/indian-express-malayalam/media/media_files/2025/02/12/cbl-fi.jpg)
ചിത്രങ്ങൾ കടപ്പാട്- ദിനകർ സുധാകരൻ
മലയാളികളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് വള്ളംകളി. കാലവർഷമൊന്ന് തോർന്നാൽ മധ്യകേരളത്തിന് പിന്നീട് വള്ളംകളി പെരുമയുടെ കാലമാണ്. ഓളപ്പരപ്പിലെ തുഴയാവേശത്തിനൊപ്പമാണ് കുട്ടനാടിൻറയും ഓണാട്ടുകരയുടെയുമെല്ലാം ഓണാഘോഷം. കർക്കടത്തിലെ മൂലം നാളിലെ ചമ്പക്കുളം ജലമേളയോടെ തുടങ്ങുന്ന വള്ളംകളി പെരുമ അവസാനിക്കുന്നത് ഡിസംബറിലെ കൊല്ലം പ്രസിഡന്റ് ട്രോഫി മത്സരത്തോടെയാണ്.
ചുണ്ടനും വെപ്പും ഇരുട്ടുക്കുത്തിയുമെല്ലാം അരങ്ങുവാഴുന്ന നെഹ്റുട്രോഫി തൊട്ട് ഒരുപറ്റം മത്സരവള്ളം കാണികൾക്ക് ആവേശം പകരുമ്പോൾ പള്ളിയോടങ്ങളുടെ പെരുമവിളിച്ചോതുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളി അനുഷ്ഠാനത്തിന്റെ ഭാഗമാണ്.
പണ്ടുകാലങ്ങളിൽ കർഷകരും കർഷകതൊഴിലാളികളും ഓണക്കാലത്ത് വിനോദത്തിനായി തുടങ്ങിയ ചെറുവള്ളംകളികൾ പിന്നീട് ലക്ഷങ്ങൾ മുടക്കിയുള്ള മത്സരങ്ങൾക്കായി വഴിമാറി. ഓരോ കരയുടെയും അഭിമാനത്തിന്റെ ഭാഗമായി തങ്ങളുടെ ചുണ്ടൻ വള്ളങ്ങൾ. കാലത്തിനനുസരിച്ച് മാറ്റങ്ങൾക്ക് വിധേയമായ വള്ളം കളി ഇന്ന് മലയാളക്കരക്ക് ചാമ്പ്യൻ ബോട്ട് ലീഗാണ് (സിബിഎല്‍).
മാസങ്ങൾ നീണ്ട പരിശീലനത്തിനൊടുവിലാണ് ഓരോ വള്ളസമിതിയും ക്ലബുകളും സിബിഎല്ലിനെ വരവേൽക്കുന്നത്. എന്നാൽ ഓരോ വർഷം പിന്നിടുമ്പോഴും വള്ളസമിതികളുടെയും ക്ലബ്ബുകളുടെയും പ്രതിസന്ധികൾ വർധിച്ചുവരികയാണ്. സാമ്പത്തിക നഷ്ടങ്ങൾക്കപ്പുറം കൂട്ടായ്മയുടെയും വീറും വാശിയും നിറഞ്ഞ സൗഹൃദങ്ങളുടെയും നഷ്ടമാണ് ഓരോ സീസൺ കഴിയുമ്പോഴും ഉണ്ടാകുന്നതെന്നാണ് വള്ളംകളിയെ സ്‌നേഹിക്കുന്നവർ പറയുന്നത്. എന്താണ് വള്ളംകളി മേഖലയിൽ സംഭവിക്കുന്നത്? ലക്ഷങ്ങളുടെ ബാധ്യത ക്ലബ്ബുകൾക്കും വള്ളസമിതികൾക്കും ഉണ്ടാകുന്നതിൻറ കാരണമെന്ത്? വള്ളംകളിയുടെ ഭാവിയെന്ത്?
ചാമ്പ്യൻസ് ബോട്ട് ലീഗും വള്ളംകളിയിലെ മാറ്റങ്ങളും
സംസ്ഥാനത്ത് ചെറുതും വലുതുമായ മുപ്പതോളം വള്ളംകളികളാണ് ഓരോ സീസണിലും നടക്കുന്നത്. സർക്കാർ സഹായത്തിനൊപ്പം സംഘാടക മികവിൻറെ പിൻബലത്തിൽ കൂടിയാണ് ഓരോ വള്ളംകളിയിലും പങ്കെടുക്കുന്ന വള്ളങ്ങൾക്ക്ബോണസ് നൽകിയിരുന്നത്. എന്നാൽ സിബിഎല്ലിൻറെ വരവോടെ വള്ളംകളിയുടെ ഘടനയിൽ തന്നെ അടിമുടി മാറ്റങ്ങൾ വന്നു.
വള്ളംകളിക്ക് കൂടുതൽ ആവേശവും പ്രചാരണവും നൽകുന്നതിനായി 2019-ലാണ് സിബിഎൽ സംസ്ഥാന സർക്കാർ വിഭാവനം ചെയ്തത്. ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റേയും നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. സിബിഎല്ലിൽ 13 മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ജേതാക്കൾക്ക് ഒന്നാം സ്ഥാനത്തിന് 25 ലക്ഷം രൂപയും, രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും, മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയുമാണ് സമ്മാനത്തുക.
ഓരോ വേദികളിലും ഒന്നാം സ്ഥാനം നേടുന്ന ടീമിന് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് മൂന്നു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും സമ്മാനത്തുക ലഭിക്കും. ഇത് മാത്രമല്ല ലീഗിന് യോഗ്യത നേടുന്ന എല്ലാ ടീമുകൾക്കും ഓരോ മത്സരവേദിക്കും ബോണസ് നാല് ലക്ഷം രൂപ വീതം അനുവദിക്കുകയും ചെയ്യും.
ഓരോ മത്സരത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം പത്ത്, ഏഴ്, നാല് എന്ന രീതിയിൽ പോയിന്റുകൾ നൽകും. ലൂസേഴ്‌സ് ഫൈനലിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് മൂന്ന്, രണ്ട്, ഒന്ന് എന്ന രീതിയിൽ പോയിന്റുകൾ നൽകും. ചാമ്പ്യൻസ് ബോട്ട് ലീഗിൽ ക്യൂമുലേറ്റീവ് പോയിന്റ് ടേബിൾ അടിസ്ഥാനമാക്കിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. തുഴച്ചിൽ ക്ലബ്ബുകൾക്ക് കുടുതൽ പ്രാധാന്യം നൽകുന്ന രീതിയാണ് സിബിഎല്ലിൽ പിന്തുടരുന്നത്. ഇതിലൂടെ മത്സരവള്ളംകളിക്ക് പ്രൊഫഷനിലിസം കൊണ്ടുവരാനാണ് സർക്കാരിൻറ ശ്രമം.
ആവേശം ചോരുന്ന സിബിഎൽ
വള്ളംകളിക്ക് ഒരു പ്രൊഫഷനൽ ടച്ച് കൊണ്ടുവരികയെന്ന് ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച സിബിഎല്ലിനോട് തുടക്കത്തിൽ സർക്കാർ കാട്ടിയ ആവേശം പിന്നീടങ്ങോട്ട് കാട്ടുന്നില്ലായെന്നതാണ് വാസ്തവം. സിബിഎല്ലിൻറെ അഞ്ചാം പതിപ്പാണ് ഇനി നടക്കേണ്ടത്. ആദ്യഘട്ടത്തിൽ സർക്കാരിൽ നിന്ന് നല്ലരീതിയിലുള്ള സാമ്പത്തിക സഹായം സിബിഎൽ നടത്തിപ്പിന് ലഭിച്ചിരുന്നു. എന്നാൽ ഓരോ വർഷം പിന്നിടുമ്പോഴും സർക്കാരിൽ നിന്നുള്ള സഹായം കുറയുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
സിബിഎൽ ആദ്യ സീസണിനായി 25 കോടി രൂപയാണു ബജറ്റിൽ അനുവദിച്ചത്. എന്നാൽ, രണ്ടാം സീസണായപ്പോഴേക്കു ബജറ്റ് വിഹിതം ഗണ്യമായി കുറഞ്ഞു. രണ്ടാം സീസണിൽ 15 കോടിയാണ് അനുവദിച്ചത്. മൂന്നാം സീസണിൽ 12 കോടിയായിരുന്നു ബജറ്റ് വിഹിതം. എന്നാൽ നാലാം സീസൺ ആയപ്പോഴേക്കും ആദ്യപതിപ്പിന് അനുവദിച്ച തുകയുടെ മൂന്നിലൊന്ന് മാത്രമാണ് അനുവദിച്ചത്. 9.60 കോടി രൂപയാണ് കഴിഞ്ഞ തവണ അനുവദിച്ചത്.
2025-ൽ ബജറ്റ് വിഹിതം വീണ്ടും കുറഞ്ഞു. ഇത്തവണ 8.96 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചത്. ഓരോ ബജറ്റ് പിന്നിടുമ്പോഴും ബജറ്റ് വിഹിതത്തിലെ കുറവ് സിബിഎല്ലിന്റെ നടത്തിപ്പിനെ തന്നെ പ്രതിസന്ധിയിലാക്കുകയാണ്.
കടം തീർക്കാൻ പോലും കഴിയാത്ത സ്ഥിതി
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 2024-ൽ സിബിഎൽ മത്സരങ്ങളുടെ എണ്ണം ആറായി വെട്ടിചുരുക്കിയിരുന്നു. ഇതോടെ സർക്കാരിന്റെ ധനസഹായവും ആറുകോടിയായി വെട്ടിചുരുക്കിയിരുന്നു. വള്ളങ്ങൾക്കും ബോട്ട് ക്ലബ്ബുകൾക്കും ബോണസും വിജയികൾക്കുള്ള സമ്മാനത്തുകയും നൽകാൻ മാത്രം കഴിഞ്ഞതവണ ഇതിലേറെ പണം ചെലവായി. ഈ വകയിൽതന്നെ മൂന്നുകോടിയുടെ ബാധ്യതയുണ്ടെന്നാണ് സിബിഎൽ ഭാരവാഹികൾ പറയുന്നത്.
ബജറ്റിൽ ഇത്തവണ അനുവദിച്ച പണംകൊണ്ട് കഴിഞ്ഞ സീസണിലെ കടം തീർക്കണം. ശേഷിക്കുന്ന പണം കൊണ്ട് 12 സിബിഎൽ മത്സരങ്ങൾ എങ്ങനെ പൂർത്തിയാക്കാനാകുമെന്ന് ആശങ്കയിലാണ് ബോട്ട് ലീഗ് ഭാരവാഹികൾ. കൊല്ലം,ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ എന്നിങ്ങനെ അഞ്ചുജില്ലകളിലായി 12 മത്സരങ്ങളാണ് സിബിഎല്ലിന്റെ ഭാഗമായി സംഘടിപ്പിക്കേണ്ടത്.
ഒരു വള്ളംകളിയുടെ സംഘാടനത്തിന് മാത്രം ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരും. സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായം കുറയുന്നതോടെ മത്സരങ്ങളുടെ സംഘാടനം തന്നെ അവതാളത്തിലാകുന്ന സ്ഥിതിയാണ്.
എങ്ങനെ നടത്തും സിബിഎൽ
സിബിഎല്ലിന് തുക ബജറ്റിൽ അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും എന്നാൽ നിലവിലെ സാമ്പത്തിക സഹായം അപര്യാപ്തമാണെന്നും കേരള സ്‌നേക്ക് ബോട്ട് ആൻഡ് റോവിങ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.കെ കുറുപ്പ് പറഞ്ഞു.
"ബജറ്റിൽ സർക്കാർ സിബിഎല്ലിനെ പരിഗണിച്ചെങ്കിലും വേണ്ടത്ര തുക നൽകിയിട്ടില്ല. അതിനാൽ സിബിഎൽ അഞ്ചാം സീസൺ നടത്തുന്നതിന് മറ്റ് വഴികൾ കണ്ടത്തേണ്ട സ്ഥിതിയാണ്. മത്സരങ്ങളുടെ നടത്തിപ്പിന് സർക്കാരിൽ നിന്ന് കുടുതൽ സഹായം ആവശ്യമാണ്," ആർകെ കുറുപ്പ് വ്യക്തമാക്കി.
സിബിഎല്ലിന്റെ തുക കുറച്ചത് വള്ളംകളിയുടെ പ്രഭ നഷ്ടമാക്കുമെന്ന് വീയപുരം ചുണ്ടൻ വള്ളസമിതി കമ്മറ്റിയംഗം രാജു പാലയത്തിൽ അഭിപ്രായപ്പെട്ടു.
"സിബിഎൽ നടത്തിപ്പിന് ആവശ്യമായ തുക കൂട്ടിയെങ്കിൽ മാത്രമേ പന്ത്രണ്ട് വള്ളം കളികളും നടത്താനാകു. നിലവിൽ വള്ളസമിതികളുടെയും ക്ലബ്ബുകളുടെയും ആവേശം കൊണ്ടാണ് സിബിഎൽ മുന്നോട്ടുപോകുന്നത്. ഈ ആവേശം മുന്നോട്ടുകൊണ്ടുപോകാൻ സർക്കാരിൽ നിന്ന് നല്ല രീതിയിൽ സഹായം ലഭിച്ചെങ്കിൽ മാത്രമേ സാധിക്കു. സിബിഎൽ കുറ്റമറ്റ രീതിയിൽ നടത്താൻ സർക്കാർ കൃത്യമായി ഇടപെടണം," രാജു വ്യക്തമാക്കി.
സർക്കാർ വിഹിതം കുറയാൻ കാരണം
സാമ്പത്തിക സഹായത്തിനൊപ്പം സ്‌പോൺസർമാരെ കൂടി പങ്കാളിത്തത്തിൽ സിബിഎൽ നടത്താനാണ് സർക്കാർ ആദ്യമുതലേ ശ്രമിച്ചിരുന്നത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി സിബിഎല്ലിന്റെ ആദ്യസീസൺ മുതൽ സ്‌പോൺസർമാരെ കണ്ടെത്താൻ സർക്കാരും ടൂറിസം വകുപ്പും പാടുപ്പെട്ടു.
സിബിഎല്ലിന്റെ ആദ്യസീസണിൽ മത്സരങ്ങൾ ഇഎസ്പിഎൻ വഴി തത്സമയ സംപ്രേഷണം ചെയ്തിരുന്നു. ആദ്യസീസണിൽ സർക്കാരാണ് ഇതിനുള്ള പണം നൽകിയത്. എന്നാൽ മതിയായ സ്‌പോൺസർമാരെ കണ്ടെത്താൻ കഴിയാതെ വന്നതോടെ പിന്നീടുള്ള വർഷങ്ങളിൽ തത്സമയ സംപ്രേഷണം മുടങ്ങി. ഇത് പിന്നീടുള്ള സീസൺ നടത്തിപ്പിൽ കനത്ത തിരിച്ചടിയായി. ഇതിനുപിന്നാലെയാണ് സർക്കാർ സഹായത്തിലും കുറവുണ്ടായത്.
വരുമാനം കൂട്ടാൻ എന്ത് ചെയ്യാം?
സർക്കാർ സഹായം ഗണ്യമായി കുറഞ്ഞതോടെ സിബിഎൽ നടത്തിപ്പിന് മറ്റ് വഴികൾ തേടേണ്ട അവസ്ഥയിലാണ് സംഘാടകർ. സർക്കാർ സഹായത്തിന് പുറമേ പരസ്യമാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ മറ്റൊരു വരുമാനമാർഗം. പരസ്യവരുമാനം വർധിപ്പിച്ചെങ്കിൽ മാത്രമേ സുഗമമായി ഇക്കുറി സിബിഎൽ നടത്താൻ കഴിയുവെന്നാണ് വള്ളംകളി പ്രേമികൾ പറയുന്നത്. എന്നാൽ, ഇതിനുള്ള ശ്രമങ്ങളൊന്നും സംഘാടകരുടെ ഭാഗത്തുനിന്ന് ഇതുവരെ തുടങ്ങിയിട്ടില്ല.
നിലവിലെ സാഹചര്യത്തിൽ പരസ്യവരുമാനം ഉറപ്പിക്കാനുള്ള ശ്രമങ്ങൾ ഫെബ്രുവരിയിൽ തന്നെ ആരംഭിക്കണം. എങ്കിൽ മാത്രമാണ് വൻകിട കമ്പനികളെ സിബിഎല്ലിലേക്ക് എത്തിക്കാൻ കഴിയു. വരുന്ന ഓഗസ്റ്റിൽ സിബിഎൽ തുടങ്ങാനിരിക്കെ ഇതിനുള്ള ശ്രമങ്ങൾ ഇനിയും ആരംഭിച്ചില്ലെങ്കിൽ ഇക്കുറിയും സിബിഎൽ അവതാളത്തിലാകുമെന്നാണ് വള്ളംകളി പ്രേമികൾ ചൂണ്ടിക്കാട്ടുന്നത്.
ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ വരവോടെ വള്ളസമിതികളും ക്ലബ്ബുകളും കുടുതൽ സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുക്കുത്തിയെന്ന് പായിപ്പാട് ജലോത്സവ സമിതി ചെയർമാനും സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.കാർത്തികേയൻ പറഞ്ഞു. "സംസ്ഥാനത്ത് 29 ചുണ്ടൻവള്ളങ്ങൾ നിലവിൽ മത്സരരംഗത്തുണ്ട്. എന്നാൽ സിബിഎൽ വന്നതോടെ എല്ലാ ചുണ്ടൻവള്ളങ്ങൾക്കും മത്സരത്തിൽ കളിക്കാനാകാതെ വന്നു. ഇത് വൻ സാമ്പത്തിക ബാധ്യതയാണ് ഓരോ വള്ളസമിതികൾക്കും ഉണ്ടാക്കുന്നത്"-കാർത്തികേയൻ ചൂണ്ടിക്കാട്ടി. സിബിഎല്ലിന്റെ വരവോടെ ചെറുവള്ളങ്ങളുടെ പ്രാധാന്യവും കുറഞ്ഞെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുട്ടനാട്ടിലും സമീപപ്രദേശങ്ങളിലും സിബിഎൽ കൂടാതെ നിരവധി വള്ളംകളികളാണ് നടന്നുവന്നിരുന്നത്.എന്നാൽ അവയിൽ പലതുമിന്ന് വിസ്മൃതിയിലായി. അതിന് കാരണം എന്താണ്? അന്വേഷണം തുടരും...
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.