/indian-express-malayalam/media/media_files/2025/02/14/TAbkPFVgZ9FgpFbWMzhB.jpg)
ചാലക്കുടി ബാങ്ക് കവർച്ച; മോഷ്ടാവ് മലയാളി തന്നെയെന്ന് പോലീസ്
തൃശ്ശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തിയത് മലയാളി തന്നെയെന്ന നിഗമനത്തിൽ പോലീസ്. തദ്ദേശീയരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ്‌സംഘം. ക്രിമിനൽ പശ്ചാത്തലമില്ലാത്ത ആളാണ് പ്രതിയെന്നാണ് വിവരം. കവർച്ച നടത്തിയത് പ്രൊഫഷണൽ മോഷ്ടാവ് അല്ലെന്ന സൂചന പോലീസിന് നേരത്തേ ലഭിച്ചിരുന്നു. മോഷണം നടന്ന പ്രദേശത്തുനിന്ന് അധികം ദൂരയല്ലാത്ത ഒരാൾ തന്നയാകാം കൃത്യം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. ആദ്യഘട്ടത്തിൽ പ്രതി ഇതര സംസ്ഥാനക്കാരനാകാമെന്ന സംശയത്തിലായിരുന്നു പോലീസ്.
മോഷ്ടാവെത്തിയ ഇരുചക്രവാഹനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ ലഭിച്ചിട്ടും ഇയാളെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. വാഹനവും കണ്ടെത്താനായിട്ടില്ല. പ്രതി പോയത് അങ്കമാലി ഭാഗത്തേക്ക് ആണെന്നതാണ് അന്വേഷണസംഘത്തിന് ലഭിച്ച ഏകവിവരം. പ്രതി സംസ്ഥാനം തന്നെ വിട്ടുപോകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നുമില്ല. അതിനാൽ കേസ് സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചേക്കും.
ബാങ്കിലെയും ബാങ്കിനു പുറത്തെയും നിരീക്ഷണക്യാമറകളിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. നിരീക്ഷണ ക്യാമറകളിൽ പെട്ടെങ്കിലും ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ തിരിച്ചറിയാൻ സാധിക്കാത്തതാണ് പ്രതിസന്ധിയാകുന്നത്. പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.ബാങ്ക് ജീവനക്കാരുടെ മൊഴി പോലീസ് വീണ്ടും എടുത്തിട്ടുണ്ട്.
47 ലക്ഷം രൂപയാണ് കൗണ്ടറിൽ അടുക്കുകളാക്കി വെച്ചിരുന്നത്. ഇതിൽനിന്ന് നടുക്കായി ക്രമീകരിച്ച അഞ്ചുലക്ഷം വീതമുള്ള മൂന്ന് കെട്ടുകൾ മാത്രമാണ് പ്രതി കൈക്കലാക്കിയത്. അതിനാൽ പ്രതിയിലേക്ക് എളുപ്പം എത്താൻ സാധിക്കുമെന്നും പോലീസ് കരുതുന്നു. കൂടുതൽ പണം എടുക്കാമായിരുന്നിട്ടും 15 ലക്ഷം മാത്രം കൈക്കലാക്കിയതിനാൽ പ്രതി പ്രത്യേക ലക്ഷ്യത്തോടെയാവാം കവർച്ച നടത്തിയതെന്നും പോലീസ് കരുതുന്നു. അതിനിടെ, മോഷണം നടന്ന ബാങ്ക് ശാഖയുടെ സുരക്ഷ കഴിഞ്ഞ ദിവസം വർധിപ്പിച്ചു.
Read More
- 'ലേഖനം വായിച്ച ശേഷം അഭിപ്രായം പറയണം': നിലപാടിൽ ഉറച്ച് തരൂർ; തള്ളി മുസ്ലിം ലീഗ്
- 'നയങ്ങളിൽ സിപിഎം വരുത്തിയ മാറ്റമാണ് ലേഖനം'; നിലപാട് മയപ്പെടുത്തി ശശി തരൂര്
- ലേഖനം വസ്തുതകളുടെ അടിസ്ഥാനത്തിൽ; നിലപാടിലുറച്ച് ശശി തരൂർ
- നഴ്സിങ് കോളജ് റാഗിങ്; പ്രിൻസിപ്പലിനും അസി. പ്രൊഫസർക്കും സസ്പെൻഷൻ
- കോട്ടയത്തെ റാഗിങ്; ഹോസ്റ്റൽ മുറികളിൽ നിന്ന് മാരകായുധങ്ങൾ കണ്ടെത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.