scorecardresearch

ദിവസം നല്‍കേണ്ടത് 4.64 ലക്ഷം ടോക്കണ്‍, ലക്ഷ്യം കാണാനാകാതെ ബെവ്ക്യു

ബെവ് ക്യൂ ആപ് ഇതുവരെ 10 ലക്ഷത്തില്‍ അധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും കമ്പനി

ബെവ് ക്യൂ ആപ് ഇതുവരെ 10 ലക്ഷത്തില്‍ അധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും കമ്പനി

author-image
KC Arun
New Update
bevq, ബെവ്ക്യു, bevq app, bevque app, bev queue app, ബെവ്ക്യു ആപ്പ്, bevq app updates, ബെവ്ക്യു ആപ്പ് അപ്‌ഡേറ്റ്,liquor token kerala, മദ്യ ടോക്കണ്‍, bars, ബാര്‍, bevco outlets, ബെവ്‌കോ ഔട്ട്‌ലെറ്റ്,bevq bevco outlets, bevq bars, iemalayalam, ഐഇമലയാളം

കൊച്ചി: ഒടിപി എസ്എംഎസ് അയക്കുന്നതിലെ പ്രശ്‌നപരിഹാരത്തിന് ശ്രമങ്ങള്‍ നടത്തിയിട്ടും അത് ഫലിക്കുന്നില്ലെന്ന് ഫെയര്‍കോഡ് ടെക്‌നോളജീസ് അധികൃതര്‍. ഒരേ സമയം ധാരാളം പേര്‍ ആപ് ഉപയോഗിച്ച് ടോക്കണ്‍ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഒടിപി എസ്എംഎസ് അയക്കുന്നതില്‍ തുടരുന്ന  പാകപ്പിഴകളാണ് ബെവ് ക്യൂ ആപ്പിന് തലവേദന സൃഷ്ടിക്കുന്നതെന്ന് കമ്പനി അധികൃതര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. ആദ്യ ദിവസം ഒടിപി പ്രശ്‌നം വന്നപ്പോള്‍ എസ്എംഎസ് അയക്കുന്നതിനായുള്ള ബള്‍ക്ക് എസ്എംഎസ് സേവനദാതാക്കളുടെ എണ്ണം ഒന്നില്‍ നിന്നും മൂന്നായി വർധിപ്പിച്ചിരുന്നു. എങ്കിലും ഇത്രയധികം ട്രാഫിക് ഈ സേവന ദാതാക്കള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല.

Advertisment

ആപ്പില്‍ നിന്ന് ഒടിപി ജനറേറ്റ് ചെയ്യുന്നുണ്ട്. പക്ഷേ, അത് സേവനദാതാക്കള്‍ക്ക് കൃത്യസമയത്ത് ഉപഭോക്താവിന്റെ മൊബൈലില്‍ എത്തിക്കാന്‍ കഴിയുന്നില്ല. സേവനദാതാവിന്റെ ക്യൂവില്‍ കിടന്നശേഷം അഞ്ച് മിനിറ്റ് കഴിഞ്ഞാണ് ഒടിപി ഉപഭോക്താവിന് ലഭിക്കുന്നത്. ഈ പ്രശ്‌നമൊഴിവാക്കാനായി കമ്പനി സേവനദാതാക്കളുടെ എണ്ണം വർധിപ്പിക്കുകയും ടോക്കണ്‍ എടുക്കാനുള്ള സമയം വർധിപ്പിക്കുകയും ചെയ്തു. രാവിലെ ആറ് മുതല്‍ രാത്രി ഒമ്പത് മണിവരെ ആപ്പിലൂടെ ടോക്കണ്‍ നല്‍കാനാണ് ഫെയര്‍കോഡ് ടെക്‌നോളജീസിനോട് ബെവ്‌കോ ആവശ്യപ്പെട്ടിരുന്നത്.

Read Also:ഫെയ്‌സ്‌ബുക്കിൽ ‘ബെവ് ക്യൂ’ പോസ്റ്റുകൾ കാണാനില്ല; ആപ്പ് പൊല്ലാപ്പായി 

എങ്കിലും ഈ സമയത്ത് ടോക്കണ്‍ നല്‍കാന്‍ കഴിയാതെ വന്നതിനാല്‍ രാത്രിയില്‍ കൂടുതല്‍ സമയം ബെവ്‌കോയുടെ അനുമതിയോടെ ആപ്പില്‍ അനുവദിച്ചു. ഇങ്ങനെ സമയമാറ്റം വന്നപ്പോഴാണ് ഉപഭോക്താവിനോട് രാവിലെ മൂന്നര മുതല്‍ ഒമ്പത് മണിവരെ ശ്രമിക്കൂവെന്ന സന്ദേശം ആപ്പില്‍ തെളിഞ്ഞതെന്നും അധികൃതര്‍ പറഞ്ഞു. രാവിലെ തിരക്ക് കുറഞ്ഞ സമയത്ത് ശ്രമിക്കുന്നവര്‍ക്ക് ടോക്കണ്‍ ലഭിക്കുന്നുണ്ട്. എങ്കിലും പ്രശ്‌നത്തിന് പരിപൂര്‍ണ പരിഹാരമാകുന്നില്ലെന്നും തുടക്കത്തിലെ ആവേശം കഴിഞ്ഞാല്‍ ആപ്പിന് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ പറഞ്ഞു. 24 മണിക്കൂറും ടോക്കണ്‍ ജനറേറ്റ് ചെയ്യാനുള്ള അനുവാദമില്ല.

Advertisment

അതേസമയം, കുറഞ്ഞ ചെലവില്‍ ബള്‍ക്ക് എസ്എംഎസ് അയക്കുന്ന കമ്പനികളെയാകും ഫെയര്‍കോഡ് ഒടിപി അയക്കാന്‍ ആശ്രയിക്കുന്നതെന്ന് സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

4.64 ലക്ഷം ടോക്കണാണ് ഒരു ദിവസം ബെവ് ക്യൂ ആപ് വഴി വിതരണം ചെയ്യേണ്ടത്. ഇന്നലെ 2.25 ലക്ഷം ടോക്കണുകളും ഇന്നത്തേക്ക് മൂന്ന് ലക്ഷത്തോളം ടോക്കണുകളും വിതരണം ചെയ്തുവെന്ന് ടോക്കണ്‍ ആര്‍ക്കും കിട്ടിയിട്ടില്ലെന്ന പരാതിയുണ്ടല്ലോയെന്ന് ആരാഞ്ഞപ്പോള്‍ കമ്പനി അധികൃതര്‍ പറഞ്ഞു. ആപ് ഇതുവരെ 10 ലക്ഷത്തില്‍ അധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും കമ്പനി പറഞ്ഞു.

ഇത്രയും പേര്‍ക്ക് ഒടിപി എസ്എംഎസ് എത്തിക്കാന്‍ സേവനദാതാവിന് കഴിയുമെന്ന് കരുതുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. എങ്കിലും ഒന്നാമത്തെ ദിവസമുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടത്തിയ ശ്രമമാണ് രണ്ടാം ദിവസം ടോക്കണുകളുടെ എണ്ണം വർധിപ്പിച്ചത്.

Read Also:ചൈന വിഷയത്തിൽ മോദിയുമായി സംസാരിച്ചിട്ടില്ല; ട്രംപിന്റെ വാദം തളളി ഇന്ത്യ

എത്രപേർ ടോക്കണ്‍ ജനറേറ്റ് ചെയ്യാന്‍ ശ്രമിച്ചുവെന്നും എത്ര ഒടിപി ജനറേറ്റ് ചെയ്തുവെന്നും എത്ര പേര്‍ക്ക് കിട്ടിയെന്നും എത്ര പേര്‍ക്ക് കിട്ടിയില്ലെന്നുമുള്ള കണക്കുകളുടെ വിശകലനം നടത്തും. ധാരാളം പേര്‍ ഒരേ സമയം എത്തുമ്പോള്‍ റാന്‍ഡം ആയി തിരഞ്ഞെടുത്താണ് ടോക്കണ്‍ നല്‍കുന്നത്. അപ്പോള്‍ ചിലര്‍ക്ക് കിട്ടുന്നില്ല. ഒരു നറുക്കെടുപ്പ് ഭാഗ്യം പോലെയാണ്.

ആപ് ഒഴിവാക്കാന്‍ സര്‍ക്കാരില്‍ ബാറുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ചില ബാറുകള്‍ക്ക് കുറഞ്ഞ എണ്ണം ടോക്കണുകളേ ലഭിച്ചിട്ടുള്ളൂ. അവര്‍ കരുതിയതുപോലെ കച്ചവടം നടത്താന്‍ സാധിക്കുന്നുണ്ടാകില്ല. അതുകാരണമാണ് അവര്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. ഫെയര്‍കോഡിനെ ടോക്കണ്‍ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കുമെന്ന് ബെവ്‌കോ ഇതുവരെ പറഞ്ഞിട്ടില്ല. അത്തരം ചര്‍ച്ചകള്‍ എക്സൈസ് വകുപ്പിനുള്ളിലെ ചര്‍ച്ചകളാണെന്ന് കമ്പനി വിശദീകരിച്ചു.

രണ്ട് മാസത്തിലേറെയായുള്ള ലോക്ക്ഡൗണില്‍ മദ്യഷോപ്പുകള്‍ അടച്ചിട്ടതിനുശേഷം തുറക്കുമ്പോള്‍ ആളുകളുണ്ടാക്കാന്‍ സാധ്യതയുള്ള തിരക്ക് മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാന്‍ ആപ് നിര്‍മ്മിച്ച കമ്പനിക്ക് കഴിയാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് എക്സൈസ്, ബെവ്‌കോ അധികൃതര്‍ ആരോപിച്ചിരുന്നു. ടോക്കണ്‍ വിതരണത്തിലുള്ള പ്രശ്‌നങ്ങള്‍ കാരണം ഇന്ന് സംസ്ഥാനത്ത് പലയിടത്തും മദ്യവിതരണം തടസ്സപ്പെട്ടുവെന്നും തകരാറിലായിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Beverages Corporation Bevq Bevco

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: