/indian-express-malayalam/media/media_files/uploads/2020/09/Variyankunnath.jpg)
തിരുവനന്തപുരം: സ്വാതന്ത്ര്യസമര പോരാളികളെക്കുറിച്ചുളള നിഘണ്ടുവിൽനിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്ലിയാരെയും ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്ന് കേരളത്തിൽനിന്നുള്ള എംപിമാർ ഒറ്റക്കെട്ടായി പാർലമെന്റിൽ ആവശ്യപ്പെടും. മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ എംപിമാരുമായി ഓൺലൈനിൽ ചർച്ച നടത്തിയത്. സംസ്ഥാനത്തിന്‍റെ പൊതുവായ ആവശ്യങ്ങൾക്കായി എംപിമാർ പാർലമെന്‍റിൽ ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Also Read: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി; സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ച ഖിലാഫത്ത് നേതാവ്
തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് കൈമാറിയതിനെതിരെ ഒന്നിച്ച് പ്രതിഷേധിക്കാനും തീരുമാനമായി. യോഗത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ മാത്രമാണ് സ്വകാര്യവല്‍കരണത്തെ അനുകൂലിച്ചു സംസാരിച്ചത്. സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പ് അവഗണിച്ച് സ്വകാര്യവല്‍ക്കരണവുമായി കേന്ദ്രം മുന്നോട്ടുപോവുകയാണെങ്കില്‍ ഇതുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു വിധത്തിലും സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഗ്രാന്റ് അനുവദിക്കണം. ഇക്കാര്യം 15-ാം ധനകാര്യ കമ്മിഷന്‍റെ പരിഗണനാ വിഷയമായി ഉള്‍പ്പെടുത്തണം. ദേശീയപാത വികസനം വേഗത്തിലാക്കണം. ഭൂമി ഏറ്റെടുക്കുന്നതിലുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതിന് ദേശീയപാതാ അതോറിറ്റി അടിയന്തര നടപടി സ്വീകരിക്കണം. സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാന വിഹിതമായി 25 ശതമാനം തുക നല്‍കാന്‍ തീരുമാനിച്ച ആദ്യ സംസ്ഥാനമാണ് കേരളം. സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍നിന്നുള്ള ധനവിനിയോഗത്തിന് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വിവേചനാധികാരം നല്‍കണം. നെല്ല് സംഭരിച്ച വകയില്‍ കേന്ദ്രത്തില്‍ നിന്ന് 220 കോടി രൂപ ലഭിക്കാനുണ്ട്. അതു ഉടനെ ലഭ്യമാക്കണം. എന്നീ ആവശ്യങ്ങളും എംപിമാർ ഉന്നയിക്കും.
Also Read: വാരിയംകുന്നനിൽനിന്ന് പിന്മാറുന്നു; നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്ന് തിരക്കഥാകൃത്ത്
സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള കമ്പനിയെ വിമാനത്താവള നടത്തിപ്പ് ഏല്‍പ്പിക്കണമെന്നതാണ് ആവശ്യം. സ്വകാര്യ - പൊതുപങ്കാളിത്തത്തില്‍ കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വിജയകരമായി നടത്തുന്ന അനുഭവജ്ഞാനം സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന് ജിഎസ്ടി വിഹിതമായി കിട്ടേണ്ട 7000 കോടി ലഭ്യമാക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. മൊറോട്ടോറിയം ഡിസംബർ 31 വരെ നീട്ടണമെന്നും ബിപിസിഎൽ സ്വകാര്യവത്കരിക്കരുതെന്നും എംപിമാർ പാർലമെന്റിൽ ആവശ്യമുന്നയിക്കാനും തീരുമാനിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.