/indian-express-malayalam/media/media_files/uploads/2020/02/Pinarayi-Vijayan.jpg)
കൊച്ചി: കേരളം ദേശീയ പൗരത്വ റജിസ്റ്റര്‍ നടപ്പാക്കില്ലെന്ന നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണയായി സെന്‍സസിന്റെ ഭാഗമായി നടത്തുന്ന വിവരശേഖരണം കേരളത്തില്‍ ചെയ്യാന്‍ തയ്യാറാണെന്നും അതിന്റെ രണ്ടാം ഘട്ടത്തില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കണക്കെടുപ്പ് ഇവിടെ നടപ്പിലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഈ നിലപാട് കേരള സര്‍ക്കാരിനേയും ഉദ്യോഗസ്ഥരേയും കോടതിയേയും അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ ഇക്കാര്യത്തെ കുറിച്ച് ആശങ്ക വേണ്ടതില്ലെങ്കിലും ഇന്ത്യയില്‍ മുഴുവന്‍ അതേ സാഹചര്യം ഉണ്ടാകാനായി പ്രക്ഷോഭങ്ങളും സമരങ്ങളും ശക്തമാക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. കൃതി അന്താരാഷ്ട്ര പുസ്‌തകമേളയിൽ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സഹകരണ, ടൂറിസം ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Read Also: ഫെെറ്റ് ചെയ്‌തിട്ട് എണീക്കാൻ പറ്റാത്ത അവസ്ഥയായി; ബിജു മേനോനെ ട്രോളി പൃഥ്വി, ഒടുവിൽ കയ്യടി
മുസ്‌ലിങ്ങളെയും ക്രിസ്‌ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും നിഷ്‌കാസനം ചെയ്യണമെന്ന് ഏത് വേദത്തിലാണ്, ഏത് ഉപനിഷത്തിലാണ് പറഞ്ഞിട്ടുള്ളതെന്നും കൃതിയുടെ വേദിയില്‍ മുഖ്യമന്ത്രി ചോദിച്ചു. ഇന്ത്യയില്‍ ജനാധിപത്യം ഇല്ലാതാകുമോ എന്ന് ആശങ്കപ്പെട്ടിട്ടുള്ള സാഹചര്യങ്ങളുണ്ടായപ്പോൾ ജനാധിപത്യ പുനസ്ഥാപനത്തിനായി ജനങ്ങള്‍ ഒരുമിച്ച് നിന്ന സാഹചര്യം രാജ്യത്തിന്റെ ചരിത്രത്തിലെ വിജയകരമായ ഏടുകളാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സ്വന്തം ഭാവി നഷ്ടപ്പെടുമോ എന്ന് പോലും ഓര്‍ക്കാതെ സ്വതന്ത്ര സമരപ്രസ്ഥാനത്തിലേക്ക് എടുത്തുചാടി ജീവന്‍ പോയവരും മരിച്ച് ജീവിക്കേണ്ടി വന്നവരും തടവറകളിലായവരുമായ ആയിരക്കണക്കിന് യുവാക്കള്‍ ഇന്ത്യയിലുണ്ടായിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
ഇപ്പോള്‍ രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലാകുന്നു എന്ന അവസ്ഥ വന്നപ്പോള്‍ ആരുടേയും ആഹ്വാനമില്ലാതെ അതിനെതിരെ രംഗത്തിറങ്ങിയതും യുവാക്കളാണ്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍. യുവതയ്‌ക്ക് സാമൂഹ്യ പ്രതിബന്ധത കുറഞ്ഞ് പോകുന്നു എന്ന പൊതുപരാതിയില്‍ കാര്യമില്ലെന്നും നാടിനു വേണ്ടി ഏത് ത്യാഗം സഹിക്കാനും സന്നദ്ധതയുള്ള യുവതലമുറയെയാണ് ചുറ്റും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളം കണ്ട മഹാപ്രളയകാലത്ത് സ്വന്തം ജീവനു എന്ത് സംഭവിക്കുമെന്ന് പോലും ഓര്‍ക്കാതെ കൈയും മെയ്യും മറന്ന് പ്രവര്‍ത്തിച്ചതും ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നടക്കുന്ന പ്രക്ഷോഭങ്ങളില്‍ മുന്നിട്ടിറങ്ങുന്നതും യുവജനങ്ങളാണ്. സാധാരണയില്‍ നിന്ന് വിഭിന്നമായി ഐഐടി, ഐഐഎം തുടങ്ങിയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികൾ പോലും തെരുവിലിറങ്ങുന്നത് നാം കണ്ടു. അതാണ് ജനാധിപത്യത്തിന്റെ ശക്തിയെന്നും പിണറായി പറഞ്ഞു.
"ഭരണകൂടം ഈ സമരങ്ങളെ നേരിട്ടത് എത്ര കിരാതമായ രീതിയിലാണെന്ന് ഓര്‍ക്കണം. ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഐഷി ഘോഷിന് നേരെ നടന്ന കിരാതമായ ആക്രമണമാണ് അതിന് ഒരു ഉദാഹരണം. ശരാശരി താഴെ മാത്രം ആരോഗ്യമുള്ള അവരുടെ തല ഇരുമ്പ് വടി കൊണ്ട് തല്ലിക്കീറുകയും കൈ ഒടിക്കുകയും ചെയ്തു. ജാമിയ മിലിയയിലെ പെണ്‍കുട്ടികളുടെ രഹസ്യ ഭാഗം നോക്കി ബൂട്ടിട്ട് ചവിട്ടി. സര്‍ക്കാരിന്റെ തെറ്റായ നടപടികളെ ചോദ്യം ചെയ്തതിനാണ് ഇതൊക്കെ ചെയ്യുന്നത്." പിണറായി പറഞ്ഞു
പൗരത്വ നിയമ ഭേദഗതി മുസ്‌ലിങ്ങൾക്കെതിരെയുള്ള ഒരു പ്രശ്‌നം മാത്രമായാണ് പലരും മനസിലാക്കിയിട്ടുള്ളതെന്നും എന്നാല്‍ മതനിരപേക്ഷതയും ഭരണഘടനയും തകര്‍ക്കാനുള്ള നീക്കമാണിതെന്നും പിണറായി വ്യക്തമാക്കി. കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് ചേര്‍ന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചത് ചിലര്‍ക്കൊക്കെ പ്രയാസങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പൊതുവേ വലിയ പ്രതികരണമാണ് രാജ്യത്താകെ ആ നടപടി ഉണ്ടാക്കിയത്. എന്നാല്‍ കേരളം മാത്രമല്ല ഇന്ത്യ. അതുകൊണ്ട് കേരളത്തില്‍ കണ്ട വിപുലമായ ഐക്യവും യോജിപ്പും ശക്തിപ്പെടുത്തണമെന്നും, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.