scorecardresearch

ഉദയകുമാർ ഉരുട്ടിക്കൊല കേസ്: രണ്ട് പൊലീസുകാർക്ക് വധശിക്ഷ; മൂന്ന് പേർക്ക് തടവ്

മൂന്ന് പൊലീസുകാർക്ക് മൂന്ന് വർഷം തടവ് ശിക്ഷ

മൂന്ന് പൊലീസുകാർക്ക് മൂന്ന് വർഷം തടവ് ശിക്ഷ

author-image
WebDesk
New Update
udayakumar custodial death, verdict

തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ​ പ്രതികളായ ആദ്യ രണ്ട് പൊലീസുകാർക്ക് വധശിക്ഷ.  ഒന്നാം പ്രതി കെ.ജിതകുമാര്‍,  രണ്ടാം പ്രതി എസ്. വി. ശ്രീകുമാര്‍ എന്നിവർക്കാണ് വധശിക്ഷ. സിബിഐ പ്രത്യേക കോടതി ജഡ്‌ജി ജെ. നാസറാണ് ശിക്ഷ വിധിച്ചത്. ഇവരിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം പിഴയടക്കണം.

Advertisment

കേസിലെ മറ്റ് പ്രതികളായ ഇകെ സാബു, ടി അജിത് കുമാർ എന്നിവരെ ആറ് വർഷം തടവിന് ശിക്ഷിച്ചു ഇ. കെ സാബുവിനും ടി. അജിത് കുമാറിനും രണ്ട് കേസിലായാണ് മൂന്ന് വർഷം വീതം ആറ് വർഷം തടവ്. ഇത് ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും.  ടി.കെ ഹരിദാസിനെ മൂന്ന് വർഷം തടവിനും ശിക്ഷിച്ചു. ഇവർ മൂവരും 50000 രൂപ പിഴയടക്കണം.

ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിൽ ആറ് പൊലീസുകാര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി ഇന്നലെ വിധിച്ചിരുന്നു. സിബിഐ പ്രത്യേക കോടതി ജഡ്ജി ജെ നാസറാണ് വിധി പറഞ്ഞത്. ജിതകുമാർ, ശ്രീകുമാർ, ഇകെ സാബു, അജിത് കുമാര്‍, ഹരിദാസ് എന്നിവരാണ് പ്രതികള്‍. ഇതില്‍ ഒന്നും രണ്ടും പ്രതികളായ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരായി  കൊലക്കുറ്റം കോടതി ശരിവച്ചിരുന്നു.

മോഷണക്കുറ്റം ആരോപിച്ച് 2005 സെപ്തംബർ 27 ന് ഉച്ചയ്ക്ക് ഒന്നരയോടെ  ശ്രീകണ്ഠേശ്വരം പാർക്കിൽ വച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറെന്ന യുവാവ് മരിച്ച സംഭവത്തിലാണ് കേസ്. പൊലീസ് കസ്റ്റഡിയിലെടുത്ത കിളളിപ്പാലം കീഴാറന്നൂർ കുന്നുപുറം വീട്ടിൽ  ഉദയകുുമാർ (28)തുടയിലെ രക്തധമിനികൾ പൊട്ടി രാത്രി പത്തരയോടെ മരിച്ചു. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുദ്യോഗസ്ഥർ പ്രതിയായ കേസിൽ 13 വർഷത്തിന് ശേഷമാണ് പ്രതികൾക്കുളള ശിക്ഷ വിധിച്ചത്. മൂന്നാം പ്രതിയായ സോമൻ വിചാരണയ്ക്കിടെ മരണമടഞ്ഞിരുന്നു.

Advertisment

പാർക്കിൽ വച്ച് പൊലീസ് പിടിയിലായ ഉദയകുമാറും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുരേഷും അവരുടെ കൈവശമുണ്ടായിരുന്ന 4000 രൂപയെപ്പറ്റി പരസ്പര വിരുദ്ധമായി പറഞ്ഞുവെന്ന്  കസ്റ്റഡിയിലെടുക്കാൻ കാരണമായി പൊലീസ് പറഞ്ഞിരുന്നത്. കസ്റ്റഡിയിൽ​ വച്ച് ഏറ്റ  മർദ്ദനത്തിൽ ഉദയകുമാർ കൊല്ലപ്പെടുകയായിരുന്നു. ഉദയകുമാറിനെ ഫോർട്ട് സിഐയുടെ സ്ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവർ ചേർന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കേസ്.

Read More: രാജൻ, ഗോപി, ഉദയകുമാർ, ശ്രീജീവ്, ശ്രീജിത്ത്, കേരളത്തിലെ കസ്റ്റഡി കൊലപാതങ്ങളും നിയമപോരാട്ടങ്ങളും

മുന്‍ സിഐ ഇകെ സാബു, എസ്‌ഐ അജിത് കുമാര്‍ എന്നിവര്‍ ഉദയകുമാറിനെതിരെ മോഷണക്കുറ്റം ചുമത്താന്‍ രേഖകള്‍ തിരുത്തിയതായും കണ്ടെത്തി. ഇവര്‍ക്കെതിരെ മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തങ്കമണി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ അഞ്ചാം സാക്ഷിയായ തങ്കമണിയെ സിബിഐ മാപ്പുസാക്ഷിയാക്കിയിരുന്നു. മുന്‍ സിഐ ഇകെ സാബു, എസ്‌ഐ അജിത് കുമാര്‍ എന്നിവരാണ് ചോദ്യം ചെയ്യലിന് ശേഷം ഉദയകുമാറിനെ തോളില്‍താങ്ങി കൊണ്ടുവന്നത് ഈ ഉദ്യോഗസ്ഥരാണെന്നും സ്‌റ്റേഷന്‍ രേഖകള്‍ തിരുത്താന്‍ ഇവരാണ് ആവശ്യപ്പെട്ടതെന്നും അഞ്ചാം സാക്ഷിയായ തങ്കമണി മൊഴിനല്‍കി.

വിചാരണക്കിടെ മൂന്നാം പ്രതി സോമൻ മരിച്ചു. കേസിലെ നാലാം പ്രതി ഫോർട്ട് സ്റ്റേഷനിലെ എ.എസ്.ഐ ശശിധരനെ സിബിഐ മാപ്പു സാക്ഷിയാക്കി. 47 സാക്ഷികളിൽ ഉദയകുമാറിനൊപ്പം പൊലീസ് കസ്റ്റഡിലെടുത്ത പ്രധാന സാക്ഷി സുരേഷും ഒരു പൊലീസുകാരനും കൂറുമാറിയിരുന്നു. വാദി ഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങളെല്ലാം കഴിഞ്ഞ 6ന് പൂർത്തിയായിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച മൂന്ന് പൊലീസുകാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ വേളയിൽ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയതിനെ തുടർന്ന് ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്. ഉദയകുമാറിന്‍റെ മാതാവ് ഭവാനിയമ്മയ്ക്ക് 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി നല്‍കാന്‍ ഹൈക്കോടതി വിധിച്ചിരുന്നു.

Read More: "​എന്റെ കണ്ണീര് തോരില്ല" ഉദയകുമാറിന്റെ അമ്മ പറയുന്നു

Custody Death Custodial Death Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: