/indian-express-malayalam/media/media_files/uploads/2019/05/kerala-police-cats.jpg)
Ayodhya Verdict: കാസര്‍കോട്: അയോധ്യ ഭൂമിത്തര്‍ക്ക കേസില്‍ വിധി വരാനിരിക്കെ കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ. ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു മുതൽ മൂന്നു ദിവസത്തേക്കാണ് നിരോധനാജ്ഞയെന്ന് കലക്‌ടർ അറിയിച്ചു. നവംബർ 11 രാത്രി 12 വരെ നിരോധനാജ്ഞ തുടരുന്നതായിരിക്കും.
മതനിരപേക്ഷതയ്ക്കും മതസൗഹാർദത്തിനും പേരുകേട്ട കാസർകോട് ജില്ലയിൽ അയോദ്ധ്യ വിധിയെ തുടർന്ന് ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ, ഛിദ്ര ശക്തികളുടെ പ്രവർത്തനങ്ങൾ തടയേണ്ടതുണ്ടെന്ന് 144 പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കലക്ടർ പറഞ്ഞു. ജനങ്ങൾ ഇതുമായി പൂർണമായും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഛിദ്ര ശക്തികളെ ഒറ്റപ്പെടുത്തുന്നതിന്നുള്ള അവസരമായി മുഴുവൻ ജനങ്ങളും ഇതിനെ ഉപയോഗിക്കണം. സമാധാനം നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളുമായി, എല്ലാ സുമനസ്സുകളും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നതായും കാസർകോട് ജില്ലാ കലക്ടർ ഡി.സജിത് ബാബു അറിയിച്ചു.
Read Also: Ayodhya Case Timeline: അയോധ്യ കേസ് നാള്‍വഴി
വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എല്ലാവരും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. ബാബ്‌റി മസ്‌ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള ആ പ്രതികരണം. അയോധ്യ കേസിൽ സുപ്രീം കോടതി വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണം. വിധി ഒരു തരത്തിലുമുള്ള വിദ്വേഷ പ്രചാരണത്തിന് ഹേതുവാക്കരുത്. ഉയർന്ന മതനിരപേക്ഷ മൂല്യങ്ങളാലാവണം, ഐക്യബോധത്താലാവണം നാം നയിക്കപ്പെടേണ്ടത്. വിധി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസിനു നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
രാജ്യം കാത്തിരിക്കുന്ന അയോധ്യ ഭൂമിത്തർക്ക കേസിൽ സുപ്രീം കോടതി ഇന്നു വിധി പറയും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസിൽ വിധി പറയുന്നത്. രാവിലെ 10.30 നാണ് വിധി പ്രസ്‌താവം. 40 ദിവസം നീണ്ടുനിന്ന തുടര്‍വാദങ്ങള്‍ക്കു ശേഷമാണ് വിധി പറയുന്നത്. രാജ്യമെങ്ങും വന്‍ സുരക്ഷാ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.