തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികൾക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതി അമ്മ. വിധി കേട്ട ശേഷം തിരുവനന്തപുരം സിബിഐ കോടതിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

“ഈ കാലമത്രയും എനിക്ക് കൂട്ടായി നിന്ന എല്ലാവർക്കും നന്ദി. എന്റെ പ്രാർത്ഥന ദൈവം കേട്ടു. പ്രതീക്ഷിച്ചതാണ് ഈ വിധി. ഒരു ഓണക്കാലത്താണ് അവരെന്റെ മകനെ പിടിച്ചുകൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഒരു ഓണത്തിന് മുൻപാണ് അവർക്ക് വധശിക്ഷ കിട്ടിയതും” പ്രഭാവതി അമ്മ പറഞ്ഞു.

“എനിക്ക് സന്തോഷമുണ്ട്. പക്ഷെ എന്റെ കണ്ണീര് ഒരിക്കലും തോരില്ല. ഇവർക്ക് എവിടെ പോയാലും ഇളവ് കിട്ടുമെന്ന് കരുതുന്നില്ല.  എല്ലാ തെളിവുകളും അവർക്ക് എതിരായിരുന്നു. ഇനി ലോകത്ത് ഒരിക്കലും ഇത്തരമൊരു സംഭവം നടക്കരുത്. ഇതാദ്യമായാണ് ഇവർ ശിക്ഷിക്കപ്പെടുന്നത്. അതിനാൽ ഇതൊരു പാഠമായിരിക്കണം,” പ്രഭാവതി അമ്മ പറഞ്ഞു.

Read More: ഉദയകുമാർ ഉരുട്ടിക്കൊല കേസ്: രണ്ട് പൊലീസുകാർക്ക് വധശിക്ഷ, മൂന്ന് പൊലീസുകാർക്ക് തടവ്

കൊലപാതകം, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, വിചാരണ അട്ടിമറിക്കൽ, അന്വേഷണം അട്ടിമറിക്കൽ തുടങ്ങി എല്ലാ കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിഞ്ഞതായി കോടതി പറഞ്ഞു. കേസിൽ ആദ്യ രണ്ട് പ്രതികളായ ഒന്നാം പ്രതി കെ.ജിതകുമാര്‍,  രണ്ടാം പ്രതി എസ്. വി. ശ്രീകുമാര്‍ എന്നിവർക്ക് വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

കേസിലെ മറ്റ് പ്രതികളായ ഇകെ സാബു, ടി അജിത് കുമാർ എന്നിവരെ ആറ് വർഷം തടവിന് ശിക്ഷിച്ചു ഇ. കെ സാബുവിനും ടി. അജിത് കുമാറിനും മൂന്ന് വർഷം വീതം രണ്ട് കേസിലായാണ് ആറ് വർഷം തടവ്. ഇത് ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും.  ടി.കെ ഹരിദാസിനെ മൂന്ന് വർഷം തടവിനും ശിക്ഷിച്ചു. ഇവർ മൂവരും 50000 രൂപ പിഴയടക്കണം.

Read More: ഈച്ചരവാര്യർ മുതൽ അഖില വരെ: കേരളത്തിലെ കസ്റ്റഡി കൊലപാതങ്ങളും നിയമപോരാട്ടങ്ങളും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.