/indian-express-malayalam/media/media_files/uploads/2021/09/veena-george.jpg)
veena george
തിരുവനന്തപുരം: പിജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മെഡിക്കല്‍ റസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി മറ്റാശുപത്രികളില്‍ പോകുന്നവര്‍ക്കായി ഉടന്‍ തന്നെ എസ്ഒപി പുറത്തിറക്കും. ഹൗസ് സര്‍ജന്‍മാരുടെ പ്രശ്നങ്ങളും കമ്മിറ്റി പരിശോധിക്കും. റസിഡന്‍സി മാന്വല്‍ കര്‍ശനമായി നടപ്പിലാക്കും. അടിയന്തരമായി ഇതിനായി ഡി.എം.ഇ. സര്‍ക്കുലര്‍ ഇറക്കും. വകുപ്പ് മേധാവികള്‍ വിദ്യാര്‍ത്ഥികളുടെ അവധി ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. പിജി വിദ്യാര്‍ത്ഥികള്‍ ഹൗസ് സര്‍ജന്‍മാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഡോക്ടര്‍മാര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ സമരം ചെയ്യരുത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വിശദമായ അവലോകന യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു. ആശുപത്രികളിലെ സുരക്ഷ ഓഡിറ്റ് സമയബന്ധിതമായി നടത്തും. എല്ലാ പ്രധാന ആശുപത്രികളിലും പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും. മറ്റിടങ്ങളില്‍ പോലീസ് നിരീക്ഷണമുണ്ടാകും. ആശുപത്രികളില്‍ സിസിടിവി ക്യാമറ ഉറപ്പാക്കും.
മുമ്പ് പിജി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തീരുമാനിച്ച കാര്യങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഹോസ്റ്റല്‍ സൗകര്യം അതാത് സ്ഥാപനങ്ങള്‍ പരിശോധിച്ച് മുന്‍ഗണന നല്‍കാന്‍ ഡിഎംഇയെ ചുമതലപ്പെടുത്തി. ന്യായമായ സ്റ്റൈപെന്റ് വര്‍ധനയ്ക്കുള്ള പ്രൊപ്പോസല്‍ സര്‍ക്കാര്‍ പരിഗണനയിലാണ്.
ആരോഗ്യ പ്രവര്‍ത്തകര്‍ ഇനി ആക്രമിക്കപ്പെടാന്‍ പാടില്ല. അതിനുള്ള നടപടികള്‍ കര്‍ശനമായി സ്വീകരിക്കും. മെഡിക്കല്‍ കോളേജുകളില്‍ പബ്ലിക് അഡ്രസ് സിസ്റ്റം നടപ്പിലാക്കും. ചികിത്സാ ക്വാളിറ്റി, ജീവനക്കാരുടെ സുരക്ഷ എന്നിവ പ്രധാനമാണ്. രോഗികളുടെ വിവരങ്ങള്‍ അറിയിക്കുന്നതിന് ബ്രീഫിംഗ് റൂം ഉറപ്പാക്കണം. വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാര്‍ ഒരാള്‍ മാത്രമേ പാടുള്ളൂ. അത്യാഹിത വിഭാഗത്തില്‍ 2 പേര്‍ മാത്രം. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള അലാറം സമ്പ്രദായം നടപ്പിലാക്കണം. ചീഫ് സെക്യൂരിറ്റി ഓഫീസറുടെ നമ്പര്‍ എല്ലാവര്‍ക്കും നല്‍കണം. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്രഷ് സംവിധാനം എല്ലാ മെഡിക്കല്‍ കോളേജിലും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍, സ്പെഷ്യല്‍ ഓഫീസര്‍, എല്ലാ മെഡിക്കല്‍ കോളേജുകളിലേയും പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, പിജി വിദ്യാര്‍ത്ഥികളുടേയും ഹൗസ് സര്‍ജമാരുടേയും സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി
ആശുപത്രികളിലെ ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി. സുരക്ഷ ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കുന്നതുവരെ ഉത്തരവ് തുടരും. ആരോഗ്യമന്ത്രിയുമായി പി.ജി. ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് നടപടി.
അതേസമയം ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന് പിന്നാലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് പി.ജി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം ഭാഗികമായി പിന്‍വലിച്ചു. ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ എമര്‍ജന്‍സി സര്‍വീസില്‍ ഡോക്ടര്‍മാര്‍ തിരിച്ചുകയറും. അതേസമയം ഒ.പി ബഹിഷ്‌കരണം തുടരും. തുടര്‍സമരത്തിന്റെ കാര്യത്തില്‍ ഇന്നുതന്നെ കമ്മിറ്റി കൂടി തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.