/indian-express-malayalam/media/media_files/uploads/2022/08/Pinarayi-Vijayan.jpg)
പിണറായി വിജയൻ
തിരുവനന്തപുരം: എമ്പുരാൻ സിനിമയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയ്ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന 'എമ്പുരാൻ' എന്ന ചിത്രം കണ്ടു. സിനിമയ്ക്കും അതിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങൾ സംഘപരിവാർ വർഗീയത അഴിച്ചു വിടുന്ന സന്ദർഭത്തിലാണ് സിനിമ കണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയിൽ പരാമർശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നതെന്നും അണികൾ മാത്രമല്ല, ബിജെപിയുടേയും ആർഎസ്എസിന്റേയും നേതാക്കൾ വരെ പരസ്യമായ ഭീഷണികൾ ഉയർത്തുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു
സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്. ജനാധിപത്യ സമൂഹത്തിൽ പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങൾ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തൻ പ്രകടനങ്ങളാണ്. അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. സിനിമകൾ നിർമ്മിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങൾ നഷ്ടപ്പെടാതിരിക്കണം. അതിനായി ജനാധിപത്യ മതേതര മൂല്യങ്ങളിൽ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Read More
- ലൂസിഫറിന്റെ ഈ തുടർച്ച കാണില്ല, ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ നിരാശനാണ്: രാജീവ് ചന്ദ്രശേഖർ
- വിവാദങ്ങൾക്കിടെ 'എമ്പുരാൻ' കാണാൻ മുഖ്യമന്ത്രി കുടുംബസമേതം തിയേറ്ററിൽ
- 'കേരള സ്റ്റോറിക്ക് ഇല്ലാത്ത സെൻസർ കട്ട് എമ്പുരാന് എന്തിന്'; ഫാസിസ്റ്റ് മനോഭാവമെന്ന് മന്ത്രി വി. ശിവൻകുട്ടി
- മോഹൻലാൽ ആരാധകരെ വഞ്ചിച്ചു, എമ്പുരാനിൽ ഹിന്ദുവിരുദ്ധ അജൻഡ; വിമർശനവുമായി ആർഎസ്എസ് മുഖപത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.