സച്ചി സംവിധാനം ചെയ്‌ത ‘അയ്യപ്പനും കോശിയും’ തിയറ്ററിൽ വലിയ കയ്യടിനേടി വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ അയ്യപ്പനായി ബിജു മേനോനും കോശിയായി പൃഥ്വിരാജും അവരവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. സിനിമയുടെ ക്ലെെമാക്‌സ് സീനിലെ ഫെെറ്റ് ആരാധകരെ ഏറെ വിസ്‌മയിപ്പിച്ചതാണ്. റിയലസ്റ്റിക് ഫെെറ്റാണ് ക്ലെെമാക്‌സിനെ കൂടുതൽ മനോഹരമാക്കിയതെന്ന് സിനിമാ നിരൂപകർ അടക്കം പ്രശംസിച്ചിരുന്നു. എന്നാൽ, ഏറെ പണിപ്പെട്ടാണ് ഇങ്ങനെയൊരു ഫെെറ്റ് സിനിമയിൽ കാണിക്കുന്നതെന്ന് പൃഥ്വിരാജും ബിജു മേനോനും പറയുന്നു.

Read Also: അയ്യപ്പനും കോശിയും ഏറ്റവും പ്രിയപ്പെട്ട കണ്ണമ്മയും; മനസ്സുതുറന്ന് ഗൗരി നന്ദ

സംവിധായകൻ സച്ചി സിനിമയുടെ കഥയും സീനുകളും പറഞ്ഞപ്പോൾ തന്നെ തനിക്കൊരു സംശയമുണ്ടായിരുന്നു എന്നു പൃഥ്വിരാജ് പറയുന്നു. വളരെ റിയലസ്റ്റിക് ആയ ഫെെറ്റ് സീനാണ്, ഏറെ പ്രധാന്യമുള്ള ഫെെറ്റ്. സിനിമയിൽ ഫെെറ്റ് സീനുകളിൽ ഏറെ കർക്കശക്കാരനാണ് സച്ചി. ബിജു ചേട്ടനെ കൊണ്ട് എങ്ങനെ ഇതു ചെയ്യാൻ സാധിക്കുമെന്ന് ഞാൻ സച്ചിയോട് ചോദിച്ചു. പക്ഷേ, ബിജു ചേട്ടൻ ആ ഫെെറ്റ് സീനിൽ ഞെട്ടിച്ചുകളഞ്ഞു. അതിഗംഭീരമായാണ് ബിജു ചേട്ടൻ അത് ചെയ്‌തത്. ഫെെറ്റൊക്കെ നന്നായി ചെയ്‌തെങ്കിലും ക്ലെെമാക്‌സ് ഷൂട്ടിനിടെ മൂന്നാം ദിവസം എണീക്കാൻ വയ്യാതെ കിടപ്പിലായി (പൃഥ്വിരാജ് ചിരിക്കുന്നു, അത് സത്യം തന്നെയെന്ന മട്ടിൽ ബിജു മേനോനും).

Read Also: ആരാധ്യയ്ക്കൊപ്പം വാലന്റൈൻസ് ഡേ ആഘോഷിച്ച് അഭിഷേകും ഐശ്വര്യയും

“അയ്യപ്പനും കേശിയും എന്ന ചിത്രത്തിലെ ക്ലെെമാക്‌സ് ഫെെറ്റ് നൂറ് ശതമാനം ഒറിജിനലായി ചെയ്‌തതാണ്. ഡ്യൂപ്പൊന്നും ഇല്ലാത്ത ഫെെറ്റ് സീനാണത്. ഫിസിക്കലി വളരെ ഡിമാൻഡിങ് ആയ ഫെെറ്റായിരുന്നു അത്. ബിജു ചേട്ടൻ അതു ചെയ്യുമോ എന്ന കാര്യത്തിൽ സച്ചിയോട് ഞാൻ സംശയം രേഖപ്പെടുത്തി. ക്ലെെമാക്‌സ് ഷൂട്ടിന്റെ മൂന്നാം ദിവസം ബിജു ചേട്ടനു എണീക്കൻ വയ്യായിരുന്നു. പക്ഷേ, എന്നെ വ്യക്‌തിപരമായി ബിജു ചേട്ടൻ ഞെട്ടിച്ചുകളഞ്ഞു. അയ്യപ്പനും കോശിയിലും കാണുന്ന ആക്ഷൻ സീനുകളിൽ തെറിച്ചുവീഴുന്നതും മുതുകടിച്ചു വീഴുന്നതും എല്ലാം ബിജു ചേട്ടൻ തന്നെയാണ്. ഹാറ്റ്‌സ് ഓഫ് ബിജു ചേട്ടൻ” പൃഥ്വിരാജ് പറഞ്ഞു. അമ്പതുകാരനായ ഞാൻ തന്നെയാണ് ഇതൊക്കെ ചെയ്‌തതെന്ന മട്ടിൽ ബിജു മേനോനും ചിരിച്ചു. ക്ലബ് എഫ്‌എം 94.3 ക്കു നൽകിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്.

അതേസമയം, ബിജു മേനോൻ മടിയനാണെന്ന് പൃഥ്വി പറഞ്ഞു. ഏയ്, മടിയൊന്നും ഇല്ല എന്നായിരുന്നു ബിജു മേനോൻ തിരിച്ചുപറഞ്ഞത്. അപ്പോൾ തന്നെ പൃഥ്വി ആവർത്തിച്ചു; ‘ഏയ്, ഒന്നും പറയണ്ട, മടിയൻ തന്നെയാണ്.’ ബിജു മേനോന്റെ മടി എത്രത്തോളമുണ്ടെന്ന് കാണിക്കാൻ പൃഥ്വിരാജ് ഒരു സംഭവവും വിവരിച്ചു. മലയാളത്തിലെ ഏറ്റവും വലിയ സംവിധായകൻ, ഏറ്റവും വലിയ ഒരു ചരിത്ര സിനിമയിലേക്ക് വിളിച്ചപ്പോൾ കുതിരയെ ഓടിക്കുന്ന സീൻ ചെയ്യാനുള്ള മടി കാരണം ആ കഥാപാത്രം തന്നെ ഉപേക്ഷിച്ച ആളാണ് ബിജു മേനോനെന്ന് പൃഥ്വി പറഞ്ഞു. ഇതുകേട്ട് ബിജു മേനോൻ ചിരിച്ചു. ചെയ്യാൻ പറ്റുന്ന കാര്യങ്ങളല്ലേ ചെയ്യാൻ പറ്റൂ എന്നായി ബിജു മേനോൻ. ആ സിനിമ ഏതാണെന്ന് ആർജെ റാഫി ചോദിച്ചു. സിനിമ പറയരുതെന്ന് ബിജു മേനോൻ പൃഥ്വിരാജിനെ വിലക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook