കൊച്ചി: മദ്യവിൽപ്പനയ്‌ക്കായുള്ള വെർച്വൽ ക്യൂ ആപ് ‘ബെവ് ക്യൂ’ കുടിയൻമാർക്ക് പണികൊടുത്തിരിക്കുകയാണ്. ഇന്നലെ തുടങ്ങിയ സാങ്കേതിക പ്രശ്‌നങ്ങൾ ഇന്നും തുടരുകയാണ്. ആപ് രൂപവത്‌കരിച്ച ഫെയർകോഡ് ടെക്‌നോളജീസിനെതിരെ ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്. ‘നേരാവണ്ണം ഒരു ആപ് ഉണ്ടാക്കാൻ അറിയില്ലേ’ എന്നാണ് കമ്പനിയോട് പലരും ചോദിക്കുന്നത്.

ഫെയർകോഡ് ടെക്‌നോളജീസ് ബെവ് ക്യൂ ആപ്പുമായി ബന്ധപ്പെട്ട് അവരുടെ ഒദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിൽ ഇട്ടിരുന്ന പോസ്റ്റുകൾ ഇപ്പോൾ അപ്രത്യക്ഷമായി. ‘പോസ്റ്റുകൾ മുക്കിയല്ലേ?’ എന്നാണ് കമ്പനിയുടെ പേജിൽവന്ന് പലരും ഇപ്പോൾ ചോദിക്കുന്നത്. മേയ് 16നു ശേഷം ഫെയർകോഡ് കമ്പനി ഇട്ട പോസ്റ്റുകളെല്ലാം ഫെയ്‌സ്‌ബുക്ക് പേജിൽനിന്ന് പിൻവലിച്ചിട്ടുണ്ട്. ഇന്നലെവരെ പോസ്റ്റുകൾ ഫെയ്‌സ്‌ബുക്ക് പേജിലുണ്ടായിരുന്നു.

Read Also: ഇതെന്തൂട്ട് ആപ്പാ; ‘ബെവ് ക്യൂ’വിനെതിരെ സർവത്ര പരാതി

കമ്പനിയുടെ പഴയ പോസ്റ്റുകൾക്ക് താഴെ നിരവധിപേർ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. നൂറിൽ താഴെ കമന്റുകൾ ഉണ്ടായിരുന്ന കമ്പനിയുടെ പഴയ പോസ്റ്റിൽ ഇപ്പോൾ ആയിരത്തിലേറെ കമന്റുകൾ ഉണ്ട്. ബെവ് ക്യൂ ആപ്പുമായി ബന്ധപ്പെട്ട പരാതികളാണ് എല്ലാ കമന്റിലും. സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം മദ്യം ഓർഡർ ചെയ്യാൻ സാധിക്കാത്തതിന്റെ പരിഭവം ഫെയർകോഡിനെ അറിയിക്കുകയാണ് പലരും.

അതേസമയം, ബെവ് ക്യൂ ആപ് പ്രതിസന്ധിയിലായതിനു പിന്നാലെ ഫെയർകോഡ് ടെക്നോളജീസ് ഉടമകൾ ഓഫീസിൽ നിന്ന് സ്ഥലം വിട്ടതായി ചില മാധ്യമങ്ങളിൽ ആരോപണമുയർന്നിരുന്നു. ഓഫീസ് അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇളങ്കുളം ചെലവന്നൂർ റോഡിലാണ് ഓഫീസ് കെട്ടിടം. എന്നാൽ, തങ്ങൾ പ്രഭാതഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോഴാണ് മാധ്യമപ്രവർത്തകർ ഓഫീസിലെത്തിയതെന്നാണ് ഫെയർകോഡ് ടെക്‌നോളജീസ് അധികൃതർ നൽകുന്ന വിശദീകരണം.

ഇ-ടോക്കൺ സംവിധാനം പരാജയപ്പെട്ടതോടെ മദ്യം ആവശ്യപ്പെട്ട് ബാറുകളിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതിനിടെ പലയിടത്തും ടോക്കണില്ലാതെ മദ്യം വിതരണം ചെയ്യുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. ടോക്കണില്ലാതെ മദ്യവിതരണം നടത്തിയ ബാറുകൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നലെയാണ് മദ്യവിൽപ്പന പുനരാരംഭിച്ചത്. ഇ-ടോക്കൺ സംവിധാനത്തിലൂടെയായിരുന്നു മദ്യവിൽപ്പന. എന്നാൽ, ബെവ് ക്യൂ ആപ് പണിമുടക്കിയതോടെ സർവത്ര ആശയക്കുഴപ്പമായി. ബാറുകൾക്കു മുൻപിലും ബിവറേജസ് ഔട്ട്‌ലെറ്റുകൾക്കും മുൻപിലും നീണ്ട വരി പ്രത്യക്ഷപ്പെട്ടു. വെർച്വൽ ക്യൂ സിസ്റ്റം പൂർണമായി പരാജയപ്പെട്ടതാണ് പ്രധാന കാരണം. ക്യു ആർ കോഡ് ‌കൃത്യമായി സ്‌കാൻ ചെയ്യാൻ സാധിച്ചില്ല. പലയിടത്തും ബിൽ എഴുതി നൽകേണ്ട അവസ്ഥയായി. ഇത് തിരക്ക് വർധിക്കാൻ കാരണമായി.

Read Also: കുറച്ചു തമാശയും പ്രേമവും മാത്രമേ ഉള്ളൂ, യുദ്ധം പ്രതീക്ഷിച്ച് ആരും വരരുത്; ആ ഹിറ്റ് സിനിമയെ കുറിച്ച് സംവിധായകൻ അന്നു പറഞ്ഞത്

ക്യു ആർ കോഡ് സ്‌കാൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു ബാറുടമ പറഞ്ഞത് ഇങ്ങനെ: “ക്യു ആർ കോഡ് സ്‌കാൻ ചെയ്‌ത് മദ്യം നൽകാൻ ഒരു മിനിറ്റേ വേണ്ടൂ, പരമാവധി രണ്ട് മിനിറ്റ്. അതിലും കൂടുതൽ വേണ്ടിവരില്ല. ഇതിപ്പോൾ ബെവ് ക്യൂ ആപ് വഴി ക്യു ആർ കോഡ് സ്‌കാൻ ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. രാവിലെ മുതൽ സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. മദ്യം വാങ്ങാനെത്തുന്ന ആളുടെ വിവരം എഴുതിയെടുക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ഒരാൾക്ക് മിനിമം ഏഴ് മിനിറ്റ് ചെലവാകുന്നു. അതുകൊണ്ടാണ് ഇത്രയും തിരക്ക്.”

എന്നാൽ, ഇന്നലെ രാത്രിയോടെ ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ചതായി ഫെയർകോഡ് അറിയിച്ചിരുന്നു. ഒടിപി സേവനദാതാക്കളെ ലഭിക്കാത്തതാണ് സാങ്കേതിക പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ഫെയർകോഡ് ടെക്‌നോളജീസ് നേരത്തെ അറിയിച്ചിരുന്നത്. ഒടിപി സോവനദാതാക്കളെ കണ്ടെത്തിയ ശേഷവും പ്രതിസന്ധി തുടരുകയാണ്.

ഇന്നലെ സംസ്ഥാനത്ത് 2.25 ലക്ഷം പേര്‍ ബെവ് ക്യൂ ആപ് വഴി മദ്യം വാങ്ങിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. ആദ്യ ദിവസത്തെ സാങ്കേതിക തടസങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചതായും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook