scorecardresearch
Latest News

ഈച്ചരവാര്യർ മുതൽ അഖില വരെ: കേരളത്തിലെ കസ്റ്റഡി കൊലപാതകങ്ങളും നീതിക്കായുളള​ പോരാട്ടങ്ങളും

രാജന്‍റെ അച്ഛന്‍, ഉദയകുമാറിന്‍റെ അമ്മ, ഗോപിയുടെ അച്ഛന്‍, ശ്രീജീവിന്‍റെ ചേട്ടന്‍.,ശ്രീജിത്തിന്റെ ഭാര്യ പോലീസ് കസ്റ്റഡിയില്‍ മരിച്ച ഉറ്റവര്‍ക്കായി നീതി തേടിയിറങ്ങിയവരാണിവര്‍

ഈച്ചരവാര്യർ മുതൽ അഖില വരെ: കേരളത്തിലെ കസ്റ്റഡി കൊലപാതകങ്ങളും നീതിക്കായുളള​ പോരാട്ടങ്ങളും

ഉദയകുമാർ കേസിൽ വിധി വരുമ്പോൾ കേരളത്തിൽ കസ്റ്റഡി മരണത്തിനെതിരായ രണ്ട് പോരാട്ടങ്ങളാണ് നടക്കുന്നത്. ഉദയകുമാറിന്റെ കേസിൽ മകന് നീതി തേടി ആ അമ്മ നടത്തിയ പോരാട്ടം അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് കൊലപ്പെടുത്തിയ രാജന് വേണ്ടി അച്ഛൻ ഈച്ചരവാര്യർ നടത്തിയ പോരാട്ടത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു. ഇന്ന് ആ അമ്മയെ തേടി നീതി എത്തുമ്പോൾ കേരളത്തിൽ മറ്റ് രണ്ട് കസറ്റഡി മരണങ്ങളുടെ പേരിൽ നീതി തേടുകയാണ്. ഈ​ വർഷം ഏപ്രിൽ മാസം വരാപ്പുഴ പൊലീസ് കസ്റ്റഡിയിൽ​ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ നീതി തേടി ഭാര്യ അഖിലയാണ് നീതിക്കായുളള​ പോരാട്ടവഴിയിലാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ശ്രീജിവിന്റെ കേസിൽ സഹോദരൻ ശ്രീജിത്തിന്റെ നീണ്ട പോരാട്ടത്തിനൊടുവിൽ സി ബി ഐ​അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

പൊലീസ് ലോക്കപ്പുകളിലും കസ്റ്റഡിയിലും കൊല്ലപ്പെട്ടവരുടെ എണ്ണം ചെറുതല്ല. കേരളത്തിൽ അതിനെതിരെ ശക്തമായ നിയമപോരാട്ടങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരും ധാരാളം. അടിയന്തരാവസ്ഥയ്ക്കു ശേഷമാണ് അതിന് വഴിയൊരുക്കിയ ഒരു കാലം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് പറയുമ്പോഴും കേരളത്തിൽ പൊലീസ് അതിക്രമങ്ങൾ കുറവല്ലാതെ രേഖപ്പെടുത്തപ്പെടുന്നുണ്ട്. അതിനെതിരായ നിയമ പോരാട്ടങ്ങളും കുറവല്ല.

രാജൻ കേസിൽ തുടങ്ങി ഇന്ന് വരാപ്പുഴ ശ്രീജിത്തിന്റെ  കൊലപാതകത്തിലെത്തി നിൽക്കുന്നു അവസാനിക്കാത്ത കസ്റ്റഡി കൊലപാതക ചരിത്രം. കേരളത്തിൽ കസ്റ്റഡി കൊലപാതകങ്ങളിൽ നീതിക്കായി നടന്ന ചില ശ്രദ്ധേയമായ പോരാട്ടങ്ങളുണ്ട്.  അച്ഛനും അമ്മയും ഭാര്യയും സഹോദരനുമെല്ലാം ഭാഗമായ നീതിക്കായുളള പോരാട്ടങ്ങള്‍.

വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷിക്കുന്ന സമയത്താണ് ഉദയകുമാറിന്റെ കൊലപാതക കേസിൽ 13 വർഷത്തിന് ശേഷം വിധി വരുന്നത്. സി ബി ഐ കോടതിയാണ് ആറ് പ്രതികളെ കുറ്റക്കാരണെന്ന് കണ്ടെത്തി വിധി വരുന്നത്. സമാനമായ സംഭവമാണ് ഉദയകുമാറിന്റെ സംഭവത്തിലും ഉണ്ടായത് ചേർത്തല സ്വദേശി ഗോപിയുടെ മരണത്തിൽ വിധി വരുമ്പോൾ ഉദയകുമാറിന്റെ കേസിൽ അന്വേഷണം നടക്കുകയായിരുന്നു.

Udayakumar

കേരളത്തിനെ ലോകശ്രദ്ധയിലേയ്ക്ക് കൊണ്ടുപോയ കുപ്രസിദ്ധമായ കേസായിരുന്നു അടിയന്തരാവസ്ഥയുടെ ഇരുമ്പ് മറകൾ പൊളിച്ചു നീക്കാൻ ശ്രമിച്ച രാജൻ കേസ്. സി പി ഐയും കോൺഗ്രസും ഉൾപ്പെടയുളളവർ ഒന്നിച്ചു ഭരിച്ച സി അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്താണ് ഈ  ഉരുട്ടിക്കൊലക്കേസ് നടക്കുന്നത്. കോഴിക്കോട് ആർ ഇ സി വിദ്യർത്ഥിയായിരുന്ന രാജനെ അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് പിടിച്ച് കൊണ്ട് പോയി ഉരുട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേരളത്തിലെ മനുഷ്യാവകാശ മുന്നേറ്റങ്ങൾക്ക് പുതിയ ദിശാബോധം നൽകിയ നിയമപോരാട്ടത്തിനീതിക്കായുളള ഈ  പോരാട്ടത്തിന്‍റെ  തുടക്കവുമായിരന്നു ആ ഉരുട്ടിക്കൊല.

രാജന്‍റെ അച്ഛൻ പ്രൊഫ. ഈച്ചരവാര്യർ നടത്തിയ നിയമപോരാട്ടത്തിനൊപ്പം കേരളത്തിലെ വലിയൊരു ജനവിഭാഗവും അണിനിരന്നു. ആ പോരാട്ടം തുറന്നു തന്ന വഴികളിലൂടെ കേരളം എത്രയോ മുന്നോട്ട് പോയി. അവിടെ നിന്നും നാൽപ്പത് വർഷം പിന്നിടുമ്പോഴും കേരളത്തിൽ  പൊലീസ് അതിക്രമങ്ങളുടെയും കസ്റ്റഡി മരണങ്ങളുടെയും കണക്കുകളും മുന്നോട്ടു തന്നെ.

രാജൻ കേസിന് ശേഷം കേരളത്തെ ഏറെ ഞെട്ടിച്ച കസ്റ്റഡി മരണം ഉണ്ടാകുന്നത് 1987ലെ നായനാർ സർക്കാരിന്‍റെ കാലത്താണ്. ഡി വൈ എഫ് ഐ അനുഭാവിയായ ചേർത്തല സ്വദേശി ഗോപി എന്ന ഇരുപത്തിനാലുകാരന്‍റെ ദുരൂഹ മരണമായിരുന്നു അത്. ലോക ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു മനുഷ്യാവകാശ പോരാട്ടത്തിന് വഴി തുറന്നതായിരുന്നു ആ മരണത്തിനു ശേഷം 1988 ൽ നടന്ന സംഭവങ്ങള്‍. സാധാരണമായി കാണാമായിരുന്ന  കസ്റ്റഡി മരണത്തെ ചോദ്യം ചെയ്തു കൊണ്ട് ഗോപിയുടെ അച്ഛൻ തങ്കപ്പൻ നടത്തിയ പോരാട്ടം അന്നുവരെ കേരളം കാണാത്ത ഒന്നായിരുന്നു. പതിനൊന്ന് വർഷം മകന്‍റെ മൃതദേഹം സംസ്കരിക്കാതെ വീട്ടുവളപ്പിൽ സൂക്ഷിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പോരാട്ടം.

ഇരുപത് വർഷത്തിന് ശേഷം 2008ലാണ് ആ കേസിൽ പൊലീസുകാർ ശിക്ഷിക്കപ്പെട്ട് നീതി നടപ്പിലായത്. എന്നാല്‍ കേസിൽ കോടതി വിധി വരുന്നതിന് മുമ്പ് 1999 ഓഗസ്റ്റ് 31 ന് മകന്‍റെ മൃതദേഹം അദ്ദേഹം സംസ്കരിച്ചു. ബന്ധുക്കളുടെയും അയൽവാസികളുടെയും നിർബന്ധത്തെ തുടർന്നാണ് പതിനൊന്ന് വർഷം, മാസം എണ്ണൂറ് രൂപ ചെലവഴിച്ച് സൂക്ഷിച്ചിരുന്ന മകന്‍റെ ഭൗതിക ശരീരം തങ്കപ്പൻ സംസ്കരിച്ചത്.

police , atrocity,

1998 ഒക്ടോബർ അഞ്ചിനാണ് ടേപ്പ് റിക്കോർഡർ മോഷണ കേസിൽ ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് ചേർത്തല പൊലീസ് സ്റ്റേഷനിലേയ്ക്ക് ഗോപിയെ വിളിപ്പിക്കുന്നത്. അടുത്ത ദിവസം ട്യൂബ് ലൈറ്റ് വയറ്റിൽ തറഞ്ഞ്‌ ഗോപി മരിച്ചുവെന്ന വാർത്തയാണ് തങ്കപ്പൻ അറിയുന്നത്.
ട്യൂബ് ലൈറ്റ് വയറ്റിൽ തറച്ച് മരിച്ച നിലയിൽ കണ്ടെത്തിയ ഗോപി ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസ് നിലപാട്. ഇതിനെതിരെ 20 വർഷം നീണ്ട നിയമപോരാട്ടം നടത്തിയ തങ്കപ്പന്‍ വിധി വരുന്നതിന് നാല് വർഷം മുമ്പ് മരണമടഞ്ഞു. സംഭവം നടക്കുന്ന സമയത്ത് ചേർത്തല പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറായിരുന്ന പ്രഭാകരനെയും സബ്ബ് ഇൻസ്പെകടർ ശ്രീകണ്ഠൻ നായരെയും മജിസ്ട്രേറ്റ് കോടതി 2008ൽ ഒരു വർഷത്തേയ്ക്ക് ശിക്ഷിച്ചു.

ഈ നിയമപോരാട്ടത്തിനിടയിലാണ് കേരളം മറ്റൊരു കസ്റ്റഡി മരണത്തിന് സാക്ഷ്യം വഹിക്കുന്നത്. തലസ്ഥാനമായ തിരുവനന്തപുരത്തെ ഫോർട്ട് പൊലീസ് സ്റ്റേഷനിലാണ് ഉദയകുമാർ എന്ന യുവാവിനെ പൊലീസ് ഉരുട്ടി കൊലപ്പെടുത്തിയത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ യു ഡി എഫ് സർക്കാരിന്‍റെ കാലത്ത് 2005 സെപ്തംബർ 27 നാണ് കേസിന് ആസ്പദമായ സംഭവം. ഓണക്കാലത്താണ് തിരുവനന്തപുരം ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ഉദയകുമാർ എന്ന യുവാവ് പൊലീസിന്‍റെ മൂന്നാം മുറയിൽ കൊല്ലപ്പെട്ടത്.  മോഷണക്കേസ് ആരോപിച്ചാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്.

ഉദയകുമാറിൻെറ അമ്മ പ്രഭാവതി മകന് നീതിക്കായി നിലയുറപ്പിച്ചു. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളും ആ അമ്മയ്ക്കൊപ്പം ഉറച്ചു നിന്നപ്പോൾ  ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസ് പിന്നീട് സി ബി ഐ അന്വേഷിച്ചു. പൊലീസുകാരെ പ്രതികളാക്കി കോടതിയിൽ കുറ്റപത്രം കൊടുത്തു. ഉദയകുമാറിന്‍റെ അമ്മ പ്രഭാവതിയമ്മയക്ക് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി വിധിക്കുകയും ചെയ്തിരുന്നു.

ഉദയകുമാർ കേസ് അന്വേഷണം നടക്കുന്ന കാലത്താണ് ഗോപിയുടെ കേസിൽ വിധി വരുന്നത്. ഉദയകുമാർ കേസ് കോടതിയിൽ നടക്കുമ്പോള്‍ തന്നെയാണ് മൂന്ന് വർഷം മുമ്പ് പാറശാലയില്‍ പൊലീസ് കസ്റ്റഡിയിൽ ശ്രീജിവിന്‍റെ മരണം സംഭവിക്കുന്നത്.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരിക്കെയാണ് ഈ കസ്റ്റഡി മരണം. 2014 മെയ് 19നാണ് നെയ്യാറ്റിൻകര കുളത്തൂർ സ്വദേശിയായ ശ്രീജീവിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. മെയ് 21 ന് ശ്രീജീവ് മരിച്ചു. ശ്രീജിവിന്‍റെ കേസിലും ഗോപിയുടെയും ഉദയകുമാറിന്‍റെയും എന്നത്തില്‍ പോലെ മോഷണമാണ് പൊലീസ് അരോപിച്ചത്. സ്റ്റേഷനിലെത്തിയ ശ്രീജീവ് വിഷം ഉളളിൽ ചെന്നാണ് മരിച്ചത്.

ശ്രീജീവിന്‍റെ മരണത്തെ കുറിച്ച് അന്വേഷിച്ച സംസ്ഥാന പൊലീസ് കംപ്ലൈന്റ് അതോറിട്ടി പൊലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തി. എന്നാൽ ഹൈക്കോടതിയിൽ നിന്നും ലഭിച്ച സ്റ്റേയുടെ പിൻബലത്തിൽ നടപടിയൊന്നും നേരിടാതെ ഉദ്യോഗസ്ഥർ സർവീസിൽ തുടരുന്നു.
ഈ വിഷയത്തിൽ ശ്രീജിവിന്‍റെ സഹോദരൻ ശ്രീജിത്ത് രണ്ട് വർഷത്തിലേറെയായി സെക്രട്ടേറിയറ്റിന് മുന്നിൽ അഹിംസാ സമരം നടത്തുകയാണ്. ഒരു പക്ഷേ, ഗോപിയുടെ മരണത്തെ തുടർന്ന് അച്ഛൻ തങ്കപ്പൻ നടത്തിയ (മകന്‍റെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് നടത്തിയ) നിയമപോരാട്ടം പോലെ തന്നെ ശ്രദ്ധയാകർഷിക്കുന്ന ഒന്നായി മാറുകയാണ് ശ്രീജിത്ത് എന്ന സഹോദരന്‍റെ ഒറ്റയാൾ പോരാട്ടവും. 766 ദിവസത്തിലേറെയായി സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുകയാണ് ശ്രീജിത്തിന്‍റെ സമരം.

ഇതിന് പുറമെ കേരളത്തിൽ വിവാദമായ മറ്റു ചില കസ്റ്റഡി മരണങ്ങളുമുണ്ട്.  അടിയന്തരാവസ്ഥക്കാലത്ത് രാജന് പുറമെ, വർക്കല വിജയൻ, മുഹമ്മദ് മുസ്തഫ തുടങ്ങി പതിനഞ്ചോളം പേർ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടുവന്ന് ആരോപണമുയർന്നുവെങ്കിലും അതിലൊന്നും രാജൻ കേസ് പോലെ ശക്തമായ ഒരു നിയമപോരാട്ടം ഉണ്ടാകാതെ പോയി.  വർക്കല വിജയൻ കേസിൽ പിന്നീട് വെളിപ്പെടുത്തൽ ഉണ്ടായെങ്കിലും അതിൽ നിയമപോരാട്ടം മുന്നോട്ട് പോയില്ല.

കസ്റ്റഡിയിൽ ഒരാളെ വെടിവച്ച് കൊലപ്പെടുത്തിയ കേസ് കേരളത്തിൽ ആദ്യം റിപ്പോർട്ട് ചെയ്യുപ്പെടുന്നത് നക്സലൈറ്റ് എ. വർഗീസുമായി ബന്ധപ്പെട്ടാണ്. വളരെ വർഷങ്ങൾക്കു ശേഷം പൊലീസ് കസ്റ്റഡിയിൽ  വര്‍ഗീസിനെ വെടിവച്ച് കൊലപ്പെടുത്തിയ രാമചന്ദ്രൻ നായർ എന്ന സി ആർ പി എഫ് കോൺസ്റ്റബിൽ ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിഷയം വീണ്ടും സജീവമായത്.  ഈ കേസിലെ പ്രതികളെ കോടതി ശിക്ഷിച്ചു.

അധികം നിയമ പോരാട്ടങ്ങളിലേയ്ക്ക് കടക്കാതിരുന്നുവെങ്കിൽ പോലും  വലിയ വിവാദങ്ങളുണ്ടാക്കിയ കസ്റ്റഡി കൊലപാതകങ്ങള്‍ വേറെയുമുണ്ട്. അതിൽ പ്രധാനപ്പെട്ടത്   പൊലീസ് അറസ്റ്റ് ചെയ്ത സമ്പത്തിന്‍റെ കസ്റ്റഡി മരണമാണ്. 2010 മാർച്ചിൽ പാലക്കാട് പുത്തൂരില്‍ വീട്ടമ്മയായ ഷീലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു സമ്പത്ത്. സമ്പത്തിനെ ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്‍റെ ക്രൂരമായ മർദനത്തിൽ സമ്പത്ത് കൊല്ലപ്പെട്ടുവെന്നാണ് കേസ്. ഈ കേസ് സി ബി ഐ അന്വേഷിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2010 മാർച്ച് 29 നാണ് സമ്പത്ത് പൊലീസ് കസ്റ്റഡിയിൽ മരണമടയുന്നത്.

മുഹമ്മദ് യാസീൻ, വിജയ് സക്കാറെ എന്നിവരെ ഈ കേസിൽ ആദ്യം സി ബി ഐ പ്രതി ചേർത്തിരുന്നുവെങ്കിലും കുറ്റപത്രം നൽകിയപ്പോൾ ഇവരെ ഒഴിവാക്കിയിരുന്നു. അങ്ങനെയാണ് ഈ കേസ് ശ്രദ്ധ നേടിയത്. ഇതിന് മുമ്പ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡി കൊലപാതകത്തിൽ പ്രതിയാകുന്നത് രാജൻ കേസിലായിരുന്നു. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പൊലീസ് കേസായി വന്നത് എ വർഗീസിനെ വെടി വച്ച് കൊലപ്പെടുത്തിയ കേസാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ലക്ഷ്മണ ഇതില്‍  ശിക്ഷിക്കപ്പെട്ടു.

ഈ വർഷം ഏപ്രിൽ മാസത്തിലാണ് വരാപ്പുഴ സ്വദേശിയായ ശ്രീജിത്തിനെ പൊലീസ് വീട്ടിൽ​കയറി പിടിച്ചുകൊണ്ടുപോകുന്നതും പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുന്നതും.  ശ്രീജിത്തിനെ പൊലീസ് ആള് മാറി പൊലീസ് പിടിച്ചുകൊണ്ടുപോകുകയും മർദ്ദനത്തിൽ ശ്രീജിത്ത് മരിക്കുകയുമായിരുന്നുവെന്നാണ് കേസ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Custodial death eachara warrier to sreejith long wait for justice in kerala