലമല്ല. പുതിയ സാഹചര്യത്തില്‍ ഇതെല്ലാം നാം മാറ്റിയെടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

‘വിമാനം ലഭ്യമാവുന്നതുവരെ പ്രവാസികൾ അതത് നാടുകളിലെ നിർദേശങ്ങൾ അനുസരിക്കണം’

പ്രവാസികളെ നാട്ടിലെത്തിക്കാൻ വിമാനം വേണമെന്ന അപേക്ഷയിൽ കേന്ദ്രത്തിൽ നിന്ന് അനുകൂല തീരുമാനമുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുവരെ പ്രവാസികൾ അതത് നാട്ടിൽ അതത് ഭരണാധികാരികളുടെ നിർദേശം അനുസരിച്ച് കഴിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിൽ നിന്നുള്ള പ്രവാസി സഹോദരങ്ങളെ കോവിഡ് ഭീഷണ ആശങ്കയിലാക്കി. പ്രവാസികളിൽ വലിയ പങ്ക് ഗൾഫ് നാടുകളിലാണ്. ഗൾഫിൽ ജീവിക്കുന്ന മലയാളികളിൽ വലയി പങ്കും ചെറിയ വരുമാനക്കാരും കുറഞ്ഞ സൌകര്യങ്ങളിൽ ജീവിക്കുന്നവരാണ്. എംബസികളും മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് പരമാവധി സഹായം നൽകാനാണ് നോർക്ക വഴി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സന്ദർശക വിസയിലെത്തിയവർക്ക് തിരിച്ചെത്തേണ്ടതുണ്ട്. അടിയന്തരമായി തിരിച്ചെത്തിക്കേണ്ടവർക്കായി വിമാനം വേണമെന്ന് കേന്ദ്രത്തോട് പറഞ്ഞിരുന്നു. അവർ തിരിച്ചെത്തിയാലുള്ള മുഴുവൻ കാര്യങ്ങളും സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും കേന്ദ്രത്തെ അറിയിച്ചിരുന്നു. അതിനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്.

Also Read: ലോക്ക്ഡൗണ്‍ ലംഘനം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

പ്രവാസികൾ തിരിച്ചെത്തിയാൽ അവരിൽ രണ്ട് ലക്ഷം പേരെ ക്വാറന്റെെൻ ചെയ്യാൻ നിലവിൽ സംസ്ഥാനത്ത് സൗകര്യമുണ്ട്. അതിലേറെ പേരെ പുനരധിവസിപ്പിക്കാൻ സൗകര്യം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപന നിരക്കിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. രോഗമുക്തി നേടുന്നവരുടെ എണ്ണവും വർധിച്ചു. 21 പേരാണ് തിങ്കളാഴ്ച രോഗമുക്തി നേടിയത്. കാസർഗോഡ് ജില്ലയിൽ 19 പേരും ആലപ്പുഴ ജില്ലയിൽ രണ്ട് പേരും രോഗമുക്തരായി. സംസ്ഥാനത്ത് ഇപ്പോൾ 46,323 പേരാണ് നിരീക്ഷണത്തിൽ. ഇതിൽ 398 പേർ ആശുപത്രികളിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.