/indian-express-malayalam/media/media_files/uploads/2020/06/covid-wrap-june-27.jpeg)
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. സംസ്ഥാനത്ത് 821 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം എണ്ണൂറിലധികം കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 43 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ മാത്രം 203 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. എറണാകുളം ജില്ലയിലെ 84 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 70 പേര്‍ക്കും, കൊല്ലം ജില്ലയിലെ 61 പേര്‍ക്കും സമ്പർക്കം വഴിയാണ് രോഗബാധ. കാസര്‍ഗോഡ്-48 പേര്‍ക്കും, ആലപ്പുഴ-34, ഇടുക്കി - 28, തൃശൂര്‍- 27, കോഴിക്കോട്-26, പത്തനംതിട്ട-24 , കോട്ടയം-12, മലപ്പുറം-10, കണ്ണൂര്‍-2 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ കണക്ക്.
സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധിക്കുന്നതും വർധിക്കുകയാണ്. ഇന്ന് 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളേജുകളിലേതടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധിച്ചത് ആശങ്ക വർധിപ്പിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്‌ടർമാരടക്കം 18 ആരോഗ്യപ്രവർത്തകർക്കും കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ഒരു നഴ്‌സിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 821 പേർക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോവിഡ് ബാധിച്ച് കണ്ണൂര്‍ ജില്ലയില്‍ ചികിത്സിലായിരുന്ന കാസര്‍ഗോഡ് ഉപ്പള സ്വദേശിനി നഫീസ (75), എറണാകുളം ജില്ലയില്‍ ചികിത്സിലായിരുന്ന ആലുവ സ്വദേശി കുഞ്ഞുവീരന്‍ (67) എന്നിവർ മരണമടഞ്ഞു. ഇതോടെ സംസ്ഥാനത്്ത കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി വർധിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 69 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 43 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 6, എറണാകുളം ജില്ലയിലെ 4, ഇടുക്കി, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ 7063 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5373 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ, ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം- 222, എറണാകുളം- 98, പാലക്കാട്- 81, കൊല്ലം- 75, തൃശൂര്‍- 61, കാസര്‍ഗോഡ്- 57, ആലപ്പുഴ- 52, ഇടുക്കി- 49, പത്തനംതിട്ട- 35, കോഴിക്കോട്- 32, മലപ്പുറം- 25, കോട്ടയം- 20, കണ്ണൂര്‍- 13, വയനാട്- 1
ഇന്ന് രോഗമുക്തി നേടിയവർ, ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ-32, തിരുവനന്തപുരം- 25 (ആലപ്പുഴ 1, കൊല്ലം 1, പത്തനംതിട്ട1), തൃശൂര്‍-21, കണ്ണൂര്‍-21 , പത്തനംതിട്ട-16, കാസര്‍കോട്-12, പാലക്കാട്-11, കോട്ടയം-9, കോഴിക്കോട്- 9 (തിരുവനന്തപുരം1), എറണാകുളം-8 (ആലപ്പുഴ 1), ഇടുക്കി-5, കൊല്ലം- 3
1,70,525 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,525 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,63,216 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7309 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 866 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
18,267 സാമ്പിളുകൾ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,267 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 5,32,505 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5060 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 96,288 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 9,15,66 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
പുതിയ 26 ഹോട്ട് സ്പോട്ടുകകൾ
സംസ്ഥാനത്തെ 26 പ്രദേശങ്ങൾ കൂടി ഹോട്ട് സ്‌പോട്ടുകളായി. തൃശൂര്‍, പത്തനംതിട്ട, കണ്ണൂര്‍, കൊല്ലം, എറണാകുളം, പാലക്കാട്, കോട്ടയം, വയനാട്, ആലപ്പുഴ ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.
തൃശൂര്‍ ജില്ല
- കൊരട്ടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1)
- താന്ന്യം (9, 10)
- കടവല്ലൂര്‍ (18)
- കാറളം (13, 14)
- തൃശൂര്‍ കോര്‍പറേഷന്‍ (49)
പത്തനംതിട്ട ജില്ല
- വടശേരിക്കര (1)
- കുന്നന്താനം (5, 8)
- നിരണം (13)
- പള്ളിക്കല്‍ (3)
- റാന്നി പഴവങ്ങാടി (12, 13, 14)
കണ്ണൂര്‍ ജില്ല
- തില്ലങ്കേരി (10)
- ഇരിക്കൂര്‍ (4)
- ചെറുതാഴം (14)
- നടുവില്‍ (17)
കൊല്ലം ജില്ല
- ചിതറ (എല്ലാ വാര്‍ഡുകളും)
- കുമ്മിള്‍ (എല്ലാ വാര്‍ഡുകളും)
- കടയ്ക്കല്‍ (എല്ലാ വാര്‍ഡുകളും)
എറണാകുളം ജില്ല
- മരട് മുനിസിപ്പാലിറ്റി (23, 24, 25)
- മുളന്തുരുത്തി (7)
- മൂക്കന്നൂര്‍ (7)
പാലക്കാട് ജില്ല
- പട്ടാമ്പി മുനിസിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും)
- ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (18)
കോട്ടയം ജില്ല
- വെച്ചൂര്‍ (3)
മറവന്‍തുരുത്ത് (11, 12)
വയനാട് ജില്ല
- വെള്ളമുണ്ട (9)
ആലപ്പുഴ ജില്ല
- ദേവികുളങ്ങര (13)
ഏഴ് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് (കണ്ടൈന്‍മെന്റ് സോണ്‍: 12), പിണറായി (9), കുറ്റ്യാട്ടൂര്‍ (13), ഏഴോം (7), മാട്ടൂല്‍ (10), തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ (5), ആതിരപ്പള്ളി (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ സംസ്ഥാനത്ത് ആകെ 318 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു. നെഫ്രോളജി വിഭാഗത്തിലെ നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് വരെ ഇവര്‍ ജോലിക്കെത്തിയിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.
വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ വൃക്കരോഗ ചികിത്സാ കേന്ദ്രമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം. അവിടെ നേഴ്‌സിന് രോഗം സ്ഥിരീകരിച്ചത് വളരെ ഗൗരവമായിട്ടാണ് അധികൃതര്‍ കാണുന്നത്.
സമൂഹവ്യാപന സാധ്യത; ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം
കോവിഡ് സമൂഹവ്യാപന സാധ്യത പരിശോധിക്കുന്നതിനായി ജില്ലയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് റിസല്‍ട്ടുകള്‍ ലഭിക്കുന്നതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇന്നലെ (ജൂലൈ 18) രോഗം സ്ഥിരീകരിച്ചവരില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച നാല് പേരെയും ഇതര സംസ്ഥാനത്ത് നിന്ന് വന്ന രണ്ട് പേരെയും കണ്ടെത്തിയത് ആന്റിജന്‍ പരിശോധനയിലൂടെയായിരുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകയും, പള്ളിവികാരിയും, സി.സി.സി വളണ്ടിയറും ഉള്‍പ്പെടുന്നുണ്ട്.
ഡോക്ടര്‍ക്ക് കോവിഡ്; മൂന്നാർ ജനറൽ ആശുപത്രി അടയ്ക്കും
ഇടുക്കി ജില്ലയിലെ മൂന്നാർ ആശുപത്രിയിൽ ഡോക്ടർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രി അടയ്ക്കാൻ തീരുമാനമായി. എംഎൽഎ, ജില്ല കലക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആശുപത്രിയിലെ രോഗികളെ മാറ്റും. ഇവിടെ ചികിത്സ തേടിയെത്തിയ മറ്റു രോഗികളുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ് അധികൃതർ.
പോലീസുകാരന് കോവിഡ്; കോന്നി പോലീസ് സ്റ്റേഷന്‍ അടച്ചു
പത്തനംതിട്ട ജില്ലയിലെ കോന്നി സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുന്‍കരുതലിന്റെ ഭാഗമായി കോന്നി പോലീസ് സ്റ്റേഷന്‍ അടച്ചു. പോലീസുകാരന്റെ പ്രഥമ സമ്പര്‍ക്കപ്പട്ടികയിലുളള സിഐ ഉള്‍പ്പെടെ 35 പോലീസുകാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.
ജില്ലാ ആശുപത്രിയില്‍ പ്ലാസ്മാ ബാങ്ക്
വയനാട് ജില്ലയിൽ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്ലാസ്മ ബാങ്ക് ആരംഭിച്ചു. ജില്ലയില്‍ നിന്ന് ആദ്യമായി കോവിഡ് രോഗ വിമുക്തനായ വ്യക്തി അടക്കം ഏഴ് പേര്‍ ആദ്യ ദിവസം തന്നെ രക്തം ദാനം ചെയ്യാനെത്തി.
ഏപ്രില്‍ എട്ടിന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട തൊണ്ടര്‍നാട് സ്വദേശി ആലിക്കുട്ടി (51), കമ്പളക്കാട് സ്വദേശി റസാക്ക് (56), ഏപ്രില്‍ 25 ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട മൂപ്പൈനാട് സ്വദേശി അന്‍ഷാദ് (29), പള്ളിക്കുന്ന് സ്വദേശികളായ ഷാജു (52), ലീലാമ്മ (49), സനില്‍ (27), മെയ് 21 ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ പോലീസ് ഓഫീസര്‍ മെര്‍വിന്‍ (44) എന്നിവരാണ് രക്തം ദാനം ചെയ്തത്.
മലപ്പുറത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 300 പേർ നിരീക്ഷണത്തിൽ
മരണാനന്തര ചടങ്ങിൽ പങ്കെടുത്തയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ചേലേമ്പ്ര പാറയിൽ 300 പേരോട് നിരീക്ഷണത്തിൽ പോകാൻ നിര്‍ദേശം. കോവിഡ് സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തവരോടാണ് നിരീക്ഷണത്തിൽ പോകാൻ നിര്‍ദേശിച്ചത്. വെള്ളിയാഴ്ചയാണ് കാവന്നൂര്‍ സ്വദേശിയായ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പര്‍ക്കപ്പട്ടിക പരിശോധിച്ചപ്പോഴാണ് ചേലേമ്പ്ര പാറയില്‍ കഴിഞ്ഞ പത്താം തിയ്യതി മരിച്ച അബ്ദുള്‍ഖാദര്‍ മുസ്ലിയാര്‍ എന്നയാളുടെ മരണാനന്തരചടങ്ങിൽ പങ്കെടുത്തിരുന്നുവെന്ന് കണ്ടെത്തിയത്.
ഡിവെെഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു, റഹീം ക്വാറന്റെെനിൽ
ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. ഡിവെെഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം അടക്കം ആറ് പേർ ക്വാറന്റെെനിൽ പ്രവേശിച്ചു.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം തടിക്കടവ് വെളിയത്തുനാട് സ്വദേശി തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന്‍ (67) ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 41 ആയി. കോവിഡ് ന്യൂമോണിയയെ തുടര്‍ന്ന് ജൂലൈ എട്ടിനാണു കുഞ്ഞുവീരാനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് രക്തസമ്മര്‍ദവും കടുത്ത പ്രമേഹവും ഉണ്ടായിരുന്നു. പ്ലാസ്‌മ തെറാപ്പി ചികിത്സയ്‌ക്ക് ഇദ്ദേഹത്തെ വിധേയനാക്കിയിരുന്നു.
കോവിഡ് നിരീക്ഷണത്തിലുള്ളയാൾ ആത്മഹത്യ ചെയ്‌തു
കോവിഡ് നിരീക്ഷണത്തിലുള്ളയാൾ ആത്മഹത്യ ചെയ്‌തു. തിരുവനന്തപുരത്താണ് സംഭവം. നിരീക്ഷണ കേന്ദ്രത്തിന്റെ നാലാം നിലയിൽ നിന്നു താഴേക്ക് ചാടിയാണ് ആത്മഹത്യ. നെടുമങ്ങാട് സ്വദേശി താഹയാണ് (36) മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാൾ ബാർട്ടൺ ഹില്ലിലെ നിരീക്ഷണ കേന്ദ്രത്തിന്റെ മുകളിൽ നിന്നു ചാടിയത്. ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
Read Also: ഒമർ ലുലുവിന് വേണ്ടി ഇടിക്കാൻ ഹോളിവുഡിൽ നിന്നും ‘പവർ സ്റ്റാർ’ എത്തും
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരോഗ്യപ്രവർത്തകർക്ക് കോവിഡ്, സ്ഥിതി മോശം
ഡോക്‌ടർമാരടക്കം 18 ആരോഗ്യപ്രവർത്തകർക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് ഡോക്‌ടർമാർക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ 150 ലേറെ ജീവനക്കാർ ഇതിനോടകം കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു. നാൽപ്പത് ഡോക്‌ടർമാർ ക്വാറന്റെെനിലാണ്.
ആശുപത്രിയിലെ സേവനങ്ങൾ താളംതെറ്റുന്ന വിധത്തിലാണ് തിരുവനന്തപുരത്തെ കോവിഡ് വ്യാപനം. സ്ഥിതി അതീവ ഗുരുതരമാണ്. ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്കും രോഗം ബാധിച്ചിട്ടുണ്ട്. ആശുപത്രിയിൽ സന്ദർശകർക്ക് വിലക്കുണ്ട്. അനാവശ്യമായി രോഗികൾക്കൊപ്പം കൂട്ടിരിപ്പുകാരെ അനുവദിക്കില്ല. ആറു ദിവസത്തിനിടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 18 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചത്.
ക്വാറന്റീൻ അനുഭവങ്ങൾ പങ്കുവച്ച് ശ്രീധന്യ സുരേഷ്
തന്റെ ക്വാറന്റൈൻ അനുഭവങ്ങളും മാനസിക ആരോഗ്യം നിലനിർത്താനുള്ള മാർഗ്ഗങ്ങളും വിവരിച്ച് കോഴിക്കോട്
അസിസ്റ്റന്റ് കലക്ടർ ശ്രീധന്യ സുരേഷ് ഐഎഎസ്. വീഡിയോ ചുവടെ ചേർക്കുന്നു:
എട്ട് സ്ഥാപനങ്ങള്‍ സി എഫ് എല്‍ സി കളാക്കി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ കാസർഗോഡ് ഭാഗമായി ജില്ലയിലെ എട്ട് സ്ഥാപനങ്ങള്‍ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളാക്കാൻ നടപടി ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു.കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയം, കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളേജ്, പെരി ഗവ.പോളിടെക്‌നിക് കോളേജ്, ബദിയഡുക്ക മാര്‍ തോമ കേളേജ് ഫോര്‍ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍, കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി, പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല ഹോസ്റ്റല്‍, വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയം നമ്പര്‍ -2, മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ.കോളേജ് എന്നിവയാണ് പുതിയതായി സി എഫ് എല്‍ ടി സികളാക്കി മാറ്റുന്നത്.
തൃശൂരിൽ 19 കെട്ടിടങ്ങൾ ഏറ്റെടുത്തു
തൃശൂരിൽ കോവിഡ് ചികിത്സയ്ക്കായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ സ്ഥാപിക്കുന്നതിന് ഏറ്റെടുത്ത് ജില്ലാ കളക്ടർ ഉത്തരവിറക്കി. മൊത്തം അയ്യായിരത്തിലധികം കിടക്കളൊരുക്കാനുള്ള സൗകര്യം ഈ കെട്ടിടങ്ങളിലുണ്ട്.
പോർക്കുളം പി.എസ്.എൻ ഡൻ്റൽ കോളേജ് (270), കടങ്ങോട് തേജസ് എൻജിനീയറിങ് കോളേജ് (160), കുന്നംകുളം മുനിസിപ്പൽ ടൗൺ ഹാൾ (60), വേലൂർ വിദ്യ എഞ്ചിനീയറിംഗ് കോളേജ് (500), കടവല്ലൂർ അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ (500), മേലൂർ ഡിവൈൻ ധ്യാനകേന്ദ്രം (452), മേലൂർ ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സ്റ്റഡീസ് (110), ചാലക്കുടി വ്യാസ സ്കൂൾ (400), സെൻറ് ജെയിംസ് അക്കാദമി (220), ഗുരുവായൂർ ശിക്ഷക് സദൻ (100), പുന്നയൂർ സിംഗപ്പൂർ പാലസ് (250), വടക്കേക്കാട് ടിഎംകെ (200),ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്എസ്എസ് (300), പുത്തൂർ പിസി തോമസ് ഹോസ്റ്റൽ, ഇളംതുരുത്തി (500), മാടക്കത്തറ കാർഷിക സർവകലാശാലയുടെ ഊട്ടുപുരയും ഹോർട്ടികൾച്ചർ കോളേജിലെ റൂഫ് ടോപ്പും (250), തൃശൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജ് (800) എന്നിവയാണ് ദുരന്തനിവാരണ നിയമപ്രകാരം കളക്ടർ ഏറ്റെടുത്തത്.
കോഴിക്കോട് ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഞായറാഴ്‌ചകളിലെ ലോക്ക്ഡൗണ്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ തുറക്കാന്‍ പാടില്ല. അവശ്യവസ്‌തുക്കൾ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാവൂ. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്ര ചെയ്യരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
തിരുവനന്തപുരത്ത് 222 പേർക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 222 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 203 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.പുതുക്കുറിച്ചി, കല്ലറ, പെരിങ്കുഴി, മുട്ടട, പൊഴിയൂർ, പൂന്തുറ, ഊന്നിമൂട്, ചിറയിൻകീഴ്, മാമ്പള്ളി, പുതിയതുറ, ഊക്കോട്, മരിയാമുട്ടം, ദേവസ്വം ബോർഡ് ജംഗ്ഷൻ, പരുത്തിക്കുഴി, നെയ്യാറ്റിൻകര, പൂവച്ചൽ, ആനക്കുടി, പുല്ലുവിള, കിളിമാനൂർ, വടശ്ശേരിക്കര, ആനയറ, ഇഞ്ചിവിള, അരുവിപ്പുറം, കരിംകുളം, വള്ളക്കടവ്, കോവളം, വഞ്ചിയൂർ, നെടുങ്കണ്ടം , അഞ്ചുതെങ്ങ്, എയർപോർട്ട് റോഡ്, പൂവാർ, പുരയിടം കൊച്ചുപള്ളി, പണ്ടകശ്ശാല, പേരൂർക്കട, പാറശ്ശാല കോടവിളാകം, ചിറയിൻകീഴ് കടകം, ചേക്കട, മെഡിക്കൽ കോളേജ്, കന്യാകുമാരി , ചെങ്കൽ കോടങ്കര , പെരുങ്കടവിള, പെരുമാതുറ, തമിഴ്‌നാട് വെള്ളാംകോട്, കാരക്കോണം, പാപ്പനംകോട്, മണക്കാട്, വട്ടപ്പാറ, പ്ലാമൂട്ടുകട, ബീമാപള്ളി, പെരുകാവ്, ചെമ്പഴന്തി, റസൽപുരം, മൂന്നാറ്റുമുക്ക്, നേമം പള്ളിച്ചൽ, കുളത്തൂർ, പാളയം, തൈക്കാട്, ഇടവ,മഞ്ചപ്പാറ, കാലടി, കല്ലടിച്ചാവിള, നിലമാമൂട്, നെടുമങ്ങാട് മേമല, പാറശ്ശാല കോഴിവിള, ചൊവ്വള്ളൂർ, ശാസ്തമംഗലം, തിരുവല്ലം, മേനംകുളം, കരമന, താന്നിമൂട്, തെന്നൂർ സ്വദേശികൾക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത് 97 പേർക്ക്
എറണാകുളം ജില്ലയിൽ ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 84 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.ചെല്ലാനം ക്ലസ്റ്ററിൽ നിന്നും ഇന്ന് 19 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആലുവ ക്ലസ്റ്ററിൽ നിന്നും ഇന്ന് 37 പേർക്ക് രോഗം സ്ഥിരീകരിച്ചു. കീഴ്മാട് ക്ലസ്റ്ററിൽനിന്നും ഇന്ന് 15 പേർക്ക് രോഗം സ്ഥിരീകരിച്ചു
ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കീഴ്മാട് സ്വദേശി (33), കീഴ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (40), അങ്കമാലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ തൃക്കാക്കര സ്വദേശിനി (53), എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കിഴക്കമ്പലം സ്വദേശിനി (31) എന്നിവർക്കും നേരത്തെ രോഗം സ്ഥിരീകരിച്ച പാറക്കടവ് സ്വദേശിയുടെ ഭാര്യ (64), ജൂലൈ 14ന്ന് രോഗം സ്ഥിരീകരിച്ച പച്ചാളം സ്വദേശിയുടെ അടുത്ത ബന്ധുക്കൾ (50, 72) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
ചൊവ്വര സ്വദേശിയായ കുട്ടിക്ക് (9) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു. ജൂലൈ 14ന് രോഗം സ്ഥിരീകരിച്ച ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള ഇടപ്പള്ളി സ്വദേശിനി(34), ഇവരുടെ 2 വയസ്സുള്ള കുട്ടി എന്നിവർക്കും കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചു.
മരട് മാർക്കറ്റിലെ പഴം പച്ചക്കറി വിതരണക്കാരനായ കോഴിക്കോട് സ്വദേശിയായ ഡ്രൈവർ (41), ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റിലെ ജീവനക്കാരനായ എഴുപുന്ന സ്വദേശി (56), സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുളള ഇടുക്കി സ്വദേശിനി ( 62 ), ചേർത്തലയിലെ ബാങ്ക് ജീവനക്കാരിയായ ആലപ്പുഴ സ്വദേശിനി (34), ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച 56 വയസ്സുള്ള നീലീശ്വരം മലയാറ്റൂർ സ്വദേശിനി, നേരത്തെ രോഗം സ്ഥിരീകരിച്ച കളമശ്ശേരി മെഡിക്കൽ കോളെജിലെ ശുചീകരണ ' ജീവനക്കാരന്റെ അടുത്ത ബന്ധുവായ കളമശ്ശേരി സ്വദേശി (36) എന്നിവർക്കും 56 വയസുള്ള മട്ടാഞ്ചേരി സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇന്ന് 8 പേർ രോഗമുക്തരായി. ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂർ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (50), ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശി (34), കളമശ്ശേരി സ്വദേശി (25 ) ,ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച മരട് സ്വദേശി (28), ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച ആന്ദ്ര സ്വദേശി (38), ജൂൺ 17 ന് രോഗം സ്ഥിരീകരിച്ച തെലുങ്കാന സ്വദേശി(32), , ജൂലൈ 5 ന് രോഗം സ്ഥിരീകരിച്ച എളങ്കുന്നപ്പുഴ സ്വദേശി (48), ജൂൺ 18 ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിനിയും ഇന്ന് രോഗമുക്തി നേടി
പട്ടാമ്പി മത്സ്യമാർക്കറ്റിൽ മാത്രം 67 പേർ, പാലക്കാട് രോഗം സ്ഥിരീകരിച്ചത് 81 പേർക്ക്
പാലക്കാട് ജില്ലയിൽ ഇന്ന് പട്ടാമ്പി മത്സ്യമാർക്കറ്റിൽ നിന്നുള്ള 67 പേർക്കുൾപ്പെടെ 81 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. പട്ടാമ്പി മത്സ്യമാർക്കറ്റ് ക്ലസ്റ്ററിൽ നടത്തിയ റാപ്പിഡ് ടെസ്റ്റിലൂടെയാണ് 67 പേരുടെ രോഗബാധ സ്ഥിരീകരിച്ചത്. ഇവിടെ മെഗാ ക്യാമ്പ് ആയി പരിശോധന തുടരുകയാണ്.
ബാക്കിയുള്ള 14 പേരിൽ 11 പേർ വിവിധ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ട് പേർക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിട്ടുണ്ട്. ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമ്പർക്കത്തിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായിരിക്കുന്നത്. രോഗബാധിതരിൽ ആറു വയസുകാരിയായ മാത്തൂർ സ്വദേശിയും ഉൾപ്പെടും. ജില്ലയിൽ 11 പേർ രോഗമുക്തി നേടി.
പട്ടാമ്പി മത്സ്യമാർക്കറ്റിലെ തൊഴിലാളിയായ ഒരാൾക്ക് ഉറവിടം അറിയാതെ രോഗബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച മാർക്കറ്റിൽ നടത്തിയ റാപ്പിഡ് ആൻറിജൻ ടെസ്റ്റിലാണ് 67 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ആകെ 525 പേർക്കാണ് പരിശോധന നടത്തിയത്. പട്ടാമ്പിയിൽ മെഗാ ക്യാമ്പ് ആയി പരിശോധന തുടരുകയാണ്. വരുംദിവസങ്ങളിലും മാർക്കറ്റ് കേന്ദ്രീകരിച്ചും പട്ടാമ്പി ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലും പരിശോധന നടത്തുമെന്ന് ഡിഎംഒ അറിയിച്ചു.
പട്ടാമ്പി സ്വദേശികളായ 34 പേർ, മുതുതല സ്വദേശികളായ അഞ്ച്പേർ, ഓങ്ങല്ലൂർ സ്വദേശികളായ 11 പേർ എന്നിവർക്ക് പരിശോധനയിൽ രോഗം കണ്ടെത്തി. പരുതൂർ, തിരുമിറ്റക്കോട് സ്വദേശികളായ മൂന്ന് വീതം പേർക്കും, വല്ലപ്പുഴ,പട്ടിത്തറ,തൃത്താല സ്വദേശികളായ രണ്ടു വീതം പേർക്കും, കുലുക്കല്ലൂർ,നാഗലശ്ശേരി, വിളയൂർ, തിരുവേഗപ്പുറ,ഷൊർണൂർ സ്വദേശികൾ ഒരോരുത്തർക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 338 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്ന് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ചികിത്സയിൽ ഉണ്ട്. പാലക്കാട് കൂടാതെ വലിയങ്ങാടിയിൽ ജൂലൈ 22 ന് രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെ പരിശോധന നടത്തുമെന്ന് ഡിഎംഒ അറിയിച്ചു. പുതുനഗരം മത്സ്യമാർക്കറ്റിലും പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂരിൽ 61 പേർക്ക് രോഗബാധ, സമ്പർക്കത്തിലൂടെ 27 പേർ
തൃശൂർ ജില്ലയിൽ ഇന്ന് 61 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മുളംകുന്നത്ത് കാവ്, പുതുരുത്തി, ഇരിങ്ങാലക്കുട, ഗുരുവായൂർ, കടുപ്പശ്ശേരി, എടക്കുളം, കല്ലൂർ, മാപ്രാണം, പുല്ലൂർ, അവിട്ടത്തൂർ, മുരിയാട് ,നടവരമ്പ്, കോടശ്ശേരി, പുതുക്കാട് സ്വദേശികൾക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. കെഎസ്ഇയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന സ്വദേശികളടക്കമുള്ളവർക്കും രോഗം ബാധിച്ചു.
കാസർഗോട്ട് 57 പേർക്ക് രോഗബാധ
കാസർഗോട് ജില്ലയിൽ 57 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 48 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചികിത്സയിലുണ്ടായിരുന്ന12 പേർ രോഗമുക്തരായി. ഉപ്പള ഹിദായത്ത് നഗറിലെ നഫീസ (74) കോവിസ് 19 ബാധിച്ച് പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ മരിച്ചു കാസര്‍കോട് ജി്ല്ലയില്‍ ആദ്യമായാമ് ഒരാള്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്.
കോഴിക്കോട്ട് 32 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് ജില്ലയിൽ ഇന്ന് 32 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 26 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. വാണിമേല്‍, കോഴിക്കോട് കോര്‍പ്പറേഷന്‍, തിരുവങ്ങൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളില്‍ വെച്ച് നടന്ന ആന്റീജന്‍ ടെസ്റ്റിൽ പോസിറ്റീവ് ഫലം നേടിയവരാണ് ഇതിൽ 17 പേർ.
വാണിമേലിൽ 11 പേരും, കോഴിക്കോട് കോർപറേഷനിൽ മൂന്നു പേരും, തിരുവങ്ങൂരിൽ രണ്ടുപേരുമാണ് ആന്റീജന്‍ ടെസ്റ്റിൽ പോസിറ്റീവ് ഫലം ലഭിച്ചവർ. കൊയിലാണ്ടിയിൽ ഒരാൾക്കും പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ചു.
ഇതിന് പുറമെ വില്യാപ്പള്ളി സ്വദേശികളായ ഒരു കുടുംബത്തിലെ അച്ഛനും, അമ്മയും മകനും കോവിഡ് സ്ഥിരീകരിച്ചു. 18 വയസ്സുള്ള ചോറോട് സ്വദേശി വടകരയില്‍ പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നയാള്‍ പ്രത്യേക സ്രവ പരിശോധനയില്‍ പോസിറ്റീവായി ചികിത്സയിലാണ്. വടകര പോസിറ്റീവായ വ്യക്തിയുടെ മൂന്ന് കുടുംബാംഗങ്ങള്‍ എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകനായ 35 വയസ്സുള്ള കാരപ്പറമ്പ് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 22 വയസ്സുള്ള വെങ്ങേരി സ്വദേശിക്കും 31 വയസ്സുള്ള വടകര സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നും വന്ന മുക്കം സ്വദേശികളായ അഞ്ച് പേർക്കും രോഗം സ്ഥിരീകരിച്ചു.
മലപ്പുറത്ത് 25 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ 25 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ പത്ത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
ജൂലൈ മൂന്നിന് രോഗബാധിതയായ എടപ്പാള്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി ബന്ധമുണ്ടായ മാറഞ്ചേരി സ്വദേശി (10), ജൂലൈ എട്ടിന് രോഗബാധ സ്ഥിരീകരിച്ച ചോക്കാട് സ്വദേശിയുമായി ബന്ധമുണ്ടായ ചോക്കാട് സ്വദേശി (21), ജൂലൈ അഞ്ചിന് പാലേമാട് സ്വദേശിയുമായി ബന്ധമുണ്ടായ വഴിക്കടവ് സ്വദേശി (55), ജൂലൈ എട്ടിന് രോഗബാധ സ്ഥിരീകരിച്ച കമ്പളക്കല്ല് സ്വദേശിനിയുടെ സഹോദരന്റെ മക്കളായ ഒമ്പത് വയസുകാരന്‍, അഞ്ച് വയസുകാരന്‍ എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ മഞ്ചേരി തുറക്കലില്‍ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ മഞ്ചേരി സ്വദേശി (25), മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ നിലമ്പൂര്‍ സ്വദേശിനി (32), മഞ്ചേരിയിലെ മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ മഞ്ചേരി സ്വദേശി (29), നിലമ്പൂര്‍ സ്വദേശി (30), പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശിയായ മത്സ്യ വില്‍പ്പനക്കാരന്‍ (57) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ്
വയനാട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 14ന് ബാംഗ്ലൂരില്‍ നിന്നു വന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശിയാണ് (40) രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായത്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 269 ആയി.
കോവിഡ് വ്യാപന ആശങ്കയിൽ കേരളം
സംസ്ഥാനത്ത് കോവിഡ് വ്യാപന ആശങ്ക ഉയരുകയാണ്. കഴിഞ്ഞ ആറ് ദിവസവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ അറുപത് ശതമാനത്തിലധികവും സമ്പർക്ക രോഗികളാണ്. കഴിഞ്ഞ ഒരാഴ്‌ച മാത്രം അയ്യായിരത്തിലധികം കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. സമ്പർക്ക രോഗബാധ ഉയരുന്നത് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ സങ്കീർണമാക്കും.
തലസ്ഥാനത്തെ തീരമേഖലകളിൽ സമ്പൂർണ നിയന്ത്രണം
സാമൂഹിക വ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്തെ തീരമേഖലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇന്നലെ മുതൽ നിലവിൽ വന്നു. അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങള്‍ മൂന്ന് സോണുകളായി തിരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തീരദേശത്ത് നിന്ന് പുറത്തിറങ്ങാനോ തീരപ്രദേശത്തേക്ക് പോകാനോ അനുവദിക്കില്ല.
Read Also: Horoscope of the Week (July 19- July 25, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?
ദേശീയപാതയിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കും, എന്നാൽ ഈ പ്രദേശങ്ങളിൽ വാഹനം നിർത്താനാേ ആളുകൾ പുറത്തിറങ്ങാനോ പാടില്ല. പാല്‍, പച്ചക്കറി, പലചരക്ക് കടകള്‍, ഇറച്ചികടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലുവരെ പ്രവര്‍ത്തിക്കാം. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, ഒരുകിലോ ധാന്യം എന്നിവ നല്‍കും. പ്രദേശങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പ്, സപ്ലൈകോ, കെപ്കോ എന്നിവയുടെ മൊബൈല്‍ വാഹനങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തും. തിരുവനന്തപുരത്ത് ഇന്നലെ 152 പേർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് ചികിത്സ വീട്ടിലും; നിർദേശം മുന്നോട്ടുവച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ 60 ശതമാനം പേർക്കും രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരെ വീടുകളിൽ ചികിത്സിക്കാനുള്ള കാര്യം ആലോചിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലടക്കം ഇങ്ങനെയൊരു രീതിയുണ്ട്. അപകട സാധ്യത വിഭാഗത്തിൽ ഉൾപ്പെടാത്ത, രോഗലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് ബാധിതരെ വീട്ടിൽ ചികിത്സിക്കാമെന്ന് വിദഗ്‌ധരുടെ ഉപദേശമുണ്ട്. ആശുപത്രിയടുത്തുള്ള വീടുകളിൽ ഇങ്ങനെയൊരു സജ്ജീകരണം ഏർപ്പെടുത്താം. രോഗികളുടെ എണ്ണം വൻ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു ചികിത്സാരീതി നടപ്പിലാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.