പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വാരിയംകുന്നൻ’ എന്ന ചിത്രത്തിൽനിന്നു താത്കാലികമായി പിന്മാറുന്നതായി തിരക്കഥാകൃത്തുക്കളിലൊരാളായ റമീസ് മുഹമ്മദ്. റമീസ് മുഹമ്മദിന്റെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പിന്മാറ്റം. ഇക്കാര്യം ചിത്രത്തിന്റെ നിർമാതാക്കളെ ഔദ്യോഗികമായി അറിയിച്ചതായി റമീസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
Read More: വാരിയംകുന്നത്ത്, രഹനാ ഫാത്തിമ എന്നിവരെ ആർക്കാണു പേടി?
Read More: ഇതിലും വലുത് കണ്ടിട്ടുണ്ട്; ആക്രമണങ്ങൾ പൃഥ്വിയെ ബാധിക്കില്ലെന്ന് ആഷിഖ് അബു
റമീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിൽ, ഇപ്പോൾ വാരിയംകുന്നൻ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെക്കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതിൽ പ്രധാനം എനിക്ക് എതിരിൽ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്. എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളിൽ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ എനിക്ക് കഴിയുകയും ചെയ്യും. ഞാൻ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തിൽ ബോധിപ്പിക്കുകയും ചെയ്യും.
എന്നാൽ, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തിൽ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷെ, ദൌർഭാഗ്യവശാൽ അത് ഇപ്പോൾ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാൽ, എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും ഞാൻ താൽക്കാലികമായി വിട്ടുനിൽക്കാൻ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവർത്തനങ്ങളിലേക്ക് ഞാൻ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും.
ഈ വിവരങ്ങൾ ‘വാരിയംകുന്നൻ’ എന്ന സിനിമയുടെ നിർമ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
Also Read: ചരിത്രം കടംവീട്ടുന്നു; ആഷിഖ് അബുവും പൃഥ്വിരാജും ഒന്നിക്കുന്ന ‘വാരിയംകുന്നൻ’
ഈ വിഷയത്തിൽ പ്രതികരണവുമായി ആഷിഖ് അബുവും രംഗത്തെത്തിയിട്ടുണ്ട്. റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ലെന്ന് ആഷിഖ് പറഞ്ഞു. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളിൽ അദ്ദേഹം തെറ്റ്സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കിൽ മാപ്പുപറയുകയും ചെയ്തു. തന്റെ ഉദ്ദേശശുദ്ധിയുടെ മേൽ സംശയത്തിന്റെ നിഴൽ വീണ നിലയ്ക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കുമെന്നും അഷിഖ് പറഞ്ഞു.
തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താൻ റമീസിന് ബാധ്യതയുണ്ടെന്നും റമീസ് മാറി നിൽക്കുന്നെങ്കിലും തങ്ങൾ വാരിയംകുന്നൻ എന്ന ചിത്രവുമായി മുന്നോട്ടുപോകുമെന്നും ആഷിഖ് വ്യക്തമാക്കി.
വാരിയം കുന്നൻ സിനിമ പ്രഖ്യാപിച്ചതിനുപിന്നാലെയാണു റമീസിന്റെ പഴയ ചില ഫെയ്‌സ് ബുക്ക് പോസ്റ്റിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി ചിലർ രംഗത്തെത്തിയത്.
ഇതേത്തുടർന്ന് ജൂൺ 23ാം തിയതിയിലെ ഫെയ്സ്ബുക്ക് പോസ്റ്റിൽ മാപ്പ് പറഞ്ഞ റമീസ് എട്ടോ ഒമ്പതോ വർഷം മുമ്പുള്ള നിലപാടല്ല ഇന്ന് തനിക്കെന്നും പോസ്റ്റിലെ സ്ത്രീവിരുദ്ധത മനസിലാക്കാനുള്ള പക്വത അന്നുണ്ടായിരുന്നില്ലെന്നും പറഞ്ഞിരുന്നു.
” എട്ടോ ഒമ്പതോ വർഷങ്ങൾ മുമ്പ്, ആദ്യമായി എഫ് ബി യിൽ ഒക്കെ വന്ന കാലത്ത് ആവേശത്തിൽ പല വിവരം കെട്ട പോസ്റ്റുകളും ഇട്ടിട്ടുണ്ട്. ഇന്ന് ഉള്ള പോലത്തെ പൊളിറ്റിക്കൽ കറക്റ്നസോ കാഴ്ചപ്പാടുകളോ അന്നെനിക്കില്ലായിരുന്നു. എട്ടോ ഒമ്പതോ വർഷം മുമ്പുള്ള നിലപാടല്ല ഇന്ന് എനിക്ക്. അന്നത്തെ പോസ്റ്റിലെ സ്ത്രീവിരുദ്ധത മനസ്സിലാക്കാനുള്ള പക്വത അന്നെനിക്കില്ലായിരുന്നു. അതൊക്കെ പിന്നീടാണ് മനസ്സിലാവുന്നത്. ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ആ പോസ്റ്റ് ഒരു വലിയ തെറ്റാണ്. ഹൃദയത്തിൽ തൊട്ട് പറയട്ടെ, ആ പോസ്റ്റിലും ആ നിലപാടിലും ഞാൻ അങ്ങേയറ്റം ഖേദിക്കുന്നു.. ആ പോസ്റ്റ് വേദനിപ്പിച്ചിട്ടുള്ള മുഴുവൻ മനുഷ്യരോടും മാപ്പ് പറയുന്നു.. ഇന്ന് ആ നിലപാടുകളിൽ നിന്നും മാറിയ വ്യക്തിയായി തന്നെ എന്നെ കാണണം എന്ന് അപേക്ഷിക്കുന്നു.. അറിവില്ലാ പ്രായത്തിലെ വിവരക്കേടായി കണ്ട് എല്ലാവരും ക്ഷമിക്കണം എന്ന് അഭ്യർഥിക്കുന്നു,” എന്നായിരുന്നു മാപ്പ് പറഞ്ഞുകൊണ്ടുള്ള റമീസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.
Also Read: മലബാര്‍ വിപ്ലവം മൂന്ന് സിനിമകളാവുന്നു; വിവാദം, പൃഥ്വിരാജിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആക്രമണം
റമീസ് മുഹമ്മദും ഹര്‍ഷദും ചേര്‍ന്ന് രചന നിര്‍ഹിച്ച് ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വാരിയം കുന്നന്‍’ എന്ന ചിത്രത്തില്‍ പൃഥ്വിരാജാണു നായകന്‍. ഷൈജു ഖാലിദ് ഛായാഗ്രഹകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികമായ 2021ല്‍ ആരംഭിക്കുമെന്നാണ് ആഷിഖ് അബുവും പൃഥ്വിരാജും ഫെയ്‌സ്ബുക്കിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റു നടീടന്മാരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Also Read: ‘നാട് വിപത്തിലേക്കാണ്! സിനിമയെ ആർക്കാണ് പേടി?’ വാരിയംകുന്നന് പിന്തുണയുമായി സിനിമാ ലോകം
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്വല ഏടുകളിലൊന്നായ 1921ലെ മലബാര്‍ കലാപത്തിന്റെ വീരനായകന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മറ്റു രണ്ടു ചിത്രങ്ങളുടെ പ്രവർത്തനങ്ങളും അണിയറയിൽ പുരോഗമിക്കുകയാണ്.പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഷഹീദ് വാരിയംകുന്നന്‍’, നാടക കൃത്തും സംവിധായകനുമായ ഇബ്രാഹിം വെങ്ങര സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റ് വാരിയം കുന്നത്ത്’ എന്നിവയാണവ. 1921 മാപ്പിള കലാപം സത്യസന്ധമായി ചിത്രീകരിക്കുമെന്ന് പറഞ്ഞുകൊണ്ട് സംവിധായകൻ അലി അക്ബറും മറ്റൊരു സിനിമയും പ്രഖ്യാപിച്ചിട്ടുണ്ട്.