തിരുവനന്തപുരം: കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പാമ്പു കടിയേറ്റ് വിദ്യാർത്ഥി മരിച്ചു. ഓട്ടോ ഡ്രൈവറായ സുനിലിന്റെ മകൻ അഭിനവ് സുനിൽ(16) ആണ് മരിച്ചത്. മുകുന്ദറ ലയോള സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകീട്ടോടെയാണ് പാമ്പു കടിയേറ്റത്.
വീടിനുള്ളിൽ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു അഭിനവ്. ഏതോ ജീവിയുടെ കടിയേറ്റതായി സംശയം തോന്നിയ അഭിനവ് അച്ഛനോട് ഈ വിവരം പറയുകയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടുകയും ചെയ്തു. എന്നാൽ, ആരോഗ്യ സ്ഥിതി കൂടുതൽ മോശമായതോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെനിന്നും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചതും മരണം സംഭവിക്കുകയായിരുന്നു.
എലി കടിച്ചതെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. പിന്നീടാണ് പാമ്പു കടിച്ചതാകാമെന്ന സംശയമുണ്ടായത്. വനം വകുപ്പ് ജീവനക്കാരെത്തി കുട്ടി പഠിച്ചു കൊണ്ടിരുന്ന മുറി പരിശോധിച്ചപ്പോഴാണ് കവറിൽ നിന്നും പാമ്പിനെ കണ്ടെടുത്തത്. വീട്ടിനുള്ളിൽ തടി ഉരുപ്പടികൾ നിറയെ അടുക്കി വച്ചിട്ടുണ്ടായിരുന്നു. ഇതിനിടയിൽ നിന്നാകാം പാമ്പ് വന്നതെന്നാണ് സംശയം.