scorecardresearch

Ayodhya Case Timeline: അയോധ്യ കേസ് നാള്‍വഴി

40 ദിവസം നീണ്ടുനിന്ന തുടര്‍വാദങ്ങള്‍ക്കു ശേഷമാണ് വിധി പറയുന്നത്. രാജ്യമെങ്ങും വന്‍ സുരക്ഷാ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്

Ayodhya Case Timeline: അയോധ്യ കേസ് നാള്‍വഴി
Ayodhya Case Timeline

അയോധ്യ കേസില്‍ സുപ്രീം കോടതി ശനിയാഴ്ച വിധി പറയും. രാവിലെ 10.30 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് വിധി പറയുക. 40 ദിവസം നീണ്ടുനിന്ന തുടര്‍വാദങ്ങള്‍ക്കു ശേഷമാണ് വിധി പറയുന്നത്. രാജ്യമെങ്ങും വന്‍ സുരക്ഷാ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്.

അയോധ്യ കേസ് നാള്‍വഴി

1528: മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ സേനാധിപന്‍ മിര്‍ ബാഖി ബാബറി മസജിദ്
പണി കഴിപ്പിച്ചു

1885: തര്‍ക്കമന്ദിരത്തിന്റെ പുറത്തുള്ള കേന്ദ്ര താഴികക്കുടത്തിനു താഴെ രാംലല്ല വിഗ്രഹം സ്ഥാപിച്ചു

1949: രാംലല്ല വിഗ്രഹത്തില്‍ പൂജയ്ക്ക് അനുമതി തേടി ഫൈസാബാദ് ജില്ലാ കോടതിയില്‍ ഗോപാല്‍ സിംല വിശാരദ് ഹര്‍ജി സമര്‍പ്പിച്ചു

1950: രാംലല്ല വിഗ്രഹത്തില്‍ തുടര്‍പൂജ അനുവദിക്കണമെന്നും വിഗ്രഹങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പരമഹന്‍സ രാമചന്ദ്രദാസ് ഹര്‍ജി നല്‍കി

1959: സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിനായി നിര്‍മോഹി അഖാഡ കേസ് ഫയല്‍ ചെയ്തു

1961: സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് ഹര്‍ജി ഫയല്‍ ചെയ്തു

1986 ഫെബ്രു 1: സ്ഥലം ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കണമെന്ന് കീഴ്‌ക്കോടതി ഉത്തരവ്. ഈ സമയം രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി

1989 ഓഗസ്റ്റ് 14: തര്‍ക്കമന്ദിരത്തിന്റെ കാര്യത്തില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് അലഹാബാദ് ഹൈക്കോടതി ഉത്തരവ്

Read Also: Ayodhya verdict LIVE UPDATES: അയോധ്യ ഭൂമിത്തര്‍ക്ക കേസ്: രാവിലെ 10.30 വിധി പറയും, രാജ്യം കനത്ത സുരക്ഷയിൽ. വാർത്തകൾ തത്സമയം അറിയാം

1990 സെപ്റ്റംബര്‍ 25: ഗുജറാത്തിലെ സോമനാഥില്‍നിന്ന് ബിജെപി നേതാവ് രഥയാത്ര ആരംഭിച്ചു

1992 ഡിസംബര്‍ 6: സംഘപരിവാര്‍ കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തു

1993 ഏപ്രില്‍ 3: തര്‍ക്കഭൂമിയിലെ ചില ഭാഗം ഏറ്റെടുക്കുന്നതിനുള്ള നിയമം കേന്ദ്രസര്‍ക്കാര്‍ പാസാക്കി. നിയമത്തിലെ വിവിധ വശങ്ങള്‍ ചോദ്യം ചെയ്ത് ഇസ്മയില്‍ ഫാറൂഖി ഉള്‍പ്പെടെയുള്ളവര്‍ അലഹബാദ് ഹൈക്കോടതിയില്‍ റിട്ട് പെറ്റിഷനുകള്‍ സമര്‍പ്പിച്ചു. ഹൈക്കോടതിയില്‍ നിലവിലുള്ള വിവിധ ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്കു മാറ്റി സുപ്രീം കോടതിയുടെ ഉത്തരവ്

1994 ഒക്ടോബര്‍ 24: ഇസ്ലാംമത വിശ്വാസമനുസരിച്ച് ആരാധനയ്ക്ക് പള്ളി അനിവാര്യഘടകമല്ലെന്നു ചരിത്രപ്രസിദ്ധമായ ഇസ്മായില്‍ ഫാറൂഖി കേസില്‍ സുപ്രിംകോടതി

2002 ഏപ്രില്‍: തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്നു തീരുമാനിക്കാനായി ഹൈക്കോടതിയില്‍ വാദം തുടങ്ങി

2003 മാര്‍ച്ച് 13: ഏറ്റെടുത്ത ഭൂമിയില്‍ മതപരമായ ഒരു പ്രവൃത്തിയും പാടില്ലെന്നു ഭുരെ അസ്ലം കേസില്‍ സുപ്രീംകോടതി

2003 മാര്‍ച്ച് 14: സാമുദായിക ഐക്യം പുലര്‍ത്താനായി, അലഹാബദ് ഹൈക്കോടതിയിലുള്ള സിവില്‍ കേസുകളില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ഇടക്കാല ഉത്തരവ് പാലിക്കാന്‍ സുപ്രിം കോടതി ഉത്തരവ്

2010 സെപ്റ്റംബര്‍ 30: തര്‍ക്കഭൂമി മൂന്നായി വിഭജിച്ച് അലഹാബാദ് ഹൈക്കോടതി വിധി. 2:1 എന്ന രീതിയിലായിരുന്നു മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലല്ല എന്നിവയ്ക്കാണു ഭൂമി വീതിച്ചത്

2011 മേയ് 9: ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

2016 ഫെബ്രുവരി 26: തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുമതി ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സുബ്രഹമണ്യന്‍ സ്വാമിയുടെ ഹര്‍ജി

2017 മാര്‍ച്ച് 21: കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പിനുള്ള സാധ്യത പരിശോധിക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് കെഹാര്‍ നിര്‍ദേശിച്ചു

2017 ഓഗസ്റ്റ് 7: 1994ലെ അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി മൂന്നംഗ ബെഞ്ച് രൂപീകരിച്ചു

2017 ഓഗസറ്റ് 8: തര്‍ക്കസ്ഥലത്തുനിന്ന് യുക്തമായ ദൂരം മാറി മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പള്ളി പണിയാമെന്നു യുപി ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു

2017 സെപ്തംബര്‍ 11: തര്‍ക്കഭൂമിയുടെ പരിപാലനത്തിനു മേല്‍നോട്ടം വഹിക്കാന്‍ രണ്ട് അഡീഷണല്‍ ജില്ലാ ജഡ്ജിമാരെ 10 ദിവസത്തിനകം നാമനിര്‍ദേശം ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവ്

2017 നവംബര്‍ 20: അയോധ്യയില്‍ അമ്പലവും ലക്‌നൗവില്‍ പള്ളിയും പണിയാമെന്ന് സുപ്രീം കോടതിയില്‍ യുപി ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെ നിര്‍ദേശം

2017 ഡിസംബര്‍ 1: 2010ലെ അലഹാബാദ് ഹൈക്കോടതി വിധി ചോദ്യംചെയ്ത് 32 പൗരാവകാശ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

2018 ഫെബ്രുവരി 8: സിവില്‍ കേസ് അപ്പീലുകളില്‍ സുപ്രീംകോടതി വാദംകേള്‍ക്കല്‍ തുടങ്ങി

2018 മാര്‍ച്ച് 14: കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി ഉള്‍പ്പെടെ സമര്‍പ്പിച്ച ഇടക്കാല ഹര്‍ജികള്‍ സുപ്രികോടതി തള്ളി

2018 ഏപ്രില്‍ 6: 1994ലെ സുപ്രിം കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ വിശാല ബെഞ്ചിനു വിടണമെന്നു വഖഫ് ബോര്‍ഡിനു വേണ്ടി ഹാജരായ രാജീവ് ധവാന്‍ ആവശ്യപ്പെട്ടു

2018 ജൂലൈ 20: സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

2018 സെപ്തംബര്‍ 27: അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്കു കേസ് മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പുതുതായി രൂപീകരിക്കുന്ന മൂന്നംഗ ബെഞ്ച് ഒക്ടോബര്‍ 29നു കേസ് പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി

2018 ഒക്ടോബര്‍ 29: ഉചിതമായ ബെഞ്ചിലേക്കു ജനുവരി ആദ്യവാരത്തേക്കു കേസ് മാറ്റി. വാദം കേള്‍ക്കുന്ന തിയതി ആ ബെഞ്ച് നിശ്ചയിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി

2018 ഡിസംബര്‍ 24: 2019 ജനുവരി നാലു മുതല്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനം

2019 ജനുവരി 4: ഉചിതമായ ബെഞ്ച് കേസില്‍ വാദം കേള്‍ക്കുന്നതിനുള്ള തിയതി നിശ്ചയിച്ച് ജനുവരി 10ന് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി

2019 ജനുവരി 8: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തലവനായി സുപ്രീം കോടതി അഞ്ചംഗ ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസുമാരായ എസ്എ ബോബ്‌ദെ, എന്‍വി രമണ, യുയു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍

2019 ജനുവരി 10: ജസ്റ്റിസ് യുയു ലളിത് പിന്മാറി. പുതിയ ബെഞ്ചിനു മുമ്പാകെ ജനുവരി 29ലേക്കു കേസ് മാറ്റി

2019 ജനുവരി 25: അഞ്ചംഗ ബെഞ്ച് പുനഃസംഘടിപ്പിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കു പുറമെ ജസ്റ്റിസുമാരായ എസ്എ ബോബ്‌ദെ, ഡിവൈ ചന്ദ്രൂചൂഡ്, അശോക് ഭൂഷണ്‍, എസ്എ നസീര്‍ എന്നിവര്‍ ബെഞ്ചില്‍

2019 ജനുവരി 29: തര്‍ക്കഭൂമിക്ക് ചുറ്റമുള്ള, ഏറ്റെടുത്ത 67 ഏക്കര്‍ യഥാര്‍ഥ ഉടമകള്‍ക്കു വിട്ടുകൊടുക്കാന്‍ അനുമതി തേടി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

2019 ഫെബ്രുവരി 20: കേസില്‍ ഫെബ്രുവരി 26നു വാദംകേള്‍ക്കാന്‍ തീരുമാനം

2019 ഫെബ്രുവരി 26: കേസില്‍ മധ്യസ്ഥ സാധ്യത ആരാഞ്ഞ് സുപ്രീംകോടതി. വിഷയം കോടതി നിയോഗിക്കുന്ന മധ്യസ്ഥനു വിടണമോയെന്ന കാര്യത്തില്‍ മാര്‍ച്ച് അഞ്ചിന് ഉത്തരവിടുമെന്നും വ്യക്തമാക്കി.

2019 മാര്‍ച്ച് 6: മധ്യസ്ഥതയിലൂടെ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കണമോയെന്ന കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതു മാറ്റി

2019 മാര്‍ച്ച് 8: സുപ്രീംകോടതി മുന്‍ ജസ്റ്റിസ് എഫ്എംഐ ഖലിഫുള്ള, ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവര്‍ ഉള്‍പ്പെട്ട മധ്യസ്ഥ സമിതിയെ ഒത്തുതീര്‍പ്പിനു നിയോഗിച്ചു

2019 ഏപ്രില്‍ 9: തര്‍ക്കപ്രദേശത്ത് ഏറ്റെടുത്ത ഭൂമി യഥാര്‍ഥ ഉടമകള്‍ക്ക് വിട്ടുകൊടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ നിര്‍മോഹി അഖാഡ എതിര്‍ത്തു

2019 മേയ് 9: മൂന്നംഗ മധ്യസ്ഥസമിതി സുപ്രീം കോടതിക്ക് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

2019 ജൂലൈ 18: മധ്യസ്ഥ ശ്രമങ്ങള്‍ തുടരാന്‍ അനുവദിച്ച സുപ്രീംകോടതി ഓഗസ്റ്റ് ഒന്നിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു

2019 ഓഗസ്റ്റ് 1: മധ്യസ്ഥസമിതി മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കി.

2019 ഓഗസ്റ്റ് 2: മധ്യസ്ഥശ്രമം പരാജയപ്പെട്ടതിനാല്‍ ഓഗസ്റ്റ് ആറ് മുതല്‍ പ്രതിദിനവാദം കേള്‍ക്കുമെന്നു കോടതി വ്യക്തമാക്കി

2019 ഓഗസ്റ്റ് 6: പ്രതിദിന വാദം തുടങ്ങി

2019 ഒക്ടോബര്‍ 4: ഒക്ടോബര്‍ 17നു വാദം കേള്‍ക്കല്‍ അവസാനിപ്പിക്കുമെന്നും നവംബര്‍ 17നകം വിധി പറയുമെന്നും സുപ്രീം കോടതി

2019 ഒക്ടോബര്‍ 16: വാദംകേള്‍ക്കല്‍ അവസാനിപ്പിച്ച് കേസ് വിധി പറയാനായി മാറ്റി

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ayodhya verdict ram janmabhoomi babri masjid dispute case timeline