വാണിജ്യ സിനിമകളുടെ മുഖമായ സംവിധായകൻ ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ ഹോളിവുഡ് നടനും. ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാറിൽ ഹോളിവുഡ് താരം ലൂയിസ് മാൻഡിലോറും പ്രധാന വേഷത്തിലെത്തും. ഒമർ ലുലു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന ചിത്രമാണ് പവർസ്റ്റാർ. നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ്​ലൈനുമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഡെന്നീസ് ജോസഫാണ്. ഒരു ഇടവേളയ്‌ക്ക് ശേഷം ഡെന്നീസ് ജോസഫ് തിരിച്ചെത്തുന്നു എന്ന പ്രാധാന്യവും പവർസ്റ്റാറിനുണ്ട്. ആക്ഷൻരംഗങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള തട്ടുപൊളിപ്പൻ ചിത്രമായിരിക്കും പവർസ്റ്റാറെന്നാണ് അണിയറയിൽ നിന്നു ലഭിക്കുന്ന വിവരം.

Read More: പണ്ടത്തെ കൗമാരക്കാരന്‍; വേദന ബാക്കിയാക്കി ഒരു ചിത്രം

മലയാളത്തിന്റെ ആക്ഷൻ താരം ബാബു ആന്റണി ആണ് ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നത്. ലൂയിസ് മാൻഡിലോറിനൊപ്പം അഭിനയിക്കുന്ന വിവരം അദ്ദേഹവും ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

“പവർ സ്റ്റാറിൽ എന്നോടൊപ്പം ഹോളിവുഡ്‌ സൂപ്പർ താരം ലൂയിസ് മാൻഡിലോർ ഉണ്ടായിരിക്കും.

പവർസ്റ്റാറിന്റെ പ്രാരംഭഘട്ട ചർച്ചകൾ നടക്കുന്ന സമയത്തു തന്നെ ഡയറക്‌ടർ ഒമർ ലുലു എന്നോട് പവർസ്റ്റാറിലേക്ക് എനിക്ക് പരിചയമുള്ള അത്യാവശ്യം നല്ല സ്റ്റാർഡവും മാർഷൽ ആർട്ട്സും വശമുള്ള ഹോളിവുഡ്‌ ആക്ടറേ ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ കിട്ടുമോ എന്നു ചോദിച്ചിരുന്നു. അമേരിക്കയിൽ എനിക്കറിയാവുന്ന ആക്ടേഴ്സിൽ ചിലരോട്‌ ഞാൻ ഈ കാര്യം സൂചിപ്പിച്ചിരുന്നു. കൂട്ടത്തിൽ സുഹൃത്തായ ലൂയിസ് മാൻഡിലോറിനോടും ഞാൻ കാര്യം പറഞ്ഞു. ലൂയിസിനെ പോലുള്ള ഒരു വലിയ താരം ഓക്കേ പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നിയിരുന്നെങ്കിലും അദ്ദേഹത്തെപ്പോലൊരാളെ അഫോർഡ് ചെയ്യാൻ കഴിയുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നാൽ തന്റെ പ്രതിഫലത്തിന്റെ കാര്യത്തേക്കുറിച്ച്‌ ആലോചിക്കേണ്ട എന്നും, നമ്മുടെ സൗഹൃദത്തിന്റെ പുറത്തു ചെയ്യാം എന്നുമാണ് ലൂയിസ് പറഞ്ഞത്. മലയാള സിനിമക്ക് ഒരു ഹോളിവുഡ് വാതിൽ തുറക്കാന്‍ പവർസ്റ്റാറിലൂടെ സാധിക്കട്ടെ. അപ്പോൾ കാത്തിരുന്നോളൂ, ‘പവർ സ്റ്റാർ’ എന്ന ഈ ആക്ഷൻ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ ഇനി ലൂയിസ് മാൻഡിലോറും ഉണ്ടാകും.!!”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook