scorecardresearch

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി; സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ച ഖിലാഫത്ത് നേതാവ്

ആറുമാസത്തോളം നിലമ്പൂർ അസ്ഥാനമായി ഹാജി സമാന്തര ഖിലാഫത്ത് ഭരണം നടത്തി, പ്രത്യേക പാസ്‌പോർട്ട്, കറൻസി, നികുതി സമ്പ്രദായം എന്നിവയടക്കം

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി; സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ച ഖിലാഫത്ത് നേതാവ്

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാറിൽ ബ്രിട്ടിഷുകാർക്കെതിരേ പോരാടുകയും കുറഞ്ഞ കാലത്തേക്ക് സ്വന്തമായി ഭരണം സ്ഥാപിക്കുകയും ചെയ്ത ധീരനായ സ്വാതന്ത്ര്യസമര സേനാനിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഇതിഹാസം വെള്ളിത്തിരയിൽ ആവിഷ്കരിക്കാൻ ഒരുങ്ങുന്നു. ആഷിക് അബു സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ ടൈറ്റിൽ വേഷത്തിൽ അഭിനയിക്കുന്ന, ‘വാരിയംകുന്നൻ’എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2021ൽ മലബാർ പ്രക്ഷോഭത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് തീയറ്ററുകളിൽ എത്തും.

ശക്തരായ ബ്രിട്ടിഷ് ഭരണകൂടത്തെ എതിർത്ത വിപ്ലവ നേതാവെന്ന നിലയിൽ കേരളത്തിന്റെ കൊളോണിയൽ ചരിത്രത്തിലെ ഉന്നത സ്ഥാനങ്ങളിൽ നിൽക്കുന്ന വ്യക്തിയാണ് കുഞ്ഞഹമ്മദ് ഹാജി. 1870 കളിൽ ഒരു സമ്പന്ന മുസ്ലീം കുടുംബത്തിൽ ജനിച്ച അദ്ദേഹം, ബ്രിട്ടിഷുകാർ നാട്ടുകാർക്കും സ്വന്തം കുടുംബത്തിനും നേർക്ക് നടത്തിയ പീഡനത്തിന്റെയും അനീതിയുടെയും കഥകൾ കേട്ടാണ് വളർന്നത്. ബ്രിട്ടീഷുകാർക്കെതിരേ പോരാടിയതിന്റെ പേരിൽ ആൻഡമാൻ ദ്വീപുകളിലേക്ക് നാടുകടത്തപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹത്തിന്റെ പിതാവ്. അത്തരം വ്യക്തിപരമായ സംഭവങ്ങൾ, ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ കുഞ്ഞഹമ്മദിനുള്ളിലെ പ്രതികാരത്തിന്റെ തീ ആളിക്കത്തിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു.

Read More: മലബാര്‍ വിപ്ലവം മൂന്ന് സിനിമകളാവുന്നു; വിവാദം, പൃഥിരാജിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആക്രമണം

ഹാജിയുടെ ആദ്യകാല ജീവിതത്തിലെ ശ്രദ്ധേയമായ ഒരു വശം ദഫ്ഫ് മുട്ടു പോലുള്ള പാട്ടിലധിഷ്ടിതമായ പരമ്പരാഗത കലാരൂപങ്ങളോടും ‘മലപ്പുറം പടപ്പാട്ടും’ ‘ബദർ പടപ്പാട്ടും’ പോലുള്ള രചനകളോടുമുള്ള താൽപര്യവും കലയെ ബ്രിട്ടിഷുകാർക്കെതിരേ നാട്ടുകാരെ അണിനിരത്തുന്നതിനുള്ള ഉപകരണമായി ഉപയോഗിച്ചു എന്നതുമാണ്.

ബ്രിട്ടിഷുകാരുടെ കീഴിലുള്ള ഭൂപ്രഭുക്കൾ കൃഷിക്കാരെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചു പ്രതിപാദിക്കുന്ന, പിന്നീട് ബ്രിട്ടിഷുകാർ നിരോധിച്ച, അത്തരം രചനകളെ ഉയർത്തിക്കൊണ്ടുവന്ന് കുഞ്ഞഹമ്മദ് ഹാജി ഒരേസമയം ബ്രിട്ടിഷുകാരെ വെല്ലുവിളിക്കുക്കുകയും പ്രാദേശിക ജനതയ്ക്കിടയിൽ അവർക്കെതിരായ വികാരങ്ങൾ ആളിക്കത്തിക്കുകയും ചെയ്തു. കൊളോണിയൽ ഭരണാധികാരികൾക്കെതിരേ ശക്തിപ്പെട്ടു വരാൻ തുടങ്ങിയ രോഷത്തിന്റെ ഒരു തുടർച്ചയായിരുന്നു ഈ പ്രവർത്തനങ്ങൾ, ഇവയാണ് 1921ലെ മലബാർ പ്രക്ഷോഭത്തിലേക്ക് നയിച്ചതെന്നും കരുതപ്പെടുന്നു.

Read More From Explained: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം: അവസാന വെടിവയ്പ് 1967ല്‍, നാഥു ലയില്‍ സംഭവിച്ചത് എന്ത്?

പാണ്ഡിത്യത്തിന്റെയും ഉറുദു, അറബി, ഇംഗ്ലീഷ് ഭാഷകളിലുള്ള ജ്ഞാനത്തിന്റെയും പേരിൽ കുഞ്ഞഹമ്മദ് ഹാജി ബഹുമാനിക്കപ്പെട്ടിരുന്നതായി ചരിത്രകാരൻ ഡോക്ടർ ഹുസൈൻ രണ്ടത്താണി എഴുതിയിരുന്നു. ഹുസൈൻ രണ്ടത്താണി പറയുന്നത് പ്രകാരം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും നേതാക്കളായ കാട്ടിലശ്ശേരി മുഹമ്മദ് മുസലിയാരും എംപി നാരായണ മേനോനുമായി മഞ്ചേരിയിൽ നടത്തിയ ഒരു കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഖിലാഫത്ത് വിഷയത്തെക്കുറിച്ചറിയുന്നത്. അത് തുർക്കിയുമായി ബന്ധപ്പെട്ട വിഷയമായിരുന്നെന്നാണ് കുഞ്ഞഹമ്മദ് ഹാജി കരുതിയിരുന്നതെന്നും എന്നാൽ ബ്രിട്ടിഷുകാരുടെയും ഭൂപ്രഭുക്കളുടെയും അതിക്രമങ്ങൾക്കെതിരായി അവർക്കൊപ്പം ചേരാമെന്ന് അദ്ദേഹം വാക്കു നൽകുകയായിരുന്നെന്നും ഹുസൈൻ രണ്ടത്താണി എഴുതിയിരുന്നു.

“തന്റെ നാട്ടുകാരനും ഖിലാഫത്ത് നേതാവുമായ ആലി മുസ്‌ലിയാരെ തിരുങ്ങാടിയിൽ അറസ്റ്റുചെയ്തതായും പള്ളി കൊള്ളയടിക്കപ്പെട്ടതായും തുടർന്നുള്ള പോരാട്ടത്തിൽ ചില പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും ഹാജിക്ക് വിവരം ലഭിച്ചപ്പോൾ, ഹാജി ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുക്കാൻ തീരുമാനിക്കുകയും അദ്ദേഹത്തിന് പിറകിൽ ആവേശത്തോടെ അണിനിരന്ന ചില ശിപായിമാരുടെ സഹായത്തോടെ പടയാളികളുടെ ഒരു സംഘത്തെ അണിനിരത്തുകയും ചെയ്തു. ഖിലാഫത്തിന്റെ നേതാവെന്ന നിലയിൽ, കോഴിക്കോട്ടും തെക്കൻ മലബാറിലുടനീളവും അദ്ദേഹത്തെക്കുറിച്ച് കേൾക്കാൻ ആരംഭിച്ചു.”

Read More From Explained: നേപ്പാളിന്റെ ജനാധിപത്യവല്‍ക്കരണം ഇന്ത്യയ്ക്ക് തലവേദനയായോ?

പ്രസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കുന്നതിനായി ബ്രിട്ടിഷ് പ്രതിനിധികൾ അദ്ദേഹത്തെ ഒരു മതഭ്രാന്തനായി അവതരിപ്പിച്ചെങ്കിലും ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ ശക്തിയെക്കുറിച്ച് ഹാജിക്ക് അറിയാമായിരുന്നു, മറ്റ് മതവിശ്വാസികൾക്ക് മതിയായ സുരക്ഷ അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു.

പ്രസ്ഥാനത്തിന് മതേതര സ്വഭാവമുണ്ടായിരിക്കണമെന്ന് ഹാജി ഉറപ്പുവരുത്തിയിരുന്നതായി കാലിക്കറ്റ് സർവകലാശാലയിലെ പ്രൊഫസർ മുജീബ് റഹ്മാൻ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. “പ്രസ്ഥാനത്തിന്റെ ദിശ മാറാനും ഒരുപക്ഷേ വർഗീയ കലാപത്തിന് കാരണമാവാനും സാധ്യതയുണ്ടായിരുന്നു. എന്നാൽ മറ്റ് മതവിശ്വാസികൾക്ക് മതിയായ സുരക്ഷ നൽകണമെന്നും അവർ പീഡനത്തിന് വിധേയരാകരുതെന്നും ഹാജി തന്റെ അനുയായികൾക്ക് നിർദ്ദേശം നൽകി. അതേസമയം, ഹിന്ദുക്കളോ മുസ്ലീങ്ങളോ എന്ന വ്യത്യാസമില്ലാതെ, ബ്രിട്ടീഷുകാരെ സഹായിച്ച എല്ലാവരെയും അദ്ദേഹം ലക്ഷ്യം വച്ചു.”

ഹാജിയടക്കമുള്ളവർ നയിച്ച പോരാട്ടം പഴയ മലബാർ ജില്ലയിലെ ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ വ്യാപിക്കാൻ തുടങ്ങിയപ്പോൾ, ബ്രിട്ടീഷ് ഉദ്യോഗസ്ഥരും അവരോട് വിശ്വസ്തത പുലർത്തിയിരുന്ന പ്രാദേശിക പൊലീസുകാരം അവിടെനിന്ന് ഓടിരക്ഷപ്പെട്ടു, മേഖലയുടെ വലിയ ഭാഗം പ്രാദേശത്തെ വിമതരുടെ നിയന്ത്രണത്തിലായി. 1921 ഓഗസ്റ്റിൽ ഹാജിയെ എതിരില്ലാത്ത നേതാവാക്കിക്കൊണ്ട് ഈ പ്രദേശം ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു.

Read More From Explained: രാജ്യത്ത് എത്ര അതിഥി തൊഴിലാളികള്‍ ദുരിതത്തിലായി?

ആറുമാസത്തോളം, നിലമ്പൂർ അസ്ഥാനമായി ഹാജി സമാന്തര ഖിലാഫത്ത് ഭരണം നടത്തി, പ്രത്യേക പാസ്‌പോർട്ട്, കറൻസി, നികുതി സമ്പ്രദായം എന്നിവയടക്കം. അക്കാലത്ത്, ഖിലാഫത്ത് ഭരണം അട്ടിമറിക്കാനുള്ള ബ്രിട്ടീഷുകാരുടെ ഏതൊരു ശ്രമത്തെയും തകർക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദു പുരുഷന്മാരുടെ പങ്കാളിത്തത്തോടെ വിപുലമായ ഒരു സൈന്യം രൂപീകരിച്ചു. കുടികിടപ്പുകാർക്ക് അവർ കൃഷി ചെയ്ത ഭൂമിയുടെ അധികാരവും നികുതി ആനുകൂല്യങ്ങളും നൽകി.

എന്നാൽ ഭരണം അധികനാൾ നീണ്ടുനിന്നില്ല. 1922 ജനുവരിയിൽ, കുഞ്ഞഹമ്മദ് ഹാജിയെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഉണ്യൻ മുസ്‌ലിയാർ വഴി, ഒരു ഉടമ്പടിയുടെ മറവിൽ ബ്രിട്ടിഷുകാർ ചതിക്കുകയും അറസ്റ്റ് ചെയ്ത് ബ്രിട്ടിഷ് ജഡ്ജിയുടെ മുന്നിൽ ഹാജരാക്കുകയും ചെയ്തു. അദ്ദേഹവും അടുത്ത അനുയായികളും വധശിക്ഷക്ക് വിധിക്കപ്പെട്ടു.

“പോലീസ് ഉദ്യോഗസ്ഥൻ ഒരു തൂവാലകൊണ്ട് കണ്ണുകൾ മൂടാൻ തുടങ്ങിയപ്പോൾ, തന്നെ വെടി വയ്ക്കുന്നത് കാണണമെന്ന് അദ്ദേഹം പറഞ്ഞു. കലിമയുടെ വിശുദ്ധവാക്കുകൾ ചൊല്ലുന്നതിനിടെ ഹാജി വെടിയേറ്റ് മരിച്ചു… അദ്ദേഹത്തിന്റെ സഖാക്കളെയും അതേ സ്ഥലത്ത് വെടിവച്ചിട്ടു. കുഴിമാടം വിമതർക്ക് കൂടുതൽ പ്രചോദനമാകുമെന്ന് ഭയന്ന് മൃതദേഹങ്ങൾ സംസ്‌കരിച്ചു… ആറുമാസത്തെ മാപ്പിള ഖിലാഫത്ത് ഭരണം ജനങ്ങൾ മറക്കാൻ വേണ്ടി ഖിലാഫത്ത് രാജുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കത്തിച്ചു, ” ഡോക്ടർ രണ്ടത്താണി എഴുതി.

Read More: Explained: Variyamkunnath Kunjahammed Haji, the Khilafat leader who declared an independent state

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Variyamkunnath kunjahammed haji the khilafat leader