/indian-express-malayalam/media/media_files/zho4nLFirlj9OY2dnxFS.jpg)
ചിത്രം: യൂട്യൂബ്
കൊച്ചി: ലൈംഗികാധിക്ഷേപക്കേസിൽ വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യ ഹർജി തള്ളി കോടതി. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ബോബിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടു.
വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ രാത്രിയോടെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പ്രത്യേക പൊലീസ് സംഘം ബോബിയെ ചോദ്യം ചെയ്തു. ഇതിനുശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. തുടർന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ലോക്കപ്പിലാക്കി.
വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ബോബിയെ വീണ്ടും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ജാമ്യാപേക്ഷയിൽ ബോബിക്ക് വേണ്ടി അഡ്വ. ബി രാമൻപിള്ളയാണ് ഹാജരായത്. നടിക്കെതിരെ നടത്തിയത് ദ്വയാർത്ഥ പ്രതികരണമെന്നും മോശമായ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും ബോബി ചെമ്മണൂർ പറഞ്ഞു. യാതൊരു കുറ്റബോധമില്ല. മുൻകൂർ ജാമ്യമെടുക്കാൻ പോകുമ്പോഴാണ് പൊലീസ് പിടികൂടിയതെന്നും ബോബി കൂട്ടിച്ചേർത്തു.
അതേസമയം, കേസിലെ പരാതിക്കാരിയായ നടിയുടെ രഹസ്യമൊഴിയെടുത്തിട്ടുണ്ട്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുൻപാകെയാണ് നടി രണ്ടു മണിക്കൂറോളം രഹസ്യമൊഴി നൽകിയത്. ബോബിയെ ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.
ബോബി ചെമ്മണൂർ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഐഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് പോലീസിന്റെ തീരുമാനം. 2024 ഓഗസ്റ്റ് ഏഴിന് കണ്ണൂർ ആലക്കോടുള്ള ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ ഷോറൂം ഉദ്ഘാടനത്തിനിടെ നടിയെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കുകയും ദ്വയാർഥ പ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് എഫ്ഐആർ.
Read More
- പോരാട്ടത്തിനു ഒപ്പം നിന്നവർക്കു നന്ദി: ഹണി റോസ്
- ആൺനോട്ടങ്ങളെ ബുദ്ധിപരമായി ഉപയോഗിച്ചു; ഹണി റോസിനെ വിമർശിച്ച് നടി ഫറ ഷിബില
- ഹണി റോസിന്റെ പരാതി; ബോബി ചെമണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി
- ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിൽ പരാതി നൽകി ഹണി
- ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു: അസഭ്യ പരാമർശങ്ങൾക്ക് ചുട്ടമറുപടിയുമായി ഹണിറോസ്
- എന്തിനാണ് സിനിമകളിൽ ഇത്രയും വയലൻസ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.