/indian-express-malayalam/media/media_files/2025/09/12/ksrtc-2025-09-12-16-25-01.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: ശാപവചനങ്ങളിൽ നിന്ന് മുക്തിനേടി പുരോഗതിയുടെ പാതയിലാണ് ഇന്ന് കേരള സംസ്ഥാനത്തിന്റെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനെന്ന് (കെഎസ്ആർടിസി) മുഖ്യമന്ത്രി പിണറായി വിജയൻ. അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കപ്പെട്ട കെഎസ്ആർടിസി പ്രതിദിന വരുമാനത്തിലും റെക്കോർഡ് നേട്ടവുമായി കുതിക്കുകയാണെന്ന് മുഖ്യമന്ത്രി സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
തകർന്നുപോകുമെന്ന് വിധിയെഴുതിയ സംവിധാനത്തെ ചരിത്ര നേട്ടത്തിലേക്ക് നയിച്ച ജീവനക്കാർക്കും മാനേജ്മെന്റിനും നേതൃത്വത്തിനും അഭിനന്ദനം അറിയിക്കുന്നതായും മുഖ്യമന്ത്രി കുറിച്ചു.
Also Read: ശബരിമല സ്വർണപ്പാളി വിവാദം; ഉടൻ തിരികെ എത്തിക്കേണ്ടതില്ലെന്ന് ഹൈക്കോടതി
മുഖ്യമന്ത്രിയുടെ കുറിപ്പ്
"ആത്മാർപ്പണവും അധ്വാനവും അത്ഭുതങ്ങൾ സൃഷ്ടിക്കും. കേരളത്തിലെ പൊതുഗതാഗത രംഗത്തെ ഏറ്റവും വലിയ സ്ഥാപനമായ കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുന്നത് ഭാവനാ സമ്പന്നമായ നേതൃത്വത്തിന്റെയും അർപ്പണ മനോഭാവത്തോടെ അക്ഷീണം പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിലാണ്. നശിച്ചു നാനാവിധമാകും; ഇനി ഭാവിയില്ല; എന്തിനീ വെള്ളാനയെ പോറ്റുന്നു-ഇങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തിൽ ആണ് ഇന്ന് കേരള സംസ്ഥാനത്തിന്റെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ.
അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കപ്പെട്ട കെഎസ്ആർടിസി പ്രതിദിനം വരുമാനത്തിലും റെക്കോർഡ് നേട്ടവുമായി കുതിക്കുകയാണ്. ടിക്കറ്റ് വരുമാനത്തിലൂടെ 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി 82 ലക്ഷം രൂപയുമാണ് സെപ്റ്റംബർ എട്ടിന് കെഎസ്ആർടിസി കൈവരിച്ചത്. സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നവീകരണ പ്രവർത്തനങ്ങളാണ് സമീപകാലത്ത് കെഎസ്ആർടിസിയിൽ നടന്നത്.
Also Read: സിപിഐ സംസ്ഥാന സമ്മേളനത്തിൽ വൻ വെട്ടിനിരത്തൽ; ബിനോയ് വിശ്വം തുടരും
ഈ മാറ്റങ്ങൾ പൊതു ഗതാഗത രംഗത്ത് ഉണ്ടാക്കിയ ചലനത്തിന്റെ തെളിവ് കൂടിയാണ് കെഎസ്ആർടിസി കൈവരിച്ച ചരിത്ര നേട്ടം. ട്രാവൽ കാർഡ്, യുപിഐ പെയ്മെൻറ് സൗകര്യം, ലൈവ് ട്രാക്കിംഗ് സംവിധാനം തുടങ്ങിയ കെഎസ്ആർടിസി സ്വീകരിച്ച പുതു രീതികൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു. കൂടാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസുകൾ നിരത്തിലിറക്കി മികവാർന്ന യാത്രാനുഭവം ഒരുക്കാനും കെഎസ്ആർടിസിക്ക് സാധിച്ചു.
Also Read: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; സംസ്ഥാനത്ത് 5 ദിവസം മഴയ്ക്ക് സാധ്യത
മുടങ്ങിക്കിടന്ന പല സർവീസുകളും പുനരാരംഭിച്ചതും വരുമാന വർദ്ധനവിന് സഹായകമായി. കെഎസ്ആർടിസി പുതുതായി ആരംഭിച്ച വിനോദസഞ്ചാര പാക്കേജുകൾ, ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങി എല്ലാ സേവനങ്ങളും ഏറ്റവും ലളിതവും സുതാര്യവും ആയിരുന്നു. ഇത് കെഎസ്ആർടിസിയുടെ ജനപ്രീതിയും വർദ്ധിപ്പിക്കാൻ കാരണമായി. കൃത്യമായ ആസൂത്രണത്തിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്ന കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. തകർന്നു പോകുമെന്ന് വിധിയെഴുതിയ സംവിധാനത്തെ ചരിത്ര നേട്ടത്തിലേക്ക് നയിച്ച ജീവനക്കാർക്കും മാനേജ്മെന്റിനും നേതൃത്വത്തിനും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു," മുഖ്യമന്ത്രി കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us